പരസ്യമായി ഖേദം പ്രകടിപ്പിച്ചെങ്കിലും പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനം എളുപ്പമാകില്ല. എതിർപ്പുകൾ ശക്തമാകുന്നതല്ലാതെ കുറയുന്നില്ല. സ്ഥാനമാനങ്ങളോ സംഘടനാ ഉത്തരവാദിത്വങ്ങളോ നൽകേണ്ടതില്ലെന്ന നിലപാടിൽ മുതിർന്ന നേതാക്കൾ. ഹൈക്കമാൻഡിന്റെ അനുമതിയോടെ മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. മുൻകാല നിലപാടുകളും നരേന്ദ്ര മോദിയോടുള്ള താൽപര്യവും തിരുത്തണമെന്ന് ഒരു വിഭാഗം നേതാക്കളും അണികളും

തിരുവനന്തപുരം: ഖേദം പ്രകടിപ്പിച്ചെങ്കിലും കോൺഗ്രസിലേക്കുള്ള പത്മജാ വേണുഗോപാലിന്റെ തിരിച്ചുവരവ് എളുപ്പമാകില്ല. സ്ഥാനമാനങ്ങൾ നൽകാമെന്ന ഉപാധികളോടെ പത്മജയ്ക്ക് പാർട്ടി അംഗത്വം നൽകേണ്ടതില്ലെന്ന നിലപാടിലാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട്.
മാപ്പ് പറഞ്ഞെങ്കിലും പത്മജാ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുളളിൽ എതിർപ്പുകൾ ശക്തമാകുന്നതല്ലാതെ കുറയുന്നില്ല.
പാർട്ടിയിലേക്ക് പ്രവേശനം നൽകിയാൽ തന്നെ പത്മജയ്ക്ക് നിലവിൽ സ്ഥാനമാനങ്ങളോ സംഘടനാപരമായ ഉത്തരവാദിത്വങ്ങളോ നൽകേണ്ടതില്ലെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നു.
അതേസമയം, വിഷയത്തിൽ അന്തിമ തീരുമാനം എഐസിസി ഹൈക്കമാൻഡിന്റെ അനുമതിയോടെ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും വിവരമുണ്ട്.ദേശിയ തലത്തിൽ നടത്തിയ പത്ര സമ്മേളനത്തിലൂടെയാണ് പത്മജയുടെ കടന്നുവരവ് ബിജെപി അവതരിപ്പിച്ചത്.
ലീഡർ കെ.കരുണാകരൻെറ മകൾ പാർട്ടിവിട്ട് ബിജെപിയിലേക്ക് പോയത് കോൺഗ്രസ് ദേശിയ നേതൃത്വത്തിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.അതുകൊണ്ടുതന്നെ പത്മജയെ കോൺഗ്രസിലേക്ക് തിരികെ എടുക്കുന്നതിന് മുൻപ് ഹൈക്കമാൻഡിൻെറ അനുമതി വേണ്ടിവരുമെന്ന് ഉറപ്പാണ്.
തിരിച്ചുവരവിന് ശ്രമിക്കുന്ന പത്മജാ വേണുഗോപാലിന് പാർട്ടിക്കുള്ളിൽ നിന്നും അണികളിൽ നിന്നും കടുത്ത വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. പാർട്ടി വിട്ട സമയത്ത് രാഹുൽ ഗാന്ധിയെ തള്ളിപ്പറഞ്ഞതും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചതും ഉൾപ്പെടെയുള്ള പത്മജയുടെ മുൻകാല നിലപാടുകളിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്.
ഈ വിമർശനങ്ങളെല്ലാം തിരുത്തി അണികളെയും നേതാക്കളെയും പത്മജ നേരിട്ട് ബോധ്യപ്പെടുത്തണം എന്ന് ഇവർ ആവശ്യപ്പെടുന്നു. ബിജെപിയിൽ നിന്ന് രാജിവെച്ച് കൊണ്ട് നൽകിയ പ്രതികരണത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താൽപര്യമാണെന്ന് പത്മജ ആവർത്തിച്ച് പറഞ്ഞിരുന്നു.
ഖേദപ്രകടനം നടത്തിയപ്പോഴും നരേന്ദ്ര മോദിയോടുളള താൽപര്യത്തിൻെറ കാര്യത്തിൽ നിലപാടിൽ മാറ്റമുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. പത്മജയുടെ തിരിച്ചു വരവിനെതിരെ കോൺഗ്രസ് അനുകൂല സൈബർ ഇടങ്ങളിൽ അധിക്ഷേപവും വിമർശനവും രൂക്ഷമാണ്.
പ്രാദേശിക നേതാക്കളും സാധാരണ പ്രവർത്തകരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്.പാർട്ടിയിലേക്ക് മടങ്ങിയെത്തിയാലും തൽക്കാലം പദവികളോ തിരഞ്ഞെടുപ്പ് സീറ്റുകളോ ലഭിക്കില്ലെന്ന മുതിർന്ന നേതാക്കളുടെ നിലപാട് പത്മജയുടെ രാഷ്ട്രീയ ഭാവിക്ക് മുന്നിലെ മറ്റൊരു വെല്ലുവിളിയാണ്.
കെ. കരുണാകരന്റെ മകൾ എന്ന പരിഗണനയ്ക്കപ്പുറം, പാർട്ടി പ്രതിസന്ധി ഘട്ടത്തിൽ വിട്ടുപോയ ഒരാളെ വീണ്ടും സ്വീകരിക്കുന്നതിനോട് താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിലുള്ള എതിർപ്പ് മറികടക്കുക എന്നത് പത്മജയ്ക്ക് എളുപ്പമാകില്ല.
ഹൈക്കമാൻഡിന്റെ നിലപാടും സംസ്ഥാന നേതൃത്വത്തിന്റെ തുടർ ചർച്ചകളും പത്മജാ വേണുഗോപാലിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാകും.
ബിജെപി വിട്ടതിന് പിന്നാലെ കോൺഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പത്മജാ വേണുഗോപാൽ, ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. വികാരപരമായ ഒരു നിമിഷത്തിൽ താൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനമെന്ന് പത്മജ സമ്മതിച്ചു.
ബിജെപിയുടെ ആശയങ്ങളുമായി ഒത്തുപോകാൻ സാധിക്കാത്തതിനാലാണ് ആ പാർട്ടി വിട്ടതെന്നും അവർ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ തീരുമാനം കെ. കരുണാകരനെയും, അദ്ദേഹത്തെയും തന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകരെയും ആഴത്തിൽ മുറിവേൽപ്പിച്ചുവെന്ന് പത്മജ കുറിച്ചു.
പ്രസ്ഥാനത്തിനും ഓരോ പ്രവർത്തകനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമാപണം നടത്തുന്നതായും അവർ വ്യക്തമാക്കി. കോൺഗ്രസിലേക്ക് മടങ്ങിവരുന്നതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും ഉയരുന്ന വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്നതായി പത്മജ പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള പദവികളോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല, മറിച്ച് ഒരു സാധാരണ കോൺഗ്രസുകാരിയായി മാറണം എന്ന ആഗ്രഹത്തോടെ മാത്രമാണ് തിരിച്ചുവരവിന് തയ്യാറെടുക്കുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.




