Skip to content
November 20, 2026
⌕

രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി ബഹുദൂരം പിന്നിൽ. 37 ജില്ലാ പഞ്ചായത്തുകളിൽ 24 എണ്ണത്തിൽ കോൺഗ്രസിന് വൻ മുന്നേറ്റം. 419 പഞ്ചായത്ത് സമിതികളിൽ 177 ഇടത്ത് കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോൾ ബി.ജെ.പി 81 സീറ്റുകളിലൊതുങ്ങി. 2028 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വലിയ ആത്മവിശ്വാസം നൽകുന്ന വിജയം

November 20, 2026
Share this post to

ജയ്പൂർ: രാജസ്ഥാനിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. 37 ജില്ലാ പഞ്ചായത്തുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ 24 പഞ്ചായത്തുകളിലാണ് കോൺഗ്രസ് വൻ ലീഡ് നേടിയത്. ബി.ജെ.പി എട്ട് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. നാല് സീറ്റുകളിൽ സ്വതന്ത്രരും മുന്നിട്ടുനിൽക്കുന്നു.

419 പഞ്ചായത്ത് സമിതികളിൽ 177 സീറ്റുകളിലാണ് കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയത്. ബി.ജെ.പിക്ക് 81 സീറ്റുകൾ മാത്രമാണ് സുരക്ഷിതമാക്കാൻ സാധിച്ചത്.
പഞ്ചായത്ത് സമിതികളിൽ ലീഡ് ചെയ്യുന്ന 56 സ്വതന്ത്രരുടെ നിലപാട് നിർണായകമായേക്കും. 41 ജില്ലകളിലായി 7,543 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 1,275 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

പ്രാദേശിക തലത്തിൽ ശക്തമായ മുന്നേറ്റം നടത്തിയ കോൺഗ്രസിന്, ചുരു, ഭരത്പൂർ ഉൾപ്പെടെയുള്ള ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ കടന്നുകയറാൻ സാധിച്ചു.
ചുരുവിൽ കോൺഗ്രസ് 21 ജില്ലാ പഞ്ചായത്ത് സീറ്റുകൾ നേടിയപ്പോൾ ബി.ജെ.പിക്ക് 17 സീറ്റുകളാണ് ലഭിച്ചത്. ഭരത്പൂരിൽ കോൺഗ്രസ് 21 സീറ്റുകൾ നേടി മുന്നിലെത്തിയപ്പോൾ ബി.ജെ.പി ഒൻപത് സീറ്റുകളിലൊതുങ്ങി.

മറ്റ് പ്രാദേശിക, ദേശീയ പാർട്ടികളും തിരഞ്ഞെടുപ്പിൽ സാന്നിധ്യം അറിയിച്ചു:

  • രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (RLP): 354 പഞ്ചായത്ത് സമിതി സീറ്റുകളും രണ്ട് ജില്ലാ പഞ്ചായത്തുകളും നേടി.

  • ഭാരത് ആദിവാസി പാർട്ടി (BAP): 168 ജില്ലാ പഞ്ചായത്ത് സമിതി സീറ്റുകൾ സ്വന്തമാക്കി.

  • സി.പി.ഐ.എം (CPIM): 43 പഞ്ചായത്ത് സമിതികളും മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളും നേടി.

  • ബി.എസ്.പി (BSP): 36 പഞ്ചായത്ത് സമിതി സീറ്റുകൾ നേടി.

  • ആം ആദ്മി പാർട്ടി (AAP): രണ്ട് പഞ്ചായത്ത് സമിതി സീറ്റുകളിൽ വിജയിച്ചു.

മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക്, പഞ്ചായത്ത് തിരഞ്ഞെടുപ്പിലേറ്റ ഈ അപ്രതീക്ഷിത പ്രഹരം പ്രാദേശിക തലത്തിൽ തങ്ങളുടെ പ്രകടനത്തെക്കുറിച്ച് പുനർചിന്തനം നടത്തേണ്ട സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്.
അതേസമയം, 2028-ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ ഊർജ്ജം പകരുന്നതാണ് നിലവിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ.

 

Get more updates from Pudukad News on Google