രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണം: ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറയെക്കുറിച്ചുള്ള വിവരങ്ങൾക്കായി ചൈനയുടെ ഔദ്യോഗിക മറുപടി കാത്ത് ദേശീയ അന്വേഷണ ഏജൻസി

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറയെക്കുറിച്ചുള്ള വിവരങ്ങൾക്കായി ചൈനയുടെ ഔദ്യോഗിക മറുപടി കാത്തിരിക്കുകയാണെന്ന് ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറൽ രാകേഷ് അഗർവാൾ.
2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൺ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരർ ഉപയോഗിച്ച “ഗോപ്രോ ഹീറോ 12′ കാമറയുടെ വിവരങ്ങളാണ് ഇന്ത്യ ചൈനയോട് തേടിയിരിക്കുന്നത്.
കാമറയുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ചൈനയിലേക്ക് ഔദ്യോഗിക ജുഡീഷ്യൽ അഭ്യർഥനയായ “ലെറ്റർ റോഗേറ്ററി’ അയയ്ക്കാൻ എൻഐഎ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു രാജ്യത്തെ അന്വേഷണത്തിനോ നിയമനടപടികൾക്കോ മറ്റൊരു രാജ്യത്തിന്‍റെ സഹായം തേടുന്ന ഔദ്യോഗിക നടപടിയാണിത്.
ഇതുവരെ ചൈനയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണ സംഘത്തിന്‍റെ പക്കൽ ആവശ്യമായ ഫോറൻസിക് തെളിവുകളുണ്ടെന്ന് രാകേഷ് അഗർവാൾ വെള്ളിയാഴ്ച വ്യക്തമാക്കി.
കാമറ ആദ്യം വാങ്ങിയത് ആരാണ്, ആരുടെയൊക്കെ കൈവശമാണ് ഇത് ഉണ്ടായിരുന്നത് എന്നീ വിവരങ്ങളാണ് എൻഐഎ പ്രധാനമായും ശേഖരിക്കുന്നത്.
ഇതിലൂടെ ആക്രമണത്തിന് മുന്നോടിയായി ഭീകരർ നടത്തിയ നിരീക്ഷണങ്ങൾ, അവരുടെ യാത്രകൾ, ആക്രമണത്തിനായി നടത്തിയ തയാറെടുപ്പുകൾ എന്നിവ സംബന്ധിച്ച നിർണായക വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ.




