മെസിയുടെ പേരിൽ തട്ടിപ്പ്; മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്ത് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവ് | V. Abdurahiman

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെക്കൂടി (V. Abdurahiman) പ്രതിചേർത്ത് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു.
അഴിമതി നിരോധന നിയമപ്രകാരം മുൻ മന്ത്രിക്കെതിരെയും മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താനാണ് ഉത്തരവ്. അബ്ദുറഹ്മാനെ കൂടാതെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷൻ യു. ഷറഫലി എന്നിവർക്കെതിരെയും അന്വേഷണം നടത്തും.
മുൻ മന്ത്രിക്കെതിരായ അന്വേഷണത്തിന് ഗവർണർ ഓംപ്രകാശ് മാഥൂർ അനുമതി നൽകിയതോടെയാണ് തുടർനടപടികൾക്ക് വഴിയൊരുങ്ങിയത്. നിലവിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി), മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ എന്നിവരാണ് പ്രതികൾ.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് ആരോപണം
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സഹായിച്ചെന്നും ഇതിലൂടെ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് വി. അബ്ദുറഹ്മാനെതിരായ ആരോപണം.
അനധികൃത ഇടപെടലുകളും കത്തിടപാടുകളും നടത്തിയെന്നാണ് സി. സത്യപാലനെതിരായ കണ്ടെത്തൽ. സ്പോർട്സ് കൗൺസിൽ അധ്യക്ഷനായിരിക്കെ സ്പോൺസർക്ക് അനുകൂലമായി കരാറിൽ സാക്ഷിയായി ഒപ്പിട്ടെന്നാണ് യു. ഷറഫലിക്കെതിരായ ആരോപണം.
എസ്ഐടി അന്വേഷണം കായികവകുപ്പിന്റെ റിപ്പോർട്ടിന് പിന്നാലെ
കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അന്വേഷണം ആരംഭിച്ചത്. മെസിയുടെ പേരിൽ പണപ്പിരിവും സാമ്പത്തിക ക്രമക്കേടുകളും അധികാരദുർവിനിയോഗവും നടന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
കേസിൽ കൂടുതൽ നടപടികൾ അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് സൂചന. ആരോപണങ്ങളിൽ ബന്ധപ്പെട്ടവരുടെ വിശദീകരണവും അന്വേഷണത്തിലെ തുടർ കണ്ടെത്തലുകളും നിർണായകമാകും.
Story Summary:
The Kerala Home Department has ordered an investigation under the Prevention of Corruption Act against former Sports Minister V. Abdurahiman, his former private secretary C. Sathyapalan and former Sports Council president U. Sharafali in connection with an alleged financial fraud involving a promise to bring Lionel Messi and the Argentina national football team to Kerala. The Governor reportedly granted permission for the investigation against the former minister. The case was initially registered by Kalamassery Police against Reporter Broadcasting Company and its MD, Anto Augustine.




