Skip to content
November 15, 2026
⌕

ക്ഷേത്രങ്ങളിൽ നിന്ന് മാറ്റുന്ന വാജിവാഹനങ്ങളും ലോഹവസ്തുക്കളും തന്ത്രിമാർക്ക് അവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതി. ദൈവത്തിനായി സമർപ്പിക്കുന്ന സ്വത്തുക്കൾ ദേവതയുടേത് മാത്രം. പൂജാകർമ്മങ്ങൾ നിർവഹിക്കുന്നതുകൊണ്ട് ഉടമസ്ഥാവകാശം ലഭിക്കില്ലെന്നും ദേവസ്വം ബെഞ്ച്. അഖില തന്ത്രി പ്രചാരക സഭയുടെ ഹർജി തള്ളി

November 14, 2026
Share this post to

കൊച്ചി: ക്ഷേത്രങ്ങളിലെ ആചാരപരമായ ചടങ്ങുകൾക്ക് ശേഷം മാറ്റപ്പെടുന്ന വാജിവാഹനങ്ങളും മറ്റ് ലോഹവസ്തുക്കളും തന്ത്രിമാർക്ക് അവകാശപ്പെട്ടതാണെന്ന് കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി.

ദൈവത്തിനായി സമർപ്പിക്കപ്പെടുന്ന സ്വത്തുക്കൾ പൂർണ്ണമായും ദേവതയുടേതാണെന്നും, ക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ നിർവഹിക്കുന്നു എന്നതുകൊണ്ട് മാത്രം തന്ത്രിമാർക്ക് അതിൽ യാതൊരുവിധ ഉടമസ്ഥാവകാശവും ലഭിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

അഖില തന്ത്രി പ്രചാരക സഭ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ സുപ്രധാന വിധി.

ക്ഷേത്രങ്ങളിലെ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കുമ്പോൾ, അതിനുമുകളിൽ ഉണ്ടായിരുന്ന വാജിവാഹനം പോലുള്ള ലോഹവസ്തുക്കൾ തന്ത്രിക്ക് ദാനമായോ അല്ലാതെയോ ലഭിക്കാൻ അർഹതയുണ്ടെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം.

 ‘തന്ത്രസമുച്ചയം’ എന്ന ആചാരഗ്രന്ഥത്തിലെ വിധിപ്രകാരമുള്ള ഈ പാരമ്പര്യ അവകാശം തടയാൻ ദേവസ്വം ബോർഡിന് അധികാരമില്ലെന്നും ഹർജിക്കാർ വാദിച്ചിരുന്നു. തന്ത്രിമാരുടെ സംഘടന നൽകിയ നിവേദനം പരിഗണിച്ചാണ് ഇതുമായി ബന്ധപ്പെട്ട് 2012-ൽ സർക്കുലർ പുറത്തിറക്കിയതെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

എന്നാൽ ഹർജിക്കാരുടെ വാദങ്ങൾ കോടതി പൂർണ്ണമായും തള്ളിക്കളഞ്ഞു. ക്ഷേത്രഭരണത്തിലെ ആചാരപരവും മതപരവുമായ കാര്യങ്ങളിൽ തന്ത്രിക്ക് അധികാരമുണ്ടെങ്കിലും,

ദൈവത്തിന്റെ വകയായുള്ള സ്വത്തുക്കളുടെ ഉടമസ്ഥതയോ അവ എടുക്കാനോ വിനിയോഗിക്കാനോ ഉള്ള അവകാശമോ ആയി ആ അധികാരത്തെ വ്യാപിപ്പിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

മതപരമായ ചടങ്ങുകൾ നടത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള തന്ത്രിയുടെ അധികാരത്തെ, ദൈവത്തിന്റെ സ്വത്ത് സ്വന്തമാക്കാനോ കൈകാര്യം ചെയ്യാനോ ഉള്ള അവകാശത്തിൽ നിന്നും വേറിട്ടു കാണേണ്ടതുണ്ടെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.

 

Get more updates from Pudukad News on Google