Skip to content
November 24, 2026
⌕

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്: ശിരോമണി അകാലിദൾ വീണ്ടും എൻഡിഎയിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി | Shiromani Akali Dal returns to NDA

November 24, 2026
Share this post to
PM Modi

2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിരോമണി അകാലിദൾ (എസ്എഡി) വീണ്ടും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) ഭാഗമായി. പാർട്ടിയുടെ തിരിച്ചുവരവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. പഞ്ചാബിന്റെയും അവിടുത്തെ ജനങ്ങളുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്ന സ്വാഭാവിക സഖ്യമാണ് ബിജെപിയും അകാലിദളും തമ്മിലുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു. ശ്രീ ഗുരു നാനക് ദേവിന്റെ പ്രകാശ് പുർബ് ദിനത്തിൽ അകാലിദൾ എൻഡിഎയിലേക്ക് മടങ്ങിയെത്തിയത് സന്തോഷകരമാണെന്ന് മോദി എക്സിൽ കുറിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി, മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ എന്നിവരുടെ നേതൃത്വത്തിൽ വളർന്ന സഖ്യത്തിന് ദീർഘകാലത്തെ ചരിത്രമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജനക്ഷേമകരമായ ഭരണം ഉറപ്പാക്കി പഞ്ചാബിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. (Shiromani Akali Dal returns to NDA)

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവർ ചൊവ്വാഴ്ച ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സഖ്യധാരണ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് അമിത് ഷാ അറിയിച്ചു. പഞ്ചാബിലെ മയക്കുമരുന്ന് വ്യാപനവും അഴിമതിയും ഇല്ലാതാക്കാൻ നടപടികളെടുക്കുമെന്നും 2029 ഡിസംബറോടെ സംസ്ഥാനത്തെ മയക്കുമരുന്ന് മുക്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങൾ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് 2020ലാണ് അകാലിദൾ എൻഡിഎ വിട്ടത്. നിയമങ്ങൾ പിന്നീട് പിൻവലിച്ചെങ്കിലും 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും വെവ്വേറെയാണ് മത്സരിച്ചത്. ഇപ്പോഴത്തെ ധാരണയോടെ വർഷങ്ങൾ നീണ്ട രാഷ്ട്രീയ അകൽച്ചയ്ക്കാണ് വിരാമമാകുന്നത്.

പഞ്ചാബിൽ ഒരുകാലത്ത് ശക്തമായ തെരഞ്ഞെടുപ്പ് സാന്നിധ്യമായിരുന്ന ബിജെപി-അകാലിദൾ സഖ്യത്തിന്റെ പ്രകടനം തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ കുറഞ്ഞിരുന്നു. 2012ൽ അകാലിദൾ 56 സീറ്റും ബിജെപി 12 സീറ്റും നേടിയപ്പോൾ, 2017ൽ യഥാക്രമം 15, മൂന്ന് സീറ്റുകളിലേക്കും 2022ൽ മൂന്ന്, രണ്ട് സീറ്റുകളിലേക്കും വിജയം ചുരുങ്ങി. 2022ൽ ആം ആദ്മി പാർട്ടി 92 സീറ്റുകൾ നേടി അധികാരത്തിലെത്തിയിരുന്നു.

Summary: Prime Minister Narendra Modi has welcomed the Shiromani Akali Dal’s return to the NDA ahead of the 2027 Punjab Assembly elections. The BJP and SAD have agreed to contest the polls together after ending their alliance in 2020 over the three farm laws.

Get more updates from Pudukad News on Google