മാന്യമായി പെരുമാറാൻ അറിയാത്തവരും മദ്യപാനികളുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയക്കരുതെന്ന് ഐ.ജി പി. പ്രകാശ്. പോലീസിന് കളങ്കം വരുത്തുന്നവരെ ഡ്യൂട്ടിക്ക് അയക്കാതിരിക്കാൻ എസ്.പിമാർ ശ്രദ്ധിക്കണമെന്ന് കർശന നിർദ്ദേശം. നിലയ്ക്കലിൽ തീർത്ഥാടക വാഹനത്തിന്റെ ഡ്രൈവറെ എ.എസ്.ഐ മർദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി

തിരുവനന്തപുരം: മാന്യമായി പെരുമാറാൻ അറിയാത്തവരും മദ്യപാനശീലമുള്ളവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഐ.ജി പി. പ്രകാശ് കർശന നിർദ്ദേശം നൽകി.
നിലയ്ക്കലിൽ കഴിഞ്ഞ ദിവസമുണ്ടായ പോലീസുകാരന്റെ മോശം പെരുമാറ്റം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും, സേനയ്ക്ക് കളങ്കം വരുത്തുന്നവരെ ഡ്യൂട്ടിക്ക് അയക്കാതിരിക്കാൻ എസ്.പിമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.
നവംബർ 20-ന് നിലയ്ക്കലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് ഐ.ജി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പെരുമാറ്റം പോലീസ് സേനയുടെ അച്ചടക്കത്തെ തകർക്കുന്നതും വലിയ അവമതിപ്പ് ഉണ്ടാക്കുന്നതുമാണ്.
നല്ല പെരുമാറ്റവും അച്ചടക്കവുമുള്ളവരും, മദ്യപാനമോ മറ്റ് മോശം പ്രവണതകളോ ഇല്ലാത്തവരുമായ ഉദ്യോഗസ്ഥരെ മാത്രമേ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്നുള്ളൂ എന്ന് ബന്ധപ്പെട്ട മേൽനോട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ മർദ്ദിച്ച എ.എസ്.ഐ ജിജോയെ സസ്പെൻഡ് ചെയ്യാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ, മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായ എ.എസ്.ഐ തന്നെ മർദ്ദിച്ചെന്നായിരുന്നു വടക്കൻ പറവൂർ സ്വദേശിയായ ഡ്രൈവർ പ്രശാന്തിന്റെ പരാതി.
എറണാകുളത്ത് നിന്നും ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്ക് എത്തിയ എ.എസ്.ഐ ജിജോയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതോടെ, ശബരിമല പോലീസ് ചീഫ് കോഡിനേറ്റർ പി. വിജയൻ ഐ.പി.എസ് അടിയന്തര നടപടിക്ക് നിർദ്ദേശിക്കുകയായിരുന്നു.




