Skip to content
November 17, 2026
⌕

എസ്ഐയായ പിതാവിന്റെ കാക്കി കണ്ട് പോലീസിലെത്തിയ മകൻ. എംബിബിഎസും എംഡിയുമൊക്കെ ജയിച്ചിട്ടും കഠിനാധ്വാനം ചെയ്ത് ഐപിഎസ് നേടിയ ഡോക്ടർ. തലസ്ഥാനം കൈവെള്ളയെലെന്ന പോലെ അറിയുന്ന കമ്മീഷണർ ഡോ. അരുളിന്റെ അന്വേഷണ മികവ് തലസ്ഥാനത്തെ സ്വർണക്കൊള്ളയിലെ പ്രതികളെ 48 മണിക്കൂറിനകം അകത്താക്കി. മധുരയിൽ തനിഷ്ക് ജ്വല്ലറിക്കൊള്ളയ്ക്ക് തുമ്പുകിട്ടാൻ 14 ദിവസമെടുത്തുപ്പോൾ മികവു കാട്ടി കേരളാ പോലീസിന്റെ അന്വേഷണം. ചാല സ്വർണക്കൊള്ളയിലെ പോലീസിന്റെ മിന്നൽനീക്കങ്ങൾ സിനിമയെ വെല്ലുന്ന സസ്പെൻസ് ത്രില്ലർ

November 16, 2026
Share this post to

തിരുവനന്തപുരം: തലസ്ഥാന നഗര മദ്ധ്യത്തിലെ ചാലക്കമ്പോളത്തിലെ രണ്ടരക്കിലോ സ്വർണക്കവർച്ചയിൽ മിന്നൽ നീക്കത്തിലൂടെ മണിക്കൂറുകൾക്കകം പ്രതികളെ വയനാട്ടിൽ നിന്ന് പിടികൂടിയ സിറ്റി പോലീസ് കമ്മീഷണ‌ർ ഡോ. അരുൾ ആ‌ർ.ബി.കൃഷ്ണയ്ക്ക് അഭിനന്ദന പ്രവാഹമാണ്. 

തമിഴ്നാട്ടിൽ ടാറ്റയുടെ വൻകിട ജ്വല്ലറിയിലെ കോടികളുടെ കവർച്ചയിൽ 14 ദിവസത്തിനു ശേഷമാണ് തുമ്പുണ്ടായത്. എന്നാൽ തലസ്ഥാനത്ത് ജനിച്ചു വളർന്ന് ഇവിടത്തെ സ്‌പന്ദനങ്ങൾ അറിയുന്നയാളായ കമ്മീഷണർ അരുളിന്റെ ചടുലമായ നീക്കങ്ങളാണ് മെഗാ സ്വർണക്കൊള്ളയുടെ ചുരുളഴിച്ചത്. 


തലസ്ഥാനത്ത് എസ്.ഐയായിരുന്ന പിതാവ് ജി.ബി ബാലകൃഷ്‌ണനാണ് അരുളിന്റെ റോൾമോഡൽ. എം.ബി.ബി.എസ് നേടിയ ശേഷം പോലീസിന്റെ കാക്കിയിലേക്കെത്താൻ കഠിനാധ്വാനത്തിലൂടെ ഐ.പി.എസ് നേടിയ അരുളിന്റെ അന്വേഷണം സിനിമാക്കഥയേക്കാൾ സസ്പെൻസ് ത്രില്ലറാണ്.


ചാലയിലെ സ്വർണക്കൊള്ളയുടെ ചുരുളഴിച്ച അസാധാരണ അന്വേഷണത്തോടെ തലസ്ഥാന നഗരത്തിന്റെ സുരക്ഷാകവചമായി  സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ മാറിയെന്നാണ് സോഷ്യൽ മീഡിയ വാഴ്ത്തുന്നത്. 

dr arul rb krishna

നമ്പർ പോലുമില്ലാത്ത ബൈക്കിൽ തുടങ്ങി വയനാട്ടിലെ ഒളിത്താവള വളയൽ വരെയുള്ള ശാസ്ത്രീയ നീക്കങ്ങൾ പുറത്തുകൊണ്ടുവന്നത് നടുക്കുന്ന ബിസിനസ് ഗൂഢാലോചനയുടെ കഥയാണ്. 


ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള തിരക്കേറിയ വ്യാപാരകേന്ദ്രത്തിൽ നിന്ന് രാത്രിയിൽ ജ്വല്ലറി അടച്ചു മടങ്ങിയ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിനെ ആക്രമിച്ച് ഏകദേശം രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത സംഘത്തെ വെറും 48 മണിക്കൂറിനുള്ളിൽ പിടികൂടാൻ കഴിഞ്ഞത് പൊലീസിന്റെ ഇച്ഛാശക്തിയുടെയും ശാസ്ത്രീയ അന്വേഷണപാടവത്തിന്റെയും നേർസാക്ഷ്യമാണ്. 


അയൽജ്വല്ലറി ഉടമയുടെ ബിസിനസ് കുടിപ്പകയും ആസൂത്രിതമായ ക്വട്ടേഷനുമാണെന്ന് കണ്ടെത്തിയ അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ സിനിമാക്കഥകളെ വെല്ലുന്നതായിരുന്നു.

ഒരു കാരണവശാലൂം പോലീസ് പിടിക്കരുതെന്ന് ഉറപ്പിച്ചായിരുന്നു കവർച്ചയുടെ ആസൂത്രണം. ഇതിനായി മുന്നൊരുക്കങ്ങളും ട്രയൽ റണ്ണുമൊക്കെ നടത്തി. 

പ്രധാന പ്രതിയായ അമൂലിന്റെ ഉടമസ്ഥതയിലുള്ള പഴയശാലയിലെ ആറ്റുകാൽ ഗോൾഡ് ആൻഡ് സിൽവർ സ്ഥാപനത്തിലായിരുന്നു ഗൂഢാലോചന. 

കിട്ടുന്നത് തുല്യമായി വിഭജിക്കുമെന്നായിരുന്നു മോഷണ സംഘത്തിനുള്ള വാഗ്ദാനം. കവർച്ചാപദ്ധതിയിലെ ഓരോ ഘട്ടവും ഓരോ ടീമിനെയാണ് ഏൽപ്പിച്ചത്. 


പരിസര നിരീക്ഷണം, കവർച്ച നടപ്പാക്കൽ, കവർച്ചയ്‌ക്ക് ശേഷം രക്ഷപ്പെടുന്നതിനുള്ള വാഹനം ഒരുക്കൽ, പോകുന്ന സ്ഥലത്തേക്കുള്ള സംവിധാനം, പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള യാത്ര എന്നിങ്ങനെ വിശദമായ പ്ലാനായിരുന്നു തയ്യാറാക്കിയത്. 


കവർച്ചയ്‌ക്ക് ഉപയോഗിച്ച വാഹനത്തിന്റെ മോഡൽ തിരിച്ചറിഞ്ഞ പൊലീസ്, സമാനമായ ഹോണ്ട വാഹനം കൈവശമുള്ളവരുടെ വിവരം ശേഖരിച്ചപ്പോഴാണ് പ്രതികളിലൊരാളായ ഷാഡോ അനിലിനെക്കുറിച്ച് സംശയം തോന്നിയത്. 

chala gold loot case

മുമ്പ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു അനിൽ. അങ്ങനെയാണ് അനിലിന്റെ ഫോൺ നമ്പർ തപ്പിയത്. ഷാഡോ അനിലിന്റെ വാട്സ്ആപ്പ് ഡി.പി ചിത്രത്തിൽ കവർച്ചയ്‌ക്ക് ഉപയോഗിച്ച് ഹോണ്ട സി.ബി 350 വാഹനം കണ്ടതോടെയാണ് വാഹനം ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പിച്ചത്. തുടർന്ന് ഫോൺ നമ്പർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

