സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാതെ കുപ്പിവെള്ളം വിറ്റു; ബിസ്ലേരിക്കെതിരെ പ്രോസിക്യൂഷന് നടപടിക്ക് അനുമതി നൽകി എഫ്.എസ്.എസ്.എ.ഐ. കുടിവെള്ള സാംപിളുകളിൽ അനുവദനീയമായ അളവിനേക്കാൾ കൂടുതൽ ബ്രോമേറ്റ് സാന്നിധ്യവും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി

ന്യൂഡൽഹി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പാക്കേജ്ഡ് കുടിവെള്ളം വിപണിയിലെത്തിച്ചതിന് ബിസ്ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI).
കമ്പനിയുടെ പാക്കേജ്ഡ് കുടിവെള്ളത്തിന്റെ സാംപിളുകൾ ലബോറട്ടറി പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ കർശന നടപടി.
ബിസ്ലേരി ഇന്റർനാഷണലിന്റെ സ്ഥാപനത്തിൽ നിന്ന് ശേഖരിച്ച പാക്കേജ്ഡ് കുടിവെള്ളത്തിന്റെ (മിനറൽ വാട്ടർ ഒഴികെയുള്ളത്) സാംപിളിലാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്.
പരിശോധനയിൽ അനുവദനീയമായ അളവിനേക്കാൾ കൂടുതൽ ബ്രോമേറ്റ് സാന്നിധ്യം കണ്ടെത്തിയതോടെ, 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം സാംപിൾ സുരക്ഷിതമല്ലെന്ന് എഫ്.എസ്.എസ്.എ.ഐ പ്രഖ്യാപിച്ചു. തുടർന്ന് കമ്പനിയുടെ അപ്പീലിനെത്തുടർന്ന് സാംപിൾ റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു.
ഇവിടെ നടത്തിയ പരിശോധനയിലും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ സാന്നിധ്യം കണ്ടെത്തുകയും വെള്ളം സുരക്ഷിതമല്ലെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
ലബോറട്ടറി പരിശോധനയിലെ കണ്ടെത്തലുകൾ സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ഗുരുതരമായ ചട്ടലംഘനങ്ങളാണ് വ്യക്തമാക്കുന്നതെന്ന് എഫ്.എസ്.എസ്.എ.ഐ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിസ്ലേരിക്കെതിരെ 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ അനുമതി നൽകിയത്.
ഈ വർഷം ഭക്ഷ്യവ്യവസായ സ്ഥാപനങ്ങൾക്കും ഇ-കൊമേഴ്സ് കമ്പനികൾക്കുമെതിരായ പരിശോധനകളും നടപടികളും എഫ്.എസ്.എസ്.എ.ഐ ശക്തമാക്കിയിട്ടുണ്ട്. എനർജി ഡ്രിങ്ക്, മദ്യപാനീയങ്ങൾ എന്നിവയുടെ നിർമ്മാതാക്കൾക്കെതിരെയും അതോറിറ്റി അടുത്തിടെ നടപടികൾ സ്വീകരിച്ചിരുന്നു.




