നെതന്യാഹുവിന്റെ പാര്‍ട്ടിയെ സഖ്യചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഐസന്‍കോട്ട്; നീക്കത്തില്‍ ഭിന്നത രൂക്ഷം

ജറുസലേം: ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം ലഭിച്ച ഗാഡി ഐസന്‍കോട്ട്, കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ പാര്‍ട്ടിയായ ലികുഡിനെ സഖ്യചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഐസന്‍കോട്ടിന്റെ മധ്യപക്ഷ പാര്‍ട്ടിയായ യാഷറാണ് ഇക്കാര്യം അറിയിച്ചത്. ഈ ചര്‍ച്ചകള്‍ പരമാവധി വിശാലമായ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആത്മാര്‍ഥമായ ശ്രമത്തിന്റെ ഭാഗമാണെന്ന് പാര്‍ട്ടി വ്യക്തമാക്കി.
ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മുന്‍ സൈനിക മേധാവി കൂടിയായ ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപീകരണ ചുമതല ലഭിച്ചത്. നെതന്യാഹുവിന് പകരം പുതിയ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ അടുത്ത മാസം വരെ ഇദ്ദേഹത്തിന് സമയമുണ്ട്.
പ്രതിപക്ഷ ക്യാംപില്‍ ഭിന്നത
നെതന്യാഹുവിനെ അധികാരത്തില്‍നിന്ന് മാറ്റാന്‍ ഒന്നിച്ച പ്രതിപക്ഷ ക്യാംപില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസം രൂക്ഷമാണ്. തീവ്ര ഓര്‍ത്തഡോക്സ് പാര്‍ട്ടികളുമായും അറബ് ഭൂരിപക്ഷ പട്ടികകളുമായും സഖ്യമുണ്ടാക്കണോ അതോ നെതന്യാഹുവിന്റെ മുന്നണിയുമായി ചേര്‍ന്ന് ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കണോ എന്നതിലാണ് തര്‍ക്കം.
സര്‍ക്കാര്‍ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും തേടുന്നതിന്റെ ഭാഗമായാണ് ലികുഡ് പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതെന്ന് യാഷര്‍ പ്രസ്താവനയില്‍ അറിയിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ നിര്‍ണായക മുന്നേറ്റമുണ്ടാക്കാന്‍ സാധ്യമായ എല്ലാ വഴികളും പരീക്ഷിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.
നെതന്യാഹു വേണ്ടെന്ന് മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്
ഐസന്‍കോട്ടിന്റെ മുന്നണിയിലെ പ്രധാന നേതാവായ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, ഐസന്‍കോട്ടിന്റെ നേതൃത്വത്തില്‍ സയണിസ്റ്റ് ഐക്യസര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നെതന്യാഹുവുമായോ അദ്ദേഹത്തിന്റെ മുന്നണിയുമായോ തന്റെ പാര്‍ട്ടി യാതൊരു സാഹചര്യത്തിലും സഹകരിക്കില്ലെന്നും ബെന്നറ്റ് വ്യക്തമാക്കി.
ദേശീയ ഐക്യസര്‍ക്കാര്‍ വേണമെന്ന് നെതന്യാഹു
ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ഐക്യസര്‍ക്കാര്‍ അനിവാര്യമാണെന്നാണ് നെതന്യാഹുവിന്റെ വാദം. ലികുഡ് പാര്‍ട്ടിയിലെ അംഗങ്ങളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഐസന്‍കോട്ട് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാടാണ് അദ്ദേഹം നേരത്തേ സ്വീകരിച്ചത്.
സഖ്യചര്‍ച്ചകള്‍ അനിശ്ചിതമായി നീളാന്‍ അനുവദിക്കില്ലെന്ന് ഐസന്‍കോട്ട് ഇന്നലെ വ്യക്തമാക്കിയിരുന്നു. വിശാലമായ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ ന്യൂനപക്ഷ ദേശീയ അടിയന്തര സര്‍ക്കാരിന് രൂപം നല്‍കി പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി അവതരിപ്പിക്കാനും തയാറാണെന്ന് അദ്ദേഹം പറഞ്ഞു.




