മെക്സിക്കൻ മയക്കുമരുന്ന് മാഫിയയുടെ തലവൻ മിഗ്വേൽ ഫെലിക്സ് ഗല്ലാർഡോ അന്തരിച്ചു; മരണം 80-ാം വയസിൽ | Miguel Angel Felix Gallardo death

മെക്സിക്കോയിലെ ആദ്യകാല വൻ മയക്കുമരുന്ന് കടത്ത് സംഘങ്ങളിലൊന്നായ ഗ്വാഡലഹാര കാർട്ടലിന്റെ സ്ഥാപകൻ മിഗ്വേൽ ആഞ്ചൽ ഫെലിക്സ് ഗല്ലാർഡോ അന്തരിച്ചു. 80 വയസായിരുന്നു. പതിറ്റാണ്ടുകളായി ജയിലിൽ കഴിഞ്ഞിരുന്ന അദ്ദേഹം ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പടിഞ്ഞാറൻ മെക്സിക്കോയിലെ ഗ്വാഡലഹാര നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗല്ലാർഡോയ്ക്ക് ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലച്ചതായും ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മരണം സംഭവിച്ചതായും പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. (Miguel Angel Felix Gallardo death)
1970കളിലും 1980കളിലും മെക്സിക്കോയിലെ മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഗല്ലാർഡോ. ‘ബോസ് ഓഫ് ബോസസ്’ എന്ന പേരിലും അറിയപ്പെട്ടിരുന്ന ഗല്ലാർഡോ, കൊളംബിയൻ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുകയും അമേരിക്കയിലേക്ക് വൻതോതിൽ കൊക്കെയ്ൻ എത്തിക്കുന്ന ശൃംഖല രൂപപ്പെടുത്തുകയും ചെയ്തു. പാബ്ലോ എസ്കോബാറിന്റെ മെഡലിൻ കാർട്ടലുമായും ബന്ധമുണ്ടായിരുന്നു. കൈക്കൂലിയിലൂടെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉറപ്പാക്കിയായിരുന്നു സംഘത്തിന്റെ പ്രവർത്തനമെന്നും റിപ്പോർട്ടുകളുണ്ട്.
1946ൽ സിനലോവ സംസ്ഥാനത്തെ കുലിയാക്കാനിലായിരുന്നു ജനനം. ആദ്യകാലത്ത് പൊലീസ് ഉദ്യോഗസ്ഥനായും പ്രാദേശിക ഗവർണറുടെ സുരക്ഷാ ജീവനക്കാരനായും ജോലി ചെയ്തിരുന്നു. പിന്നീട് ഗ്വാഡലഹാര കേന്ദ്രീകരിച്ച് കാർട്ടൽ രൂപീകരിച്ചു. ലഹരിക്കടത്ത് മേഖലയിൽ സ്വാധീനം വർധിച്ചതോടെ മെക്സിക്കോയിലെ ഏറ്റവും കുപ്രസിദ്ധരായ കുറ്റവാളികളിലൊരാളായി മാറി. 1989ൽ അറസ്റ്റിലായ ഗല്ലാർഡോയ്ക്ക് മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് കേസുകളിൽ 40 വർഷം തടവുശിക്ഷ ലഭിച്ചു. 1985ൽ അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) ഉദ്യോഗസ്ഥൻ എൻറിക്വെ ‘കിക്കി’ കാമറേനയെയും മെക്സിക്കൻ പൈലറ്റ് ആൽഫ്രെഡോ സവാല അവെലാറിനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലും പിന്നീട് വിചാരണ നേരിട്ടു. 2017ൽ ഈ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 37 വർഷം കൂടി തടവുശിക്ഷ വിധിച്ചു. എന്നാൽ കൊലപാതകങ്ങളിൽ തനിക്ക് പങ്കില്ലെന്നായിരുന്നു ഗല്ലാർഡോയുടെ നിലപാട്.
ആരോഗ്യം മോശമായതിനെ തുടർന്ന് അവസാന വർഷങ്ങളിൽ കാഴ്ചശക്തിയും കേൾവിശക്തിയും കുറഞ്ഞ ഗല്ലാർഡോയ്ക്ക് സ്വയം നടക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. 2021ൽ ജയിലിൽവെച്ച് ടെലിമുണ്ടോയ്ക്ക് നൽകിയ അഭിമുഖത്തിലും താൻ നിരപരാധിയാണെന്ന് അദ്ദേഹം ആവർത്തിച്ചിരുന്നു. ഗല്ലാർഡോയുടെ ജീവിതവും കുറ്റകൃത്യലോകത്തെ വളർച്ചയും തകർച്ചയും 2018ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് പരമ്പരയായ ‘നാർക്കോസ്: മെക്സിക്കോ’യിലും അവതരിപ്പിച്ചിട്ടുണ്ട്.
Summary: Miguel Ángel Félix Gallardo, founder of Mexico’s Guadalajara Cartel, has died at 80 while receiving hospital treatment. He had been imprisoned since 1989 and was convicted in connection with the 1985 murders of a US DEA agent and a Mexican pilot.




