സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ യു.എ.ഇയിൽ നിന്ന് നാട്ടിലെത്തിച്ചു. 2008-ലെ ഏങ്ങണ്ടിയൂർ ധനേഷ് വധക്കേസിലെ മൂന്നാം പ്രതി രാഗേഷ് ഉണ്ണിക്കൊച്ചനാണ് പിടിയിലായത്. സി.ബി.ഐയുടെയും ഇന്റർപോളിന്റെയും സഹായത്തോടെ തൃശ്ശൂർ ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയെ കേരളത്തിലെത്തിച്ചത്. റെഡ് നോട്ടിസ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു യു.എ.ഇ അധികൃതരുടെ അറസ്റ്റ്

തിരുവനന്തപുരം: സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പതിനെട്ട് വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നാട്ടിലെത്തിച്ചു.
2008-ലെ കൊലപാതകക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന മലയാളി രാഗേഷ് ഉണ്ണിക്കൊച്ചനെയാണ് സി.ബി.ഐയുടെയും ഇന്റർപോളിന്റെയും സഹായത്തോടെ യു.എ.ഇയിൽ നിന്ന് പിടികൂടി കേരളത്തിലെത്തിച്ചത്.
തൃശ്ശൂർ ക്രൈംബ്രാഞ്ച് പോലീസ് സംഘം യു.എ.ഇയിലെത്തി പ്രതിയെ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
2006-ൽ തൃശ്ശൂർ ഏങ്ങണ്ടിയൂർ ചന്തപ്പീടികയിൽ വെച്ച് സുജിത്ത് എന്നയാൾ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായിരുന്ന ധനേഷിനെ, 2008 ഒക്ടോബർ ഒന്നിന് തിരുമംഗലം ക്ഷേത്രത്തിന് സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് രാഗേഷ്.
അന്ന് വൈകുന്നേരം ആറുമണിയോടെ കാറിലും ബൈക്കിലുമെത്തിയ സംഘം മഴുവും വടിവാളും വാളും ഉപയോഗിച്ച് ധനേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടക്കുന്നതിന് മൂന്ന് ദിവസം മുൻപ് മാത്രം നാട്ടിലെത്തിയ പ്രതികളിൽ രണ്ടുപേർ, കൃത്യം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഗൾഫിലേക്ക് കടക്കുകയായിരുന്നു. ഇതിലൊരാളാണ് ഇപ്പോൾ പിടിയിലായ രാഗേഷ് ഉണ്ണിക്കൊച്ചൻ.
അന്വേഷണത്തിനിടെ ഒളിവിൽ പോയ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
കേരള പോലീസ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയും, പോലീസിന്റെ അഭ്യർത്ഥനപ്രകാരം സി.ബി.ഐയുടെ ഇന്റർപോൾ വിഭാഗം റെഡ് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇ അധികൃതർ രാഗേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.




