Skip to content
November 24, 2026
⌕

‘അത് അവരുടെ അവകാശമാണ്;’ ദീപിക പദുക്കോണിന്റെ എട്ട് മണിക്കൂർ ജോലി സമയം ആവശ്യത്തെ പിന്തുണച്ച് കരൺ ജോഹർ | Karan Johar supports Deepika Padukone

November 24, 2026
Share this post to
Karan Johar supports Deepika Padukone

നടി ദീപിക പദുക്കോൺ സിനിമാ ചിത്രീകരണത്തിന് എട്ട് മണിക്കൂർ ജോലി സമയം വേണമെന്ന നിലപാട് സ്വീകരിച്ചതിനെ പിന്തുണച്ച് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന അതേ പരിഗണനയും തൊഴിൽപരമായ സ്വാതന്ത്ര്യവും വനിതാ താരങ്ങൾക്കും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഫി വിത്ത് കരൺ സീസൺ ഒൻപതിന്റെ പുതിയ എപ്പിസോഡിലാണ് കരൺ ഇക്കാര്യം വ്യക്തമാക്കിയത്. (Karan Johar supports Deepika Padukone)

എപ്പിസോഡിൽ അതിഥികളായെത്തുന്ന അക്ഷയ് കുമാറിന്റെ ജോലിയോടുള്ള അച്ചടക്കത്തെയും കരൺ പ്രശംസിച്ചു. പുലർച്ചെ അഞ്ചിന് പോലും യോഗങ്ങളിൽ പങ്കെടുക്കുകയും തിരക്കഥ മനഃപാഠമാക്കുകയും ചെയ്യുന്ന അക്ഷയ് സംവിധായകരെയും നിർമാതാക്കളെയും പിന്തുണയ്ക്കുന്ന താരമാണെന്ന് അദ്ദേഹം പറഞ്ഞു. പുതുമുഖ സംവിധായകർക്ക് അവസരം നൽകുന്ന കാര്യത്തിലും അക്ഷയ് അർഹിക്കുന്നത്ര അംഗീകാരം ലഭിക്കുന്നില്ലെന്നും കരൺ അഭിപ്രായപ്പെട്ടു. ദീപികയുടെ എട്ട് മണിക്കൂർ ഷിഫ്റ്റ് ആവശ്യത്തെക്കുറിച്ച് സംസാരിക്കവെ, അവർ അത്തരമൊരു ആവശ്യം ഉന്നയിച്ചതിൽ എന്തിനാണ് ഇത്ര വലിയ ചർച്ചയെന്ന് കരൺ ചോദിച്ചു. കഠിനാധ്വാനം ചെയ്യുന്ന ഒരു പ്രൊഫഷണലാണ് ദീപികയെന്നും അമ്മ, ഭാര്യ എന്നീ ഉത്തരവാദിത്വങ്ങൾക്കൊപ്പം വ്യക്തിജീവിതവും ജോലിയും കൈകാര്യം ചെയ്യാൻ അവർക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരുഷ താരങ്ങൾ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ഉണ്ടാകാത്ത ചർച്ചകൾ വനിതാ താരങ്ങളുടെ കാര്യത്തിൽ ഉയരുന്നത് ലിംഗവിവേചനത്തിന്റെ ഭാഗമാണെന്നും കരൺ ചൂണ്ടിക്കാട്ടി.

കരൺ ജോഹറിന്റെ നിലപാടിനോട് അക്ഷയ് കുമാറും യോജിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കുന്ന രീതി സിനിമാ സെറ്റിലുള്ള എല്ലാവർക്കും ഗുണകരമാണെന്നും സർഗാത്മകതയെ അത് ബാധിക്കില്ലെന്നും അക്ഷയ് പറഞ്ഞു. ഹോളിവുഡിലെ വലിയ സിനിമകളിലും കൃത്യമായി ആസൂത്രണം ചെയ്ത ഷൂട്ടിങ് ഷെഡ്യൂളുകളാണ് പിന്തുടരുന്നതെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. 2025ൽ സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റ് എന്ന ചിത്രത്തിൽനിന്ന് ദീപിക പിന്മാറിയത് ജോലി സമയത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എട്ട് മണിക്കൂർ ഷിഫ്റ്റ് വേണമെന്ന ദീപികയുടെ ആവശ്യം അണിയറപ്രവർത്തകർക്ക് അംഗീകരിക്കാനായില്ലെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് ‘കൽക്കി 2898 എഡി’ യുടെ രണ്ടാം ഭാഗത്തിലും താരം ഉണ്ടാകില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു.

2025 ഒക്ടോബറിൽ ഒരു അഭിമുഖത്തിൽ ദീപിക തന്നെ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. വർഷങ്ങളായി ചില പുരുഷ താരങ്ങൾ എട്ട് മണിക്കൂർ ജോലി സമയം പിന്തുടരുന്നുണ്ടെന്നും താൻ വനിതയായതുകൊണ്ട് മാത്രം സമാനമായ ആവശ്യം ഉന്നയിക്കുന്നത് അമിതമായ ആവശ്യമായി കാണേണ്ടതില്ലെന്നുമായിരുന്നു താരത്തിന്റെ നിലപാട്. കരീന കപൂർ, അനന്യ പാണ്ഡെ, നേഹ ധൂപിയ, ആലിയ ഭട്ട് തുടങ്ങിയവരും ദീപികയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.

Summary: Karan Johar has backed Deepika Padukone’s demand for an eight-hour work shift, saying female actors deserve the same professional rights as male stars. Akshay Kumar also supported time-bound shooting schedules, which he said benefit everyone on a film set.

Get more updates from Pudukad News on Google