കവർച്ച നടത്തിയ ശേഷം പ്രതികൾ ബൈക്കുമായി പാപ്പനംകോട് വരെ പോയി. അവിടെ ബൈക്ക് ഉപേക്ഷിച്ച് അനൂപിന്റെ കാറിൽ കയറി. ഇവർ വരുന്നതും കാത്ത് അനൂപ് അവിടെ ഉണ്ടായിരുന്നു. 


തുടർന്ന് തമിഴ്നാട്ടിലേക്കായിരുന്നു യാത്ര. ടോൾ ബൂത്തുകൾ വഴി ഇവരുടെ യാത്ര പൊലീസ് അറിയുന്നുണ്ടായിരുന്നു. അന്വേഷണ വിവരം നാട്ടിലെ കൂട്ടുപ്രതികളിൽ നിന്ന് ലഭിച്ചതോടെ സംഘം ബംഗളൂരുവിലേക്ക് കടന്നു. അവിടെ നിന്ന് വയനാട്ടിലെത്തി. 


വിനോദ സഞ്ചാരത്തിനെത്തിയതാണെന്ന വ്യാജേന റിസോർട്ടിൽ ജോലിചെയ്യുന്ന പരിചയക്കാരനായ രാജീവിനെ വിളിച്ച് മുറി ആവശ്യപ്പെട്ടു. രാജീവിനൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴാണ് പൊലീസ് കാർ വളഞ്ഞ് പ്രതികളെ പിടികൂടുന്നത്. 

അതേസമയം നന്ദകുമാർ നൽകിയ വിവരമനുസരിച്ച് ജയറാമും അമുലും പൊലീസിന്റെ നിരീക്ഷണത്തിലായി. കവർച്ച നടന്ന ദിവസങ്ങളിലും അതിനുശേഷവും ജയറാമും അമുലും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

ഇവരുടെ കോൾ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് കവർച്ചാ സംഘവുമായുള്ള ബന്ധം വ്യക്തമായത്. എന്നാൽ കവർച്ചാ സംഘത്തെ വയനാട്ടിൽ നിന്ന് പിടികൂടുന്നതുവരെ ഇവരെ പൊലീസ് തൊട്ടില്ല. 


പ്രതികൾ അറസ്റ്റിലായതോടെ ചോദ്യം ചെയ്‌ത് വ്യക്തത വരുത്തിയ ശേഷമാണ് അമുലിനെയും ദിലീപിനെയും ജയറാമിനെയും അറസ്റ്റുചെയ്‌തത്. ഇതെല്ലാം പോലീസിന്റെ തന്ത്രങ്ങളായിരുന്നു.


തുടക്കത്തിൽ പൊലീസിന് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രതികളുടെ മുഖമോ ഉപയോഗിച്ച വാഹനത്തിന്റെ നമ്പറോ വ്യക്തമാകാത്ത സിസിടിവി ദൃശ്യങ്ങളായിരുന്നു. 

എന്നാൽ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണയുടെ നേരിട്ടുള്ള മേൽനോട്ടത്തിലും കർശന ഏകോപനത്തിലും കാര്യങ്ങൾ അതിവേഗം മാറിമറിഞ്ഞു. 

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ സ്വന്തം കുടുംബത്തോടൊപ്പം താമസിക്കുന്ന, നഗരത്തിന്റെ പൾസ് കൃത്യമായി അറിയുന്ന ചെമ്പകശ്ശേരിക്കാരനായ കമ്മീഷണർ ഉറക്കമിളച്ച് നടത്തിയ ഇടപെടലുകളാണ് അന്വേഷണത്തെ വഴിതിരിച്ചുവിട്ടത്. 

