ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ല; മസ്തിഷ്കാഘാതത്തിനും ഹൃദയാഘാതത്തിനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഭാര്യ ബുഷ്റ ബീവിക്ക് കാഴ്ച നഷ്ടപ്പെടാൻ സാധ്യത. ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടിയന്തര ചികിത്സ തേടി രംഗത്ത്

ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് തനിക്കും ഭാര്യ ബുഷ്റ ബീവിക്കും അടിയന്തര വൈദ്യസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
ഇരുവരുടെയും ആരോഗ്യനില അതീവ ഗുരുതരമായി വഷളായിക്കൊണ്ടിരിക്കുകയാണെന്നും അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കില്‍ താന്‍ ജീവനോടെ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി. അഭിഭാഷകനായ സല്മാന് സഫ്ദര്‍ പുറത്തുവിട്ട കത്തിലാണ് 74-കാരനായ ഇമ്രാന് ഖാന് തന്റെ ആശങ്കകള്‍ പങ്കുവെച്ചത്.
തനിക്ക് മസ്തിഷ്കാഘാതത്തിനും ഹൃദയാഘാതത്തിനും വലിയ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും തന്റെ ഹൃദയത്തിന് ഇതിനോടകം തന്നെ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും ഖാന് കത്തില്‍ പറയുന്നു.
ജയില്‍ അധികൃതരുടെ അനാസ്ഥ കാരണം അദ്ദേഹത്തിന്റെ വലതുകണ്ണിന്റെ കാഴ്ച ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഏപ്രിലില്‍ റെറ്റിനയ്ക്ക് തകരാര്‍ സംഭവിച്ച ഭാര്യ ബുഷ്റ ബീവിയെ രഹസ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നും, തുടര്‍ചികിത്സ ലഭിച്ചില്ലെങ്കില്‍ അവരുടെ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടേക്കാമെന്നും ഖാന് ഭയപ്പെടുന്നു.
ദിവസവും 22 മണിക്കൂര്‍ വരെ തന്നെ ഏകാന്തതടവിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് ഇമ്രാന് ഖാന് ആരോപിച്ചു.
കുടുംബാംഗങ്ങളെ കാണാനോ പുസ്തകങ്ങളും ടെലിവിഷനും ഉപയോഗിക്കാനോ അനുവദിക്കുന്നില്ലെന്നും ഇത് തന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാല് തവണ മാത്രമാണ് അഭിഭാഷകരെ കാണാന്‍ സാധിച്ചത്. ‘ഞാന്‍ ജീവിച്ചിരുന്നാല്‍ മാത്രമേ എന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുകയുള്ളൂ,’ അദ്ദേഹം കത്തില്‍ കുറിച്ചു.
അതേസമയം, ഇമ്രാന് ഖാന്റെ ആരോപണങ്ങള്‍ പാകിസ്ഥാന് പാര്‍ലമെന്ററി കാര്യ മന്ത്രി താരിഖ് ഫസല്‍ ചൗധരി തള്ളിക്കളഞ്ഞു. ഇഷ്ടമുള്ള ഭക്ഷണമടക്കം എല്ലാ സൗകര്യങ്ങളും ഖാന് ജയിലില്‍ നല്‍കുന്നുണ്ടെന്നും പാകിസ്ഥാനിലെ ജയിലുകളില്‍ നിലവില്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്ന തടവുകാരന് അദ്ദേഹമാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആഴ്ചതോറും ഡോക്ടര്‍മാര്‍ ഖാനെ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ഇസ്ലാമാബാദിലെ അധികൃതരുടെ നിലപാട്. ഒരാഴ്ച മുമ്പ് കണ്ണിന് കുത്തിവയ്പ്പ് എടുക്കുന്നതിനായി അദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
നൂറിലധികം കേസുകളില്‍ പ്രതിയായ ഇമ്രാന് ഖാന് 2023 ഓഗസ്റ്റ് മുതല്‍ ജയിലിലാണ്. കഴിഞ്ഞ വര്‍ഷം ഭാര്യ ബുഷ്റ ബീവിയെയും ജയിലിലടച്ചു.
അഴിമതി മുതല്‍ സര്‍ക്കാര്‍ സമ്മാനങ്ങള്‍ വിറ്റഴിച്ചത് വരെയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഖാന്റെ വാദം. 2018 മുതല്‍ 2022 വരെ പാകിസ്ഥാന് പ്രധാനമന്ത്രിയായിരുന്ന ഖാന്റെ അറസ്റ്റിനെത്തുടര്‍ന്ന് 2023 മെയ് മാസത്തില്‍ രാജ്യത്ത് വന്‍തോതിലുള്ള അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
ജയിലിലാണെങ്കിലും പാക് രാഷ്ട്രീയത്തില്‍ ഇപ്പോഴും നിര്‍ണ്ണായക ശക്തിയായി തുടരുന്ന ഖാന്റെ മോചനം ആവശ്യപ്പെട്ട് ഒക്ടോബര്‍ ആദ്യവാരം ആയിരക്കണക്കിന് അനുയായികള്‍ തെരുവിലിറങ്ങിയിരുന്നു. ഇമ്രാന് ഖാന് കൃത്യമായ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റന്മാരും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ചിട്ടുണ്ട്.




