യുക്രെയ്ൻ യുദ്ധത്തിൽ സ്റ്റാർലിങ്ക് തടസ്സപ്പെട്ടത് പാഠം; പ്രതിരോധത്തിന് സ്വയംപര്യാപ്ത ബഹിരാകാശ ശേഷി വേണമെന്ന് സിഡിഎസ് | India’s self-reliant space capabilities

ദില്ലി: ഭാവിയിലെ യുദ്ധങ്ങളിൽ ഇന്ത്യയുടെ പ്രതിരോധശേഷി ഉറപ്പാക്കാൻ സ്വന്തമായ ബഹിരാകാശ സാങ്കേതികവിദ്യയും ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി. യുക്രെയ്ൻ യുദ്ധത്തിനിടെ സ്റ്റാർലിങ്ക് സേവനങ്ങൾ തടസ്സപ്പെട്ടത് വിദേശ സംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്നതിന്റെ അപകടസാധ്യത വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. (India’s self-reliant space capabilities)
ഡൽഹിയിൽ നടന്ന എഎൻഐ ദേശീയ സുരക്ഷാ ഉച്ചകോടി 3.0ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക യുദ്ധങ്ങളിൽ ബഹിരാകാശ സംവിധാനങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ഉപഗ്രഹ അധിഷ്ഠിത നിരീക്ഷണം, രഹസ്യാന്വേഷണം, ആശയവിനിമയം, കൃത്യമായ നാവിഗേഷൻ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ ശേഷി വർധിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്ൻ യുദ്ധത്തിൽ സ്റ്റാർലിങ്ക് സേവനങ്ങൾ തടസ്സപ്പെടുകയോ പ്രവർത്തനശേഷി കുറയുകയോ ചെയ്തതോടെ യുക്രെയ്ന്റെ ദീർഘദൂര ഡ്രോണുകളുടെ കാര്യക്ഷമത കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിൽ ശത്രുരാജ്യങ്ങൾ ഇന്ത്യയുടെ ബഹിരാകാശ സംവിധാനങ്ങളുടെ ഉപയോഗം തടയാൻ ശ്രമിച്ചേക്കാമെന്നും അതിനാൽ ഐഎസ്ആർഒയ്ക്കൊപ്പം സ്വകാര്യ കമ്പനികളുടെയും പങ്കാളിത്തത്തോടെ സ്വയംപര്യാപ്തമായ സംവിധാനങ്ങൾ വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബഹിരാകാശ ശേഷിക്ക് പുറമെ അഞ്ച് മേഖലകളിലാണ് ഇന്ത്യ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ജനറൽ രാജ സുബ്രഹ്മണി പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യ, ഡാറ്റയും അൽഗോരിതവും അടിസ്ഥാനമാക്കിയുള്ള യുദ്ധരീതികൾ, പ്രതിരോധ ഉൽപ്പാദനം, പഴയ സൈനിക സംവിധാനങ്ങളുടെ നവീകരണം, വിദഗ്ധ മനുഷ്യവിഭവശേഷിയുടെ വികസനം എന്നിവയാണവ.
നിർമിതബുദ്ധിയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ഡാറ്റ, കംപ്യൂട്ടിങ് ശേഷി, ഊർജം, വിദഗ്ധരുടെ ലഭ്യത എന്നിവ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്ന സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കാനാകുന്ന തരത്തിൽ വികസിപ്പിക്കണം. പഴയ ഉപകരണങ്ങൾ പൂർണമായി ഒഴിവാക്കാനാകാത്തതിനാൽ അവയിൽ എഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ കൂട്ടിച്ചേർത്ത് നവീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Chief of Defence Staff General NS Raja Subramani has called for self-reliant space capabilities, citing disruptions to Starlink services during the Ukraine war. He also highlighted defence manufacturing, AI, military modernisation and skilled manpower as key priorities for India’s future security.




