ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു, ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; മൂന്നാറില്‍ യുവാവ് അറസ്റ്റില്‍. അസം സ്വദേശിനിയായ കബിത ബോറെയുടെ മരണവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് സ്വദേശി ജാഗേശ്വര്‍ കുമാര്‍ ദാസിനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്

തൊടുപുഴ: യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
അസം സ്വദേശിനിയായ കബിത ബോറെയുടെ മരണവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് സ്വദേശി ജാഗേശ്വര്‍ കുമാര്‍ ദാസിനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
കഴിഞ്ഞ ദിവസമാണ് കബിത വിഷം കഴിച്ചെന്ന് പറഞ്ഞ് ജാഗേശ്വര്‍ ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കബിതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതായാണ് പൊലീസിന്റെ കണ്ടെത്തല്‍.
പ്രണയിച്ച് വിവാഹിതരായ ഇരുവരും രണ്ട് വര്‍ഷം മുന്‍പാണ് ഒരുമിച്ച് താമസം ആരംഭിച്ചത്.ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു കബിത.
എന്നാല്‍ കഴിഞ്ഞ ആറുമാസമായി ഇവര്‍ ജോലിക്ക് പോയിരുന്നില്ല. ഇതിനിടെ ഇരുവര്‍ക്കുമിടയില്‍ കുടുംബപ്രശ്നങ്ങള്‍ നിലനിന്നിരുന്നതായാണ് പൊലീസ് പറയുന്നത്. ഭാര്യയെക്കുറിച്ചുള്ള ഭര്‍ത്താവിന്റെ സംശയമായിരുന്നു പ്രധാന തർക്കം.
കഴിഞ്ഞ ദിവസം കബിതയും സഹോദരനും ചേര്‍ന്ന് ഒരു സുഹൃത്തിനെ ബംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ പോയിരുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവിന്റെ സംശയം കൂടുതല്‍ ശക്തമായി. തുടര്‍ന്ന് പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് ഇരുവരും പഴയ മൂന്നാറിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തത്.
രണ്ട് ദിവസമായി ഇവിടെ താമസിച്ചുവരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ രാത്രി കബിതയെ ജാഗേശ്വര്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ചെന്ന് പറഞ്ഞ് കബിതയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.




