കുന്നംകുളം കസ്റ്റഡി മർദനം: സുജിത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് | Kunnamkulam custodial assault

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനക്കേസിൽ ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു (Kunnamkulam custodial assault). സംസ്ഥാന സർക്കാരാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ നടപടി.
2023 ഏപ്രിൽ അഞ്ചിനാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽവെച്ച് സുജിത്തിന് പൊലീസുകാരുടെ മർദനമേറ്റത്. രണ്ടുവർഷത്തോളം നീണ്ട നിയമപോരാട്ടത്തിനുശേഷമാണ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സുജിത്തിന് പുറത്തുകൊണ്ടുവരാനായത്. ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
മർദനത്തിൽ പങ്കെടുത്ത എല്ലാവരെയും സർവീസിൽനിന്ന് പുറത്താക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അന്ന് സുജിത്ത് വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് വി.എം. സുധീരൻ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് പരാതി നൽകിയത്.
മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് നിയമപോരാട്ടത്തിനൊടുവിൽ
അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ സുജിത്തിനെ പൊലീസ് ജീപ്പിൽനിന്ന് ഇറക്കുന്നതും സ്റ്റേഷനുള്ളിൽ അർധനഗ്നനായി നിർത്തി പലതവണ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. കുനിച്ചുനിർത്തി മുതുകത്ത് കൈമുട്ടുകൊണ്ട് കൂട്ടമായി മർദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. മർദനത്തെത്തുടർന്ന് സുജിത്തിന്റെ കേൾവിശക്തിക്ക് ഭാഗികമായി തകരാറുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
വിവരാവകാശ കമ്മിഷന്റെ ഇടപെടൽ നിർണായകമായി
വിവരാവകാശ കമ്മിഷൻ അംഗം സോണിച്ചൻ ജോസഫിന്റെ ഇടപെടലിനെത്തുടർന്നാണ് സുജിത്തിന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. പൊലീസ് സ്റ്റേഷനിലും അസിസ്റ്റന്റ് കമ്മിഷണറുടെയും കമ്മിഷണറുടെയും ഓഫീസുകളിലും വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും അനുകൂല മറുപടി ലഭിച്ചിരുന്നില്ല. തുടർന്നാണ് സുജിത്ത് നേരിട്ട് വിവരാവകാശ കമ്മിഷനെ സമീപിച്ചത്.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നഷ്ടപരിഹാര ഉത്തരവ് കുന്നംകുളം കസ്റ്റഡി മർദനക്കേസിലെ തുടർനടപടികളിൽ നിർണായകമാണ്.
Story Summary:
The National Human Rights Commission has directed the Kerala government to pay ₹50,000 as compensation to Youth Congress leader Sujith, who was allegedly assaulted in police custody at Kunnamkulam station on April 5, 2023. The order followed a complaint filed by senior Congress leader V.M. Sudheeran. CCTV footage of the assault was obtained after a prolonged legal battle, following which four police personnel were suspended. Sujith received the footage after approaching the State Information Commission.




