പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഐ എ കെ ചിൽഡ്രൻസ് ഫോറത്തിന്റെ ബീച്ച് ക്ലീനിംഗ്

കുവൈറ്റ് സിറ്റി: കുട്ടികളുടെ ദിനാഘോഷത്തോടനുബന്ധിച്ച് ഇടുക്കി അസോസിയേഷൻ ഐ എ കെ ചിൽഡ്രൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബീച്ച് ക്ലീനിംഗ് ശ്രദ്ധേയമായി. “ONE PLANET. ONE PROMISE. – KIDS ON A MISSION, WE STAND FOR TOMORROW!” എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച പരിപാടിയിൽ ഐ. എ. കെ. കുടുംബത്തിലെ നിരവധി കുട്ടികൾ മാതാപിതാക്കളോടൊപ്പം പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രാധാന്യം പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഉദ്യമം.

ഐ. എ. കെ. പ്രസിഡന്റ് അനീഷ് പ്രഭാകരൻ, ജനറൽ സെക്രട്ടറി ജോൺലി തുണ്ടിയിൽ, ട്രഷറർ ബിജോ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചിൽഡ്രൻസ് ഫോറം ഭാരവാഹികളും വനിതാ ഫോറം പ്രതിനിധികളും പരിപാടിക്ക് നേതൃത്വം നൽകി.
മുൻ പ്രസിഡന്റും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജോബിൻസ് ജോസഫ് കുട്ടികൾക്ക് സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തിയെക്കുറിച്ചും പ്രചോദനാത്മകമായ സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്നും ശുചിത്വമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിൽ കുട്ടികൾക്കും നിർണായക പങ്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചിൽഡ്രൻസ് ഫോറം കൺവീനർ ഗ്രൈസ ഉസേപ്പച്ചൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് അനീഷ് പ്രഭാകരൻ, ജനറൽ സെക്രട്ടറി ജോൺലി തുണ്ടിയിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ബിനു ആഗ്നൽ, മുതിർന്ന അംഗവും മുൻ പ്രസിഡന്റും നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജിജി മാത്യു, മുൻ പ്രസിഡന്റ് അബിൻ തോമസ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.

കുട്ടികളുടെ ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് നൽകുന്ന വലിയ സന്ദേശത്തെയും ഭാവിതലമുറയിൽ സാമൂഹിക പ്രതിബദ്ധത വളർത്തേണ്ടതിന്റെ ആവശ്യകതയെയും അവർ എടുത്തുപറഞ്ഞു.
വൈസ് പ്രസിഡന്റ് ഷിജു ബാബു, സെക്രട്ടറി ടെറൻസ് ജോസ് എന്നിവർ പരിപാടിയുടെ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു. ജോയിന്റ് കൺവീനർമാരായ ആഞ്ചല ആഗ്നൽ, റിച്ച എൽസ ബിജോ എന്നിവർ നന്ദി രേഖപ്പെടുത്തി.
വെറുമൊരു കടൽത്തീര ശുചീകരണം എന്നതിലുപരി കുട്ടികളിൽ പരിസ്ഥിതി സൗഹൃദ മനോഭാവവും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തിയെടുക്കുന്നതിനുള്ള മികച്ചൊരു അനുഭവപാഠമായി പരിപാടി മാറി. മാതാപിതാക്കളോടൊപ്പം കുട്ടികൾ നേരിട്ട് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത് കുടുംബങ്ങളിലൂടെ സമൂഹത്തിലേക്ക് നല്ല മാതൃക പകരാനും സഹായിച്ചു.

പ്രകൃതിയെ സംരക്ഷിക്കുക എന്നത് നാളെയ്ക്കായി കാത്തുവെക്കുന്ന ഒരു വാഗ്ദാനമല്ല, മറിച്ച് ഇന്ന് നാം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് “ഒന്നിച്ച് മുന്നേറാം… നന്മയുടെ വഴിയിലൂടെ” എന്ന ഐ. എ. കെ. യുടെ ആപ്തവാക്യം അന്വർത്ഥമാക്കുന്നതായിരുന്നു ഈ കൂട്ടായ്മ.




