എക്സ്ബോക്സ് എടുത്തുമാറ്റി; അമ്മയെ ചെയിൻസോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 16കാരൻ, സംഭവം ജിടിഎ 6 പുറത്തിറങ്ങിയതിന് പിന്നാലെ | Florida teenager chainsaw threat

വീഡിയോ ഗെയിം കളിക്കുന്നത് വിലക്കിയതിനെത്തുടർന്ന് അമ്മയെ ചെയിൻസോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ 16കാരനെതിരെ അമേരിക്കയിൽ കേസ്. ഫ്ലോറിഡയിലെ വോളൂഷ്യ കൗണ്ടിയിലെ ഡിലാൻഡ് മേഖലയിലാണ് സംഭവം. മകൻ ഉപയോഗിച്ചിരുന്ന എക്സ്ബോക്സ് കൺസോൾ അമ്മ എടുത്തുമാറ്റിയതിനു പിന്നാലെയാണ് ഭീഷണിയുണ്ടായതെന്നാണ് അധികൃതർ അറിയിച്ചത്. (Florida teenager chainsaw threat)
കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന സംഭവത്തിൽ തിങ്കളാഴ്ചയാണ് വോളൂഷ്യ കൗണ്ടി ഷെരീഫിന്റെ ഓഫീസിന് പരാതി ലഭിച്ചത്. അമ്മയെ ചെയിൻസോയുമായി പിന്തുടർന്ന കൗമാരക്കാരൻ കുടുംബത്തിലെ വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഷെരീഫ് മൈക്ക് ചിറ്റ്വുഡ് പറഞ്ഞു. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും സമ്മർദത്തിലാക്കുകയും ചെയ്തതായും അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ഉപയോഗിച്ചതെന്ന് കരുതുന്ന 18 ഇഞ്ച് നീളമുള്ള ഗ്രീൻവർക്ക്സ് കോർഡ്ലെസ് ചെയിൻസോയുടെ ചിത്രവും ഷെരീഫിന്റെ ഓഫീസ് പുറത്തുവിട്ടു. മാരകായുധം ഉപയോഗിച്ചുള്ള ഗുരുതരമായ ആക്രമണശ്രമം (Aggravated Assault with a Deadly Weapon) എന്ന കുറ്റമാണ് കൗമാരക്കാരനെതിരെ ചുമത്തിയത്. തുടർന്ന് സഹായത്തിനായി വോളൂഷ്യ ഫാമിലി റിസോഴ്സ് സെന്ററിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
നവംബർ 19നാണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 (GTA 6) പുറത്തിറങ്ങിയത്. ഗെയിമിന്റെ വരവിന് പിന്നാലെ സംഭവം നടന്നത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഗെയിമിലെ അക്രമരംഗങ്ങളും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഒരു സ്ത്രീയെ ആക്രമിക്കുകയും പിന്നീട് വെടിവെക്കുകയും ചെയ്യുന്ന രംഗം ഉൾപ്പെട്ട ഗെയിംപ്ലേ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഗെയിമിലെ ഉള്ളടക്കത്തെക്കുറിച്ചും വിമർശനങ്ങൾ ഉയർന്നിരുന്നു.
Summary: A 16-year-old in Florida was charged with aggravated assault after allegedly chasing his mother with a chainsaw when she took away his Xbox. Authorities also said he threatened to harm family pets in the incident.




