Skip to content
November 17, 2026
⌕

ന്യൂയോര്‍ക്ക് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റേത് ആത്മഹത്യയല്ല, മറിച്ച് പിന്നില്‍ നിന്ന് കഴുത്ത് ഞെരിച്ച് നടത്തിയ കൊലപാതകമാണെന്ന് പ്രമുഖ ഫോറന്‍സിക് വിദഗ്ധന്‍ പ്രൊഫസര്‍ മൈക്കല്‍ ഫ്രീമാന്‍; നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പോസ്റ്റ്മോര്‍ട്ടം ചിത്രങ്ങളിലെയും മെഡിക്കല്‍ എക്‌സാമിനറുടെ ഫയലുകളിലെയും തെളിവുകള്‍ പരിശോധിച്ച ശേഷം

November 17, 2026
Share this post to

ലണ്ടന്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ ജയിലിലെ മരണം ആത്മഹത്യയല്ല, മറിച്ച് കൊലപാതകമാണെന്ന് പ്രമുഖ ഫോറന്‍സിക് വിദഗ്ധന്‍ പ്രൊഫസര്‍ മൈക്കല്‍ ഫ്രീമാന്‍.

ന്യൂയോര്‍ക്ക് സിറ്റി മെഡിക്കല്‍ എക്‌സാമിനറുടെ ഫയലുകളും പോസ്റ്റ്മോര്‍ട്ടം ചിത്രങ്ങളും പരിശോധിച്ച ശേഷമാണ് എപ്സ്റ്റീനെ പിന്നില്‍ നിന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തില്‍ താനെത്തിയതെന്ന് അദ്ദേഹം ബി.ബി.സി ന്യൂസ്നൈറ്റിനോട് പറഞ്ഞു.

2019 ഓഗസ്റ്റ് 10-നാണ് ലൈംഗിക കടത്ത് കേസില്‍ വിചാരണ കാത്തുകഴിയുകയായിരുന്ന എപ്സ്റ്റീനെ ന്യൂയോര്‍ക്കിലെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


എപ്സ്റ്റീന്റേത് ആത്മഹത്യയാണെന്നും കൊലപാതകമാണെന്ന് തെളിയിക്കുന്ന പ്രതിരോധ മുറിവുകളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു 2019-ല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട്. 


അന്നത്തെ ചീഫ് മെഡിക്കല്‍ എക്‌സാമിനറായ ഡോ. ബാര്‍ബറ സാംപ്‌സണ്‍ തന്റെ കണ്ടെത്തലില്‍ ഉറച്ചുനില്‍ക്കുന്നതായി നേരത്തെ വ്യക്തമാക്കിയിരുന്നു.

മിനസോട്ടയിലെ ജോര്‍ജ് ഫ്‌ലോയിഡിന്റെ കസ്റ്റഡി മരണം ഉള്‍പ്പെടെയുള്ള കേസുകളില്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍മാര്‍ക്ക് വേണ്ടി മരണകാരണ വിദഗ്ധനായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഫ്രീമാന്‍. തിങ്കളാഴ്ച വൈകുന്നേരം ലണ്ടനില്‍ തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ച ശേഷമാണ് അദ്ദേഹം ഗവേഷണ റിപ്പോര്‍ട്ടും മെഡിക്കല്‍ എക്‌സാമിനറുടെ ഫയലുകളും പ്രസിദ്ധീകരിച്ചത്. 


എപ്സ്റ്റീന്റെ സഹോദരന്‍ മാര്‍ക്ക് എപ്സ്റ്റീന്‍ നല്‍കിയ ഫയലുകളും ചിത്രങ്ങളുമാണ് ഫ്രീമാന്‍ പരിശോധിച്ചത്. തന്റെ സഹോദരനെ കൊലപ്പെടുത്തിയതാണെന്ന് മാര്‍ക്ക് എപ്സ്റ്റീന്‍ തുടക്കം മുതല്‍ ആരോപിച്ചിരുന്നു. എന്നാല്‍, തന്റെ വിശകലനം സ്വതന്ത്രമാണെന്നും ഇതിനായി മാര്‍ക്ക് എപ്സ്റ്റീനില്‍ നിന്ന് പ്രതിഫലം വാങ്ങിയിട്ടില്ലെന്നും ഫ്രീമാന്‍ വ്യക്തമാക്കി.


എപ്സ്റ്റീന്റെ ഇടത് തോളില്‍ ആഴത്തിലുള്ള രക്തസ്രാവമുണ്ടായതിന്റെ ലക്ഷണങ്ങളും മുഖത്ത് അടിയേറ്റതിന് സമാനമായ പരിക്കുകളും ഉണ്ടെന്ന് ഫ്രീമാന്‍ ബി.ബി.സിയോട് പറഞ്ഞു. കയറോ തുണിയോ പോലുള്ള വസ്തു ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അതേ വസ്തു ഉപയോഗിച്ച് മൃതദേഹം ബങ്ക് ബെഡില്‍ കെട്ടിത്തൂക്കിയതാകാനാണ് സാധ്യതയെന്ന് അദ്ദേഹം വിലയിരുത്തുന്നു. 

കഴുത്തിലെ പാടിന് മുകളിലായി നഖം കൊണ്ടുള്ള പോറലുകള്‍ കാണുന്നുണ്ടെന്നും, പിന്നില്‍ നിന്ന് കഴുത്ത് ഞെരിക്കുമ്പോള്‍ അത് മാറ്റാന്‍ ഇര ശ്രമിച്ചതിന്റെ ലക്ഷണമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശരീരത്തിലെ പരിക്കുകളും മൃതദേഹം കണ്ടെത്തിയ രീതിയും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും കൊലപാതകമെന്ന സാധ്യത മാത്രമാണ് മുന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്ന കേസുകളില്‍ മൃതദേഹം താഴെയിറക്കുന്നതിന് മുമ്പ് ഫോട്ടോ എടുക്കേണ്ടതുണ്ടായിരുന്നുവെന്നും ഫ്രീമാന്‍ പറഞ്ഞു. എന്നാല്‍, എപ്സ്റ്റീനെ കണ്ടെത്തിയ ഉടന്‍ ജയില്‍ ഗാര്‍ഡ് മറ്റൊരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ മൃതദേഹം താഴെയിറക്കി പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ശ്രമിച്ചുവെന്നാണ് യു.എസ് നീതിന്യായ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. 


ആരാണ് എപ്സ്റ്റീനെ കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് തനിക്ക് അതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നായിരുന്നു ഫ്രീമാന്റെ മറുപടി. തന്റെ നിരീക്ഷണങ്ങള്‍ ഗൂഢാലോചനാ സിദ്ധാന്തങ്ങളല്ലെന്നും, തെളിവുകള്‍ എല്ലാവര്‍ക്കും പരിശോധിക്കാമെന്നും തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

Get more updates from Pudukad News on Google