Skip to content
November 17, 2026
⌕

സഹകരണ നിക്ഷേപകർക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കും; സപ്ലൈകോയെ ലാഭകരമാക്കാൻ പുതിയ പദ്ധതി: മുഖ്യമന്ത്രി

November 17, 2026
Share this post to

കൊച്ചി: സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണ്ണമായ നിക്ഷേപ ഗ്യാരണ്ടി ഉറപ്പാക്കുന്നതിനുള്ള ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. സംസ്ഥാന സഹകരണ വകുപ്പിന്റെയും സംസ്ഥാന സഹകരണ യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ കളമശ്ശേരി സംറ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. നിലവിലുള്ള അഞ്ചു ലക്ഷം രൂപയുടെ ഗ്യാരണ്ടി ബാങ്ക് ലിക്വിഡേഷൻ നടപടികളിലേക്ക് കടന്നശേഷമാണ് ലഭ്യമാകുന്നത്. ഇത് നിക്ഷേപകർക്ക് മതിയായ സുരക്ഷിതത്വബോധം നൽകുന്നില്ല. ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽ നിക്ഷേപങ്ങൾക്ക് ലഭിക്കുന്നതിനു സമാനമായ ഉറപ്പ് സഹകരണ മേഖലയിലും ഉണ്ടാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. പെൻഷൻ തുക, വിരമിക്കൽ ആനുകൂല്യങ്ങൾ, ഭൂമി വിറ്റുകിട്ടുന്ന പണം എന്നിവയാണ് പലരും സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്നത്. ജനങ്ങളുടെ പണം സംരക്ഷിക്കുന്നതിൽ സർക്കാർ യാതൊരു വിട്ടവീഴ്ചയും ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സപ്ലൈകോയെ കൂടുതൽ വരുമാനം നേടുന്ന സ്ഥാപനമാക്കി മാറ്റാൻ പുതിയ നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. കാർഷിക വിളവെടുപ്പ് കാലത്ത് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ സംഭരിച്ച് വലിയ സംഭരണശാലകളിൽ സൂക്ഷിക്കുന്ന രീതി നടപ്പിലാക്കണം. ആദ്യഘട്ടത്തിൽ 13 സബ്‌സിഡി സാധനങ്ങളിൽ 5 എണ്ണം തിരഞ്ഞെടുത്ത് ഈ പദ്ധതി നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ വെറുതെ കെട്ടിക്കിടക്കാതെ വിപണിയിൽ പുനഃചംക്രമണം നടത്തി കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങൾ സൃഷ്ടിക്കണം. സപ്ലൈകോ സംഭരണശാലകൾ സ്ഥാപിക്കുന്നത് പോലുള്ള പദ്ധതികളിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് പങ്കാളിയാകാം. നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശയടക്കം പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന രീതിയിലായിരിക്കണം ഇത്.

സഹകരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ സ്വന്തം നിലയിൽ പരിശോധന നടത്തണം. സഹകരണ സ്ഥാപനങ്ങളിലേക്ക് ആരെ നിയോഗിക്കണമെന്ന കാര്യത്തിൽ കർശനമായ സൂക്ഷ്മ പരിശോധന ആവശ്യമാണ്. മുൻകാല സഹകാരികളുടെ സത്യസന്ധതയും പാരമ്പര്യവും തിരികെ കൊണ്ടുവരണം.

സഹകരണ മേഖല ബാങ്കിങ് പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ല. വ്യവസായം, തൊഴിൽ, ആതുരശുശ്രൂഷ, നിർമാണം തുടങ്ങിയ മേഖലകളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹകരണ പ്രസ്ഥാനത്തിന് കഴിയണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ സെമിനാറിന്റെ ഉദ്ഘാടനവും ലോഗോ തയ്യാറാക്കിയ പറവൂർ സഹകരണ കോളേജ് വിദ്യാർത്ഥി കെ. എസ്. അനന്ദുവിനുള്ള സമ്മാനദാനവും നിർവഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ, എം.പി.മാരായ ഹൈബി ഈഡൻ, ബെന്നി ബെഹന്നാൻ, ഫ്രാൻസിസ് ജോർജ്, എം.എൽ.എ.മാരായ മനോജ് മൂത്തേടൻ, അൻവർ സാദത്ത്, ടോണി ചമ്മിണി, ദീപക് ജോയി, ടി. ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമാൽ മണക്കാടൻ, സഹകരണ സംഘം രജിസ്ട്രാർ അനു എസ്. നായർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Get more updates from Pudukad News on Google