Skip to content
November 20, 2026
⌕

പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വം. തിരിച്ചുവരവ് പാർട്ടി തീരുമാനിക്കട്ടെയെന്ന് കെ. മുരളീധരൻ. ബിജെപിയിലെ അന്തരീക്ഷം ശരിയല്ലെന്ന് തന്നോട് പറഞ്ഞിരുന്നതായും വെളിപ്പെടുത്തൽ

November 19, 2026
Share this post to

തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്ന് കെ. മുരളീധരൻ. ബിജെപി വിടാൻ പോകുന്ന കാര്യം പത്മജ തന്നോട് പറഞ്ഞിരുന്നെങ്കിലും അതിന്റെ കാരണങ്ങൾ വിശദീകരിച്ചിരുന്നില്ല.

ബിജെപിയിലെ അന്തരീക്ഷം ശരിയല്ലെന്ന് പറഞ്ഞിരുന്നതായും മുരളീധരൻ വ്യക്തമാക്കി. തുടർനടപടികൾ സംബന്ധിച്ച് കോൺഗ്രസ് സംസ്ഥാന നേതൃത്വമാണ് ഔദ്യോഗിക തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന് രണ്ടര വർഷത്തിന് ശേഷമാണ് പത്മജ വേണുഗോപാൽ പാർട്ടി അംഗത്വം രാജിവെച്ചത്. 


ബിജെപിയിൽ അർഹമായ പരിഗണന ലഭിക്കാത്തതാണ് രാജിക്ക് കാരണമെന്നാണ് സൂചന. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം സംസ്ഥാന ബിജെപി നേതാക്കൾ അനുനയ നീക്കത്തിന് ശ്രമിച്ചെങ്കിലും പത്മജ വഴങ്ങിയില്ല. തെറ്റ് തിരുത്തുകയാണെന്നാണ് രാജിക്ക് പിന്നാലെ പത്മജ പ്രതികരിച്ചത്.

ഭാവി രാഷ്ട്രീയ പരിപാടികൾ തീരുമാനിച്ചിട്ടില്ലെന്നും പിതാവ് കെ. കരുണാകരന്റെ ഓർമകളുമായി തൽക്കാലം മുന്നോട്ടുപോകുമെന്നുമാണ് പത്മജ വ്യക്തമാക്കിയത്. അതേസമയം, കോൺഗ്രസിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വാഗതം ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചിട്ടുണ്ട്.


പത്മജ ഭാവി പരിപാടികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോൺഗ്രസിലേക്കുള്ള മടക്കത്തിനുള്ള സാധ്യതകൾ സജീവമാണെന്നാണ് റിപ്പോർട്ടുകൾ.


എന്നാൽ പത്മജയുടെ കോൺഗ്രസ് പ്രവേശനത്തോട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട്. അതേസമയം, പത്മജയുടെ രാജി നിർഭാഗ്യകരമാണെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

Get more updates from Pudukad News on Google