
ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ചന്ദ്രനിലും ചൊവ്വയിലും മനുഷ്യവാസം സാധ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് നാസ. ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ ശാസ്ത്രലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഭക്ഷണലഭ്യതയ്ക്ക് പരിഹാരം കാണുന്നവർക്കായി 6.75 കോടി രൂപ (750,000 ഡോളർ) സമ്മാനത്തുക നാസ പ്രഖ്യാപിച്ചു. ഭൂമിയെ ആശ്രയിക്കാതെ ബഹിരാകാശത്ത് തന്നെ പോഷകസമൃദ്ധമായ ഭക്ഷണം ഉൽപ്പാദിപ്പിക്കാനുള്ള നൂതനമായ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് ഈ വൻ തുക വാഗ്ദാനം ചെയ്യുന്നതിലൂടെ നാസ ലക്ഷ്യമിടുന്നത്.
‘ഡീപ് സ്പേസ് ഫുഡ് ചലഞ്ച്: മാർസ് ടു ടേബിൾ’ എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ ആഗോള മത്സരത്തിൽ കേവലം കൃഷി മാത്രമല്ല നാസ ഉദേശിക്കുന്നത്. ഭക്ഷണം ഉൽപ്പാദിപ്പിക്കുക, അത് പാകം ചെയ്യുക, അവശിഷ്ടങ്ങൾ കാര്യക്ഷമമായി പുനരുപയോഗിക്കുക തുടങ്ങി സമഗ്രമായ ഒരു ‘ഫുഡ് സിസ്റ്റം’ വികസിപ്പിച്ചെടുക്കുന്നവർക്കാണ് ഈ പുരസ്കാരം ലഭിക്കുക. ബഹിരാകാശ സഞ്ചാരികൾക്ക് ദീർഘകാലം ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന ഈ പുതിയ കണ്ടെത്തലുകൾ ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളിൽ നിർണ്ണായകമാകും. എന്നാൽ ഇതിന് കുറച്ച് നിബന്ധനകൾ ഉണ്ട്… അവ നോക്കാം.
Also Read: ഹെഡ്ഫോൺ കേടായെന്ന് കരുതി ഇനി വലിച്ചെറിയേണ്ട; കണക്ഷൻ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതാ 6 എളുപ്പവഴികൾ
പ്രധാന നിബന്ധനകൾ താഴെ പറയുന്നവയാണ്
സ്വയംപര്യാപ്തത
ഭൂമിയിൽ നിന്നുള്ള യാതൊരുവിധ ബാഹ്യസഹായവുമില്ലാതെ സ്വതന്ത്രമായി ഭക്ഷണം ഉത്പാദിപ്പിക്കാൻ കഴിയുന്ന സംവിധാനമായിരിക്കണം ഇത്.
വിഭവങ്ങളുടെ പുനരുപയോഗം
ബഹിരാകാശ വാഹനങ്ങളിലെ പരിമിതമായ സാഹചര്യങ്ങളിൽ ലഭ്യമായ, റീസൈക്കിൾ ചെയ്ത വെള്ളവും വായുവും ഉപയോഗപ്പെടുത്തി വേണം ഭക്ഷണം തയ്യാറാക്കാൻ.
രുചിയും പോഷകഗുണവും
വെറും ഭക്ഷണം എന്നതിലുപരി, ബഹിരാകാശ സഞ്ചാരികളുടെ ശാരീരിക ആരോഗ്യം സംരക്ഷിക്കുന്ന പോഷകസമൃദ്ധവും മാനസിക സംതൃപ്തി നൽകുന്ന രുചികരവുമായ ഭക്ഷണമായിരിക്കണം.
Also Read: പൂട്ട് വീണു; എഐ വഴി ഇനി അശ്ലീല ചിത്രങ്ങൾ നിർമ്മിക്കാനാവില്ല
സാങ്കേതിക പൊരുത്തം
നിർമ്മിക്കുന്ന ഭക്ഷ്യസംവിധാനം നാസയുടെ നിലവിലെ ലൈഫ് സപ്പോർട്ട് സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ പൊരുത്തപ്പെടുന്നതും സുരക്ഷിതവുമായിരിക്കണം.
രജിസ്ട്രേഷനും സമയപരിധിയും
ഈ ചരിത്രപരമായ മത്സരത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് 2026 ജൂലൈ 31 വരെ രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ട്. ലോകമെമ്പാടുമുള്ള നൂതന ചിന്തകർക്കും ശാസ്ത്രജ്ഞർക്കും ഇതിൽ അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന എൻട്രികൾ വിശദമായി പരിശോധിച്ച ശേഷം 2026 സെപ്റ്റംബറിൽ നാസ വിജയികളെ പ്രഖ്യാപിക്കും. ഇലോൺ മസ്കിനെപ്പോലുള്ള പ്രമുഖർ ചൊവ്വയിൽ മനുഷ്യനഗരങ്ങൾ പണിയുന്നതിനെക്കുറിച്ച് സ്വപ്നം കാണുമ്പോൾ, ആ അന്യഗ്രഹ നഗരങ്ങളിലെ അടുക്കളകൾ ആര് നിയന്ത്രിക്കുമെന്ന് ഈ മത്സരം നിർണ്ണയിക്കും.
The post ചൊവ്വയിൽ എന്ത് കഴിക്കും? ഉത്തരം നൽകുന്നവർക്ക് 6.75 കോടി രൂപ! നാസയുടെ വമ്പൻ ചലഞ്ച് appeared first on Express Kerala.



