
മലപ്പുറം: എടക്കര പെരുങ്കുളത്ത് റബർ തോട്ടത്തിന് തീപിടിച്ച് ഒന്നര ഏക്കറോളം സ്ഥലത്തെ അടിക്കാടുകൾ പൂർണ്ണമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. റബർ തോട്ടത്തിന് പുറമെ, സമീപത്തായി അഞ്ച് കുടുംബങ്ങൾ വീട് നിർമ്മിക്കുന്നതിനായി വാങ്ങിയ സ്ഥലത്തേക്കും തീ പടർന്നുപിടിച്ചു. ശക്തമായ കാറ്റും കഠിനമായ ചൂടും തീ അണയ്ക്കുന്നതിന് വലിയ വെല്ലുവിളിയായി.
തീ പടരുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ എടക്കര പോലീസിനെയും ട്രോമ കെയർ പ്രവർത്തകരെയും വിവരമറിയിച്ചു. ഇൻസ്പെക്ടർ വി.കെ. കമറുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തീ പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. നിലമ്പൂരിൽ നിന്ന് കെ.പി. ബാബുരാജിന്റെ നേതൃത്വത്തിൽ അഗ്നിശമന സേന എത്തുന്നതിന് മുൻപ് തന്നെ പോലീസും ട്രോമാ കെയർ അംഗങ്ങളും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കിയിരുന്നു. ഹംസ പാലാങ്കര, ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ കൂടി ചേര്‍ന്നാണ് തീയണച്ചത്.
The post എടക്കരയിൽ റബർ തോട്ടത്തിന് തീപിടിച്ചു; ഒന്നര ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു appeared first on Express Kerala.



