202425 അധ്യാപക നിയമനത്തിലെ ആരോപണം; പി.എസ്.സി പരീക്ഷാ-നിയമന ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് എസ്.എഫ്.ഐ നേതാക്കള്‍ കൂട്ടത്തോടെ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചതും നിയമനം നേടിയതെന്നുമാണ് ആക്ഷേപം

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ-നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണത്തിന് ഉത്തരവ്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഒന്നിച്ച് നിയമനം ലഭിച്ചെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്.
ക്രൈംബ്രാഞ്ച് ഐ.ജി അജീത ബീഗമായിരിക്കും കേസ് അന്വേഷിക്കുക. 2024-25 കാലയളവിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളിലാണ് അന്വേഷണം നടക്കുന്നത്. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
സംസ്‌കൃത സര്‍വകലാശാലയിലെ ഇടത് അധ്യാപകരാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയതെന്നും, ഇതിലൂടെ നിരവധി മുന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിച്ച് നിയമനം ലഭിച്ചെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. എറണാകുളം ജില്ലയിലെ മുന്‍ ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ ഒരു പി.എസ്.സി അംഗത്തിനും നിയമന ക്രമക്കേടില്‍ പങ്കുണ്ടെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് എസ്.എഫ്.ഐ നേതാക്കള്‍ കൂട്ടത്തോടെ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചതും നിയമനം നേടിയതെന്നുമാണ് ആക്ഷേപം. സംഭവത്തില്‍ സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നേരത്തെ കുഫോസിലെ 38 വിദ്യാര്‍ത്ഥികള്‍ക്ക് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസറായി നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ടും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപക നിയമനത്തിലും പരാതി ഉയര്‍ന്നത്.