ദൃശ്യങ്ങളിൽ അവ്യക്തമായിരുന്ന ഹോണ്ട സിബി 350 ബൈക്കിന്റെ മാതൃകയും പ്രത്യേക നിറവും തിരിച്ചറിഞ്ഞ പൊലീസ്, നഗരത്തിലെ സമാനമായ മുന്നൂറോളം വാഹനങ്ങളിലേക്ക് അന്വേഷണം ചുരുക്കി. 


ഈ കൃത്യമായ മാതൃക കവർച്ചാ സംഘത്തെക്കുറിച്ചുള്ള ആദ്യ തുമ്പ് നൽകുകയായിരുന്നു. അനിൽ എന്നയാളുടെ പേരിലുള്ള ബൈക്കും തുടർന്ന് പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ‘കെഎൽ 05-എം 5606’ എന്ന കാറിന്റെ യാത്രയും ടോൾപിരിവ് കേന്ദ്രങ്ങളിലെ രേഖകളിലൂടെ പൊലീസ് കൃത്യമായി പിന്തുടർന്നു.


കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ കർശനമായ വാഹന പരിശോധനയിലൂടെ വയനാട്ടിലെ പടിഞ്ഞാറത്തറയിലും ലക്കിടിയിലുമുള്ള ഒളിത്താവളങ്ങളിൽ വെച്ച് കേരള പോലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.  

കൊള്ളയുടെ പിന്നിലെ യഥാർത്ഥ കാരണം തേടിയുള്ള പൊലീസിന്റെ യാത്രയിലാണ് നഗരത്തെ ഞെട്ടിച്ച മറ്റ് സത്യങ്ങൾ പുറത്തുവന്നത്. 

വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിൽ അസൂയപൂണ്ട മാളവിക ജ്വല്ലറി ഉടമ ജയറാം, അയൽവ്യാപാരിയെ സാമ്പത്തികമായി തകർക്കാൻ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ഈ ആക്രമണത്തിൽ കലാശിച്ചത്. 

സ്വർണ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട ഏജന്റായ അമൂലിനെ മുൻനിർത്തി, ആറ്റുകാൽ ഗോൾഡ് സർവീസ് കേന്ദ്രം കേന്ദ്രീകരിച്ച് പ്രതികൾ പദ്ധതി മെനയുകയായിരുന്നു. 


കവർച്ചയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് ജ്വല്ലറിയിലെത്തി സാഹചര്യങ്ങൾ നിരീക്ഷിച്ചും, കൃത്യസമയത്ത് വിവരം കൈമാറിയും പ്രതികൾ നടത്തിയ ആസൂത്രണം പൊലീസിന്റെ മുന്നിൽ പാളുകയായിരുന്നു.


തലസ്ഥാനം കൈവെള്ളയിലെന്ന പോലെ അറിയുന്നയാളാണ് ഡോ.അരുൾ. ഇതാണ് അന്വേഷണത്തിലും നിർണായകമാത്. 

dr. arul rb krishna

ക്രൈസ്റ്റ്നഗർ, പെരുന്താന്നി സ്കൂളുകളിലെ പഠനത്തിനു ശേഷം ആർട്സ് കോളേജിൽ പ്രീഡിഗ്രി. 2000ൽ അവസാന പ്രീഡിഗ്രി ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു. കൊച്ചി സഹകരണ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പഠനത്തിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദപഠനത്തിനും ശേഷമാണ് ഐ.പി.എസിലെത്തിയത്.  

2012-ലെ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ 125-ാം റാങ്കും സംസ്ഥാനതലത്തിൽ എട്ടാം റാങ്കും നേടി സിവിൽ സർവീസിലെത്തിയ ഡോ.അരുളിന്റെ അന്വേഷണ മികവാണ് മെഗാ സ്വർണക്കൊള്ളയിൽ കാണുന്നത്.

Get more updates from Pudukad News on Google