“മെർക്കുറി സാന്നിധ്യമുള്ള ഫെയർനെസ് ക്രീം ഉപയോഗിച്ച് വൃക്കരോഗം ബാധിച്ചെന്ന പരാതി”: ‘എഫ്ട്യൂൺ’ കമ്പനിക്കെതിരെ കേസെടുത്ത് അരീക്കോട് പോലീസ്; മൂന്ന് മണിക്കൂർ നീണ്ട മൊഴിയെടുപ്പിന് പിന്നാലെ നടപടി | F Tune cream case

മലപ്പുറം: മെർക്കുറി സാന്നിധ്യമുള്ള ഫെയർനെസ് ക്രീം (F Tune cream case) ഉപയോഗിച്ചതിനെത്തുടർന്ന് പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചെന്ന പരാതിയിൽ എഫ്ട്യൂൺ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ അരീക്കോട് പൊലീസാണ് കേസെടുത്തത്.
മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെന്നാണ് പെൺകുട്ടിയുടെ പരാതി. കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും സമാന ക്രീം ഉപയോഗിക്കുന്ന മറ്റുള്ളവർക്കെങ്കിലും ആരോഗ്യപ്രശ്നങ്ങളിൽനിന്ന് രക്ഷപ്പെടാനാകണമെന്നാണ് ആഗ്രഹമെന്നും പെൺകുട്ടി പറഞ്ഞു.
സലീം കോടത്തൂരും വെളിപ്പെടുത്തലുമായി രംഗത്ത്
മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് താനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെന്ന് മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരും വെളിപ്പെടുത്തി. മെമ്പ്രാനസ് നെഫ്രോപ്പതി ബാധിച്ചതായി നേരത്തെ അറിയിച്ചിരുന്ന അദ്ദേഹം, സുഹൃത്ത് പരിചയപ്പെടുത്തിയ ക്രീം ഉപയോഗിച്ചതിനുശേഷമാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്ന് പറഞ്ഞു.
വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ പരിശോധന
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും പ്രോട്ടീൻ പൊടികളുടെയും വിൽപന തടയാൻ വ്യാപക പരിശോധന നടത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകി.
അംഗീകാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്.
മംഗളൂരു–കാസർകോട് മേഖല കേന്ദ്രീകരിച്ച് ഇത്തരം ഉൽപ്പന്നങ്ങൾ ഓൺലൈനിലൂടെ സംസ്ഥാനത്ത് വിൽക്കുന്നുണ്ടെന്നാണ് വിവരം.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് മുന്നറിയിപ്പ്
വൃക്ക, കരൾ, നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്ന രോഗങ്ങൾക്കും ചർമാർബുദത്തിനും ഇത്തരം ഉൽപ്പന്നങ്ങൾ കാരണമാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പാകിസ്താൻ വഴി എത്തുന്ന ചില ഉൽപ്പന്നങ്ങളിൽ നിർമാതാവിന്റെ പേര്, നിർമാണ തീയതി, കാലാവധി തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം കണ്ടെത്തിയിരുന്നു.
അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെ വിൽപനയും പ്രചാരണവും തടയുന്നതിനുള്ള നടപടികൾ ഇതിന്റെ ഭാഗമായി ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
Story Summary:
Areecode police have registered a case against the company behind F Tune fairness cream following a complaint by a girl who allegedly developed serious kidney problems after using the product. The development comes amid a wider crackdown on unauthorised cosmetics and protein supplements in Kerala. Mappila singer Saleem Kodathur has also spoken about experiencing health problems after using a mercury-containing face cream.




