
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ഓഫീസിലെ 14.93 കോടിയുടെ വൻ തട്ടിപ്പിന് പിന്നാലെ, ലോട്ടറി ഡയറക്ടറേറ്റിലും സമാനമായ വെട്ടിപ്പുകൾ നടത്തിയ ക്ലർക്ക് വിജിലൻസ് പിടിയിൽ. ആറ്റിങ്ങൽ മാമം സ്വദേശിയായ കെ. സംഗീതാണ് വകുപ്പിനെ പറ്റിച്ച് കോടികൾ തട്ടിയത്. ക്ഷേമനിധി ഓഫീസിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് മാറ്റിയ സ്ഥലത്തും ഇയാൾ തട്ടിപ്പ് തുടരുകയായിരുന്നു.
സഹപ്രവർത്തകന് 36,600 രൂപയുടെ ശമ്പള ബിൽ അനധികൃതമായി പാസാക്കി നൽകിയതാണ് ഡയറക്ടറേറ്റിലെ പ്രധാന തട്ടിപ്പുകളിൽ ഒന്ന്. ഓഡിറ്റിൽ പിടിക്കപ്പെട്ടതോടെ ഈ തുക തിരികെ അടയ്ക്കാൻ അധികൃതർ നിർദ്ദേശിച്ചു. എന്നാൽ ട്രഷറിയിൽ വെറും 3,660 രൂപ മാത്രം അടച്ച സംഗീത്, ട്രഷറി രസീതിൽ കൈപ്പടയിൽ ഒരു പൂജ്യം കൂടി ചേർത്ത് തുക തിരികെ അടച്ചെന്ന് ഉദ്യോഗസ്ഥരെ വിശ്വസിപ്പിക്കുകയായിരുന്നു.
Also Read: ഇഷ്ടദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്
ഇതിന് പുറമെ വകുപ്പിലെ സീനിയർ, ജൂനിയർ സൂപ്രണ്ടുമാരുടെ ഒപ്പുകൾ വ്യാജമായി ഇട്ട് 36 സർക്കാർ ഉത്തരവുകൾ ഇയാൾ സ്വന്തം നിലയ്ക്ക് പുറത്തിറക്കിയതായും വിജിലൻസ് കണ്ടെത്തി. തട്ടിപ്പ് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ക്യാൻസർ രോഗിയാണെന്ന് വരുത്തിത്തീർക്കാൻ വ്യാജ ആശുപത്രി രേഖകൾ ഹാജരാക്കി. ഇത് കളവാണെന്ന് തെളിഞ്ഞതോടെ ഇപ്പോൾ മനോദൗർബല്യം അഭിനയിച്ച് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇയാൾ ആഡംബര വീടുകൾ നിർമ്മിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
The post രസീതിൽ ‘പൂജ്യം’ ചേർത്ത് സർക്കാർ ക്ലർക്കിന്റെ തട്ടിപ്പ്; വിജിലൻസ് അന്വേഷണത്തിൽ കുടുങ്ങി ഉദ്യോഗസ്ഥൻ appeared first on Express Kerala.



