Skip to content
November 23, 2026
⌕

അനാഥാലയത്തിന്റെ പിരിവിനെത്തി, വൈദ്യൻ ചമഞ്ഞ് ഓർമക്കുറവുള്ള സ്ത്രീയെ പീഡിപ്പിച്ചു. 63-കാരൻ അറസ്റ്റിൽ, പ്രതി സമാനമായ രീതിയിൽ നിരവധി വീടുകളിൽ അതിക്രമം നടത്തിയിട്ടുണ്ടെന്ന് പോലീസ്

November 22, 2026
Share this post to

തിരുവനന്തപുരം: ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ അനാഥാലയങ്ങൾക്കുവേണ്ടി പണം പിരിക്കാനെന്ന് പറഞ്ഞെത്തിയ ആൾ വീട്ടിൽക്കയറി ഓർമ്മക്കുറവും ശാരീരികാസ്വസ്ഥതകളുമുള്ള 55-കാരിയെ പീഡിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് വെങ്ങാനൂർ മംഗലത്തുകോണം വാർഡിൽ കട്ടച്ചൽക്കുഴി കുളത്തിൻകര മേലെപുത്തൻവീട്ടിൽ ഭദ്രനെ (63) തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. പണപ്പിരിവിനെത്തിയ ഇയാൾ വീട്ടിൽ പുരുഷന്മാരില്ലെന്ന് മനസ്സിലാക്കിയ ശേഷം അകത്തുകയറി താൻ വൈദ്യനാണെന്ന് പരിചയപ്പെടുത്തി.

തുടർന്ന് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ പരിശോധിക്കാമെന്ന് പറഞ്ഞ് മാനസികാസ്വാസ്ഥ്യമുള്ള മകളെയും സ്ത്രീക്കൊപ്പം വിളിച്ചിരുത്തി.

 എന്നാൽ പെൺകുട്ടി എഴുന്നേറ്റ് മുറിയിലേക്ക് പോയ തക്കംനോക്കി ഇയാൾ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ദൂരസ്ഥലത്ത് പോയിരുന്ന മകൻ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് പണം ചോദിച്ചെത്തിയ ആൾ വൈദ്യനെന്ന വ്യാജേന തന്നെ പീഡിപ്പിച്ച വിവരം അമ്മ വെളിപ്പെടുത്തിയത്.

തുടർന്ന് മകൻ തിരുവല്ലം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ നേരത്തേയും ഈ മേഖലയിൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നോട്ടീസുമായെത്തി പണം പിരിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.

നിരവധി വീടുകളിൽ ഇയാൾ സമാനമായ രീതിയിൽ അതിക്രമം നടത്തിയിരുന്നതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

Get more updates from Pudukad News on Google