‘ആർആർആർ’ പാട്ടിന്റെ ചുവടുകൾ മനഃപാഠം; നാറ്റു നാറ്റുവിനൊപ്പം നൃത്തം ചെയ്ത് ബിടിഎസ് താരങ്ങൾ, സന്തോഷം പങ്കിട്ട് അണിയറപ്രവർത്തകർ | Kim Taehyung RRR choreography

എസ്.എസ്. രാജമൗലിയുടെ ‘ആർആർആർ’ ചിത്രത്തിലെ ‘നാറ്റു നാറ്റു’ ഗാനത്തിന്റെ ചുവടുകൾ മനഃപാഠമാണെന്ന് വെളിപ്പെടുത്തി ബിടിഎസ് താരം വി (കിം തേ ഹ്യുങ്). ചിത്രത്തോടും ഇന്ത്യൻ സിനിമകളോടുമുള്ള ഇഷ്ടം പങ്കുവെച്ചതിനു പിന്നാലെ വി, ബാൻഡ് അംഗമായ ജങ്കൂക്കിനൊപ്പം ‘നാറ്റു നാറ്റു’വിന്റെ ഹുക്ക് സ്റ്റെപ്പ് അവതരിപ്പിക്കുന്ന പഴയ വീഡിയോയും ആരാധകർ വീണ്ടും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. (Kim Taehyung RRR choreography)
View this post on Instagram
തിങ്കളാഴ്ച വീവേഴ്‌സിലൂടെ ഇന്ത്യൻ ആരാധകരുമായി നടത്തിയ സംവാദത്തിലാണ് ഇന്ത്യൻ സിനിമകളോടുള്ള ഇഷ്ടത്തെക്കുറിച്ച് വി സംസാരിച്ചത്. ‘ഇന്ത്യൻ സിനിമകൾ കാണാറുണ്ടോ’ എന്ന ആരാധകന്റെ ചോദ്യത്തിന് ധാരാളം ചിത്രങ്ങൾ കാണാറുണ്ടെന്നും ഇഷ്ടപ്പെട്ട ഒരു നൃത്തച്ചുവടുണ്ടെന്നും അദ്ദേഹം മറുപടി നൽകി. പ്രിയപ്പെട്ട ഇന്ത്യൻ സിനിമ ഏതാണെന്ന ചോദ്യത്തിന് ‘ത്രീ ഇഡിയറ്റ്സ്’, ‘ദംഗൽ’ എന്നിവയുടെ പേരുകൾ പറഞ്ഞ താരം, ‘ആർആർആർ’ ചിത്രത്തിലെ എല്ലാ നൃത്തച്ചുവടുകളും മനഃപാഠമാണെന്നും കൂട്ടിച്ചേർത്തു. 2023ൽ ഒരു വീവേഴ്‌സ് ലൈവ് സെഷനിൽ ജങ്കൂക്ക് ആരാധകർക്കായി ‘നാറ്റു നാറ്റു’ ഗാനം പ്ലേ ചെയ്യുകയും അതിനൊപ്പം ചുണ്ടനക്കുകയും ചെയ്തിരുന്നു. പിന്നീട് വിവിധ ലൈവ് സെഷനുകളിലും അദ്ദേഹം ഗാനത്തിന്റെ ഭാഗങ്ങൾ മൂളിയിട്ടുണ്ട്. ഇപ്പോൾ ഇരുവരും അരിറാങ് ടൂറിനിടെ വേദിയിൽ ‘നാറ്റു നാറ്റു’വിന്റെ ഹുക്ക് സ്റ്റെപ്പ് അവതരിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
View this post on Instagram
വീഡിയോ വീണ്ടും പ്രചരിച്ചതോടെ ‘ആർആർആർ’ അണിയറപ്രവർത്തകരും സന്തോഷം പങ്കുവെച്ചു. വി, ജങ്കൂക്ക് എന്നിവരുടെ സ്നേഹത്തിന് നന്ദി അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ചു. ‘നാറ്റു നാറ്റു’വിന്റെ ആവേശത്തിന് ഒരിക്കലും അവസാനമില്ലെന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. രാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിലെത്തിയ ‘ആർആർആർ’ 2022ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ ‘നാറ്റു നാറ്റു’ ഗാനത്തിന് ഗോൾഡൻ ഗ്ലോബ്, ഓസ്കർ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.
Summary: BTS member V has revealed that he has memorised the choreography of the song Naatu Naatu from SS Rajamouli’s RRR. A resurfaced video of V and Jung Kook performing the hookstep during the Arirang tour has delighted the film’s team, which thanked the K-pop stars for their appreciation.




