Skip to content
November 20, 2026
⌕

ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധമുള്ള ഗുണ്ടാ നേതാവ് നസീം ദുറാനി ബുലന്ദ്ഷഹറിൽ ഡൽഹി പോലീസും നോയിഡ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; രണ്ട് ദിവസം മുമ്പ് ഡൽഹിയിൽ കപിൽ മിശ്രയുടെ ഓഫീസിന് പുറത്ത് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായിരുന്ന ഇയാൾ 2016-ൽ ജയിലിൽ വെച്ച് ഛോട്ടാ രാജനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലും പ്രതി

November 20, 2026
Share this post to

ബുലന്ദ്ഷഹര്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് നസീം ദുറാനി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 


ഡല്‍ഹി ഇരട്ടക്കൊലപാതക കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന ഇയാള്‍, ഡല്‍ഹി പോലീസും നോയിഡ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടത്.


‘റിസ്വാന്‍’ എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്ന ദുറാനി, രണ്ട് ദിവസം മുമ്പ് കപില്‍ മിശ്രയുടെ ഓഫീസിന് പുറത്ത് സമീര്‍ എന്ന യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രതിക്കായി പോലീസ് സംഘം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിരുന്നു. 

ബുലന്ദ്ഷഹറില്‍ ദുറാനിയുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസും നോയിഡ എസ്.ടി.എഫും സംയുക്തമായി ഇയാളെ പിടികൂടാന്‍ നീക്കം നടത്തുകയായിരുന്നു. ഇതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ദുറാനി കൊല്ലപ്പെട്ടത്.


2016-ല്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ഛോട്ടാ രാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലും ദുറാനി ഉള്‍പ്പെട്ടിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീലാണ് ഇതിനായി ഇയാളെ നിയോഗിച്ചതെന്നാണ് ആരോപണം. 


പാകിസ്ഥാന്‍-കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ താരേക് ഫത്തായ്ക്ക് നേരെ വധഭീഷണി മുഴക്കിയ കേസിലും ഇയാള്‍ മുന്‍പ് അറസ്റ്റിലായിട്ടുണ്ട്. കൊലപാതകം, വധശ്രമം, കവര്‍ച്ച എന്നിവയുള്‍പ്പെടെ ഇരുപതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു നസീം ദുറാനി.

 

Get more updates from Pudukad News on Google