Skip to content
November 20, 2026
⌕

‘ദുഷ്ട’ മൂങ്ങയുടെ ആക്രമണം; അമേരിക്കൻ പട്ടണത്തിൽ ആളുകളുടെ തലയിലും കഴുത്തിലും കൊത്തുന്നു, കാരണം അജ്ഞാതം | Brookline owl attacks residents

November 20, 2026
Share this post to
Brookline owl attacks residents

അമേരിക്കയിലെ ഒരു ചെറിയ പട്ടണത്തിൽ ആളുകൾക്കുനേരെ തുടർച്ചയായി ആക്രമണം നടത്തുന്ന മൂങ്ങ കൗതുകവും ഭീതിയും സൃഷ്ടിക്കുന്നു. മരങ്ങൾക്കിടയിൽനിന്ന് പെട്ടെന്ന് പറന്നിറങ്ങി തലക്കും കഴുത്തിനും നേരെ ആക്രമിക്കുന്ന പക്ഷിയുടെ ശല്യം രൂക്ഷമായതോടെ അധികൃതർ ഇടപെട്ടിരിക്കുകയാണ്. ബോസ്റ്റണിന് തെക്ക് മസാച്യുസെറ്റ്സിലെ ബ്രൂക്ക്ലൈനിലാണ് സംഭവം. കുറഞ്ഞത് 12 പേർക്ക് മൂങ്ങയുടെ ആക്രമണമേറ്റതായാണ് റിപ്പോർട്ടുകൾ. മൂങ്ങയുടെ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നോ നാലോ പരാതികൾ ലഭിച്ചതായി ബ്രൂക്ക്ലൈൻ പൊലീസ് അറിയിച്ചു. സംഭവത്തിൽ സംസ്ഥാന വന്യജീവി അധികൃതരോട് സഹായവും നിർദേശങ്ങളും തേടിയിട്ടുണ്ട്. ( Brookline owl attacks residents)

ഗ്രിഗ്സ് പാർക്കിന് സമീപം ആക്രമണത്തിനിരയായ ടാരിസ് ബെസ്സെയുടെ കഴുത്തിലാണ് മൂങ്ങ പെട്ടെന്ന് പറന്നെത്തി ഇടിച്ചത്. മരത്തിന് മുകളിൽനിന്ന് പക്ഷി നേരിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പേവിഷബാധയ്ക്കുള്ള മുൻകരുതലിന്റെ ഭാഗമായി ബെസ്സെ ചികിത്സ തേടുകയും വാക്സിൻ സ്വീകരിക്കുകയും ചെയ്തു. ആശുപത്രിയിൽ ബൂസ്റ്റർ ഡോസ് എടുക്കാനെത്തിയപ്പോൾ മൂങ്ങയുടെ ആക്രമണത്തിനിരയായ മറ്റൊരാളാണോ എന്ന് നഴ്സ് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. ബ്രൂക്ക്ലൈൻ ന്യൂസ് റിപ്പോർട്ടർ മിലേന ഫെൺസ്ലറും ആക്രമണത്തിനിരയായി. വീടിന് സമീപത്തുവെച്ച് പിന്നിൽനിന്ന് ശക്തമായ അടിയേറ്റതുപോലെയാണ് അനുഭവപ്പെട്ടതെന്ന് അവർ പറഞ്ഞു. പിന്നീട് ടെലിഫോൺ പോസ്റ്റിന് മുകളിൽ മൂങ്ങ ഇരിക്കുന്നത് കണ്ടു. ഡീൻ റോഡിലൂടെ ഓടുന്നതിനിടെ ആക്രമിക്കപ്പെട്ട ജൂലിയറ്റ് ഡെയ്‌ലി എന്ന യുവതിക്ക് നേരെ മൂങ്ങ ഒന്നിലധികം തവണ പറന്നെത്തി. രണ്ടാമത്തെ ആക്രമണത്തിൽ ഒഴിഞ്ഞുമാറിയെങ്കിലും മൂന്നാമതും എത്തിയതോടെ റോഡ് മുറിച്ചുകടന്ന് രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ വർഷം ശരത്കാലത്താണ് ആദ്യ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതെന്നാണ് വിവരം. ഹാലോവീൻ സമയത്ത് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ നിരവധി സംഭവങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. മസാച്യുസെറ്റ്സിൽ എട്ട് ഇനം മൂങ്ങകളുണ്ട്. ഇവയെല്ലാം സംരക്ഷിത പക്ഷികളാണ്. സാധാരണയായി മൂങ്ങകൾ മനുഷ്യരോട് ആക്രമണസ്വഭാവം കാണിക്കാറില്ലെങ്കിലും സമീപത്ത് കൂടോ കുഞ്ഞുങ്ങളോ ഉണ്ടെങ്കിൽ പ്രതിരോധത്തിന്റെ ഭാഗമായി ആക്രമിച്ചേക്കാമെന്നാണ് വന്യജീവി അധികൃതർ പറയുന്നത്.

Summary: An owl has been repeatedly attacking residents in Brookline, Massachusetts, leaving several people with head and neck injuries. Police are seeking guidance from wildlife officials, while experts say owls may become aggressive when protecting nearby nests.

Get more updates from Pudukad News on Google