ചേർത്തല പൂച്ചാക്കലിൽ വൻ ലഹരിമരുന്ന് വേട്ട; കാറിൽ കടത്തുകയായിരുന്ന 11.6 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവും കോൺഗ്രസ് മണ്ഡലം ഭാരവാഹിയുമായ ഷമീർ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. ജില്ലാ ഡാൻസാഫ് സംഘവും പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ വലയിലായത്; എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് ഉറവിടം തേടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

ആലപ്പുഴ: ചേര്‍ത്തല പൂച്ചാക്കലില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 11.6 കിലോഗ്രാം കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് പിടികൂടി.
ശനിയാഴ്ച രാത്രി പത്തേമുക്കാലോടെ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാക്കേ കവലയില്‍ നടന്ന സംയുക്ത വാഹന പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ജില്ലാ ഡാന്‍സാഫ് സംഘവും പൂച്ചാക്കല്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് കാറില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരെയും ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
മാനപ്പുറം സ്വദേശിയും കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയുമായ ഷമീര്‍ (38), മാനപ്പുറം സ്വദേശികളായ അലി ജുവ്ഹര്‍ (24), കൃഷ്ണകുമാര്‍ (23), പൂച്ചാക്കല്‍ സ്വദേശികളായ സലാഹുദ്ദീന്‍ അയ്യൂബ് (24), മുഹമ്മദ് അസ്ലം (23) എന്നിവരാണ് പിടിയിലായത്.
എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്ത പൂച്ചാക്കല്‍ പൊലീസ്, കഞ്ചാവിന്റെ ഉറവിടവും വിതരണ ശൃംഖലയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുകയാണ്.
ഷാനിമോള്‍ ഉസ്മാന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഷമീര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായും രാഹുല്‍ മാങ്കൂട്ടത്തിലുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണെന്നും വിവരങ്ങളുണ്ട്. ലഹരിക്കടത്ത് സംഘവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.




