Skip to content
November 15, 2026
⌕

അമേരിക്കന്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നെങ്കിലും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാറിന്റെ പ്രത്യാഘാതങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി; പ്രതിസന്ധിക്ക് കാരണമായത് സൈബര്‍ ആക്രമണമല്ല, കാലപ്പഴക്കം ചെന്ന ഉപകരണങ്ങളുടെ പരാജയം. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ പഴയ സംവിധാനം പൂര്‍ണ്ണമായി ഉടച്ചുവാര്‍ക്കാന്‍ കോണ്‍ഗ്രസ് 50 ബില്യണ്‍ ഡോളര്‍ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യം

November 14, 2026
Share this post to

വാഷിംഗ്ടണ്‍: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന അമേരിക്കന്‍ വ്യോമാതിര്‍ത്തി പ്രാദേശിക സമയം രാത്രി 8:15-ഓടെ വീണ്ടും തുറന്നതായി ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി സ്ഥിരീകരിച്ചുവെങ്കിലും, വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും സാധാരണ നിലയിലാകാന്‍ സമയമെടുക്കുമെന്നും ഈ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


കണ്‍ട്രോള്‍ സെന്ററുകളും ട്രാക്കോണ്‍ സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമായെങ്കിലും ലഭ്യമായ വിഭവങ്ങള്‍ക്കനുസരിച്ച് മാത്രമേ വിമാന ഗതാഗതം പുനഃക്രമീകരിക്കാന്‍ കഴിയൂ എന്നും, വാരാന്ത്യത്തിലെ വിമാന സര്‍വീസുകള്‍ ക്രമീകരിച്ച് കാര്യങ്ങള്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.


പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:36-നാണ് രാജ്യത്തുടനീളമുള്ള റഡാര്‍, ആശയവിനിമയ സംവിധാനങ്ങളില്‍ അസ്ഥിരത അനുഭവപ്പെട്ടതെന്നും, റൂട്ടറുകളില്‍ അമിതമായ ഡാറ്റാ പ്രവാഹമുണ്ടാവുകയും ഡാറ്റയില്‍ പൊരുത്തക്കേടുകള്‍ രേഖപ്പെടുത്തുകയും ചെയ്തതോടെ സുരക്ഷ മുന്‍നിര്‍ത്തി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയായിരുന്നുവെന്നും സംഭവത്തിന്റെ നാള്‍വഴികള്‍ വിശദീകരിച്ചുകൊണ്ട് ഡഫി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അടുത്തിടെ സ്ഥാപിച്ച പുതിയ ഉപകരണങ്ങളല്ല, മറിച്ച് അങ്ങേയറ്റം കാലപ്പഴക്കം ചെന്ന പഴയ ഉപകരണങ്ങളാണ് തകരാറിലായതെന്നും, സ്വിച്ചുകളിലെ അമിതഭാരം കുറച്ച് ശൃംഖലകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


സംഭവത്തിന് പിന്നില്‍ സൈബര്‍ ആക്രമണമോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്രമണമോ നടന്നതായി യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും, അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെങ്കിലും അത്തരമൊരു ആക്രമണത്തിന്റെ സൂചനകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ വ്യക്തമാക്കി.


കാലപ്പഴക്കം ചെന്ന റൂട്ടറുകളും സംവിധാനങ്ങളും ഒരു ‘ദേശീയ സുരക്ഷാ ഭീഷണി’ ആണെന്നും അത്യാധുനിക എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം നിര്‍മ്മിക്കുന്നതിനായി കോണ്‍ഗ്രസ് അടിയന്തരമായി 50 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്നും ഡഫി ആവശ്യപ്പെട്ടു.

ഗതാഗത സംവിധാനം പൂര്‍ണ്ണമായി ഉടച്ചുവാര്‍ത്തില്ലെങ്കില്‍ ഭാവിയിലും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, ആശയവിനിമയത്തില്‍ ഇടയ്ക്കിടെ തടസ്സങ്ങളുണ്ടാവുകയും വിമാനങ്ങളെ കൃത്യമായി നിരീക്ഷിക്കാനോ ബന്ധപ്പെടാനോ കഴിയാതെ വരികയും ചെയ്യുന്നത് ഒരു തരത്തിലും അനുവദിക്കാനാവാത്ത സുരക്ഷാ വീഴ്ചയായതിനാലാണ് വിമാനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്നും വ്യക്തമാക്കി.

 

Get more updates from Pudukad News on Google