Skip to content
November 23, 2026
⌕

“അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും പ്രോട്ടീൻ പൊടികളുടെയും വിൽപന തടയാൻ സംസ്ഥാന വ്യാപക പരിശോധന”: സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും വ്യാജ പരസ്യം നൽകുന്ന വ്ലോഗർമാർക്കെതിരെ നടപടിയെടുക്കാനും ആരോഗ്യവകുപ്പ് | Operation Soundarya

November 22, 2026
Share this post to
Operation Soundarya

കൊച്ചി: അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും പ്രോട്ടീൻ പൊടികളുടെയും വിൽപന തടയാൻ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്താൻ ആരോഗ്യവകുപ്പ് (Operation Soundarya). എല്ലാ ജില്ലകളിലും പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകി. ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്.

സൗന്ദര്യവർധക വസ്തുക്കൾക്ക് പുറമേ പേശീബലം വർധിപ്പിക്കാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജ പരസ്യങ്ങളിലൂടെ വിൽക്കുന്ന ഗുളികകൾ, ഓയിന്റ്മെന്റുകൾ, തൈലങ്ങൾ എന്നിവയും പരിശോധനയുടെ പരിധിയിൽ വരും. ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.

മംഗളൂരു–കാസർകോട് മേഖല കേന്ദ്രീകരിച്ച് ഇത്തരം ഉൽപ്പന്നങ്ങൾ ഓൺലൈനിലൂടെ സംസ്ഥാനത്ത് വിൽക്കുന്നുണ്ടെന്നാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ വിലയിരുത്തൽ. പാകിസ്താൻ വഴി എത്തുന്ന ചില ഉൽപ്പന്നങ്ങളിൽ നിർമാതാവിന്റെ പേര്, നിർമാണ തീയതി, കാലാവധി തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയും തുടർനടപടികളും ശക്തമാക്കുന്നത്.

17-കാരിയുടെ വൃക്കരോഗം; നിയമപോരാട്ടത്തിന് ഒരുങ്ങി

മെർക്കുറി അടങ്ങിയ ഫെയ്സ്‌ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന പരാതിയുമായി മലപ്പുറത്തെ 17-കാരി രംഗത്തെത്തിയ സംഭവമാണ് ആരോഗ്യവകുപ്പിന്റെ ഇടപെടലിന് പശ്ചാത്തലമായത്.

സംഭവത്തിൽ നിയമപോരാട്ടം ശക്തമാക്കാനാണ് പെൺകുട്ടിയുടെ തീരുമാനം. താൻ ഉപയോഗിച്ചിരുന്ന ക്രീമിന്റെ സാമ്പിൾ പൊലീസിന് കൈമാറിയതായും ‘എഫ് ട്യൂൺ’ എന്ന ക്രീമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്ന് പൊലീസിന് മൊഴി നൽകിയതായും പെൺകുട്ടി പറഞ്ഞു. ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും അവൾ വ്യക്തമാക്കി.

ക്രീം ഇപ്പോഴും ഉപയോഗിക്കുന്നവരുണ്ടെങ്കിൽ അത് നിർത്തണമെന്നും പെൺകുട്ടി അഭ്യർഥിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിച്ചതിന്റെ പേരിൽ ചിലർ സാമൂഹിക മാധ്യമങ്ങളിൽ കമന്റുകളിലൂടെ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും അവൾ പറഞ്ഞു. തനിക്ക് സംഭവിച്ചതുപോലെ മറ്റാർക്കും ഉണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് നിയമപോരാട്ടത്തിന് ഇറങ്ങിയതെന്നും പെൺകുട്ടി വ്യക്തമാക്കി.

ഓപ്പറേഷൻ സൗന്ദര്യയിൽ കണ്ടെത്തിയത് വൻതോതിൽ മെർക്കുറി

വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ കണ്ടെത്താൻ ആരോഗ്യവകുപ്പ് നടത്തിയ ‘ഓപ്പറേഷൻ സൗന്ദര്യ’ പരിശോധനയിൽ ചില ഫെയർനെസ് ക്രീമുകളിൽ അനുവദനീയമായതിലും 20,000 മടങ്ങ് അധികം മെർക്കുറി കണ്ടെത്തിയതായാണ് റിപ്പോർട്ട്.

സൗജന്യ സാമ്പിളുകളിലും ചില ലിപ്സ്റ്റിക്കുകളിലും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ‘ഓപ്പറേഷൻ സൗന്ദര്യ’ വീണ്ടും ഊർജിതമാക്കാനാണ് സർക്കാർ നീക്കം.

Story Summary:
Kerala’s Health Department has ordered statewide inspections to curb the sale of unauthorised cosmetics and protein supplements. Authorities have been directed to take action against sellers of misleadingly advertised products and vloggers who promote them. The move follows a 17-year-old girl’s complaint that an online face cream caused serious kidney problems. The state’s Operation Soundarya had reportedly detected extremely high mercury levels in some fairness creams.

Get more updates from Pudukad News on Google