ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും ബിജെപിയുടെ ’50 സീറ്റ്’ സമസ്യയും; സഖ്യകക്ഷികളുമായുള്ള സീറ്റ് ധാരണ നിര്‍ണായകം, ഭരണവിരുദ്ധവികാരം മുതലെടുക്കാന്‍ ചെറുപാര്‍ട്ടികള്‍

ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാജ്യത്തെ മുഴുവന്‍ ശ്രദ്ധയും കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി (എസ്പി) സീറ്റ് വിഭജന ചര്‍ച്ചകളിലാണ്. എന്നാല്‍ അതിനേക്കാള്‍ വലിയൊരു രാഷ്ട്രീയ വെല്ലുവിളി നേരിടാന്‍ പോകുന്നത് ഭരണകക്ഷിയായ ബിജെപിയാണ്, അതും സ്വന്തം സഖ്യകക്ഷികളില്‍ നിന്നുതന്നെ!
സംസ്ഥാനത്തെ നാലു പ്രധാന പ്രാദേശിക പാര്‍ട്ടികളുടെ പ്രതീക്ഷകളെ ഒരേസമയം തൃപ്തിപ്പെടുത്തുക എന്ന കടുത്ത പരീക്ഷണമാണ് ബിജെപിക്കു മുന്നിലുള്ളത്. ഇതില്‍ രണ്ട് പാര്‍ട്ടികള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പി മുന്നണിയിലായിരുന്നവരാണ്. 2022-ല്‍ എസ്പിക്കൊപ്പം നിന്ന ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക് ദള്‍, ഓം പ്രകാശ് രാജ്ഭറിന്റെ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എന്നിവര്‍ പിന്നീട് എന്‍ഡിഎ പാളയത്തിലേക്ക് മാറി.
ഇവര്‍ക്കൊപ്പം കഴിഞ്ഞ തവണ ബിജെപിക്കൊപ്പം മത്സരിച്ച അനുപ്രിയ പട്ടേലിന്റെ അപ്നാ ദള്‍, സഞ്ജയ് നിഷാദിന്റെ നിഷാദ് പാര്‍ട്ടി എന്നിവരുമുണ്ട്. പടിഞ്ഞാറന്‍ യുപി മുതല്‍ കിഴക്കന്‍ യുപി വരെ സ്വാധീനമുള്ള ഈ നാല് സഖ്യകക്ഷികളുടെയും ആഗ്രഹങ്ങളെ വെറും 50 സീറ്റുകള്‍ക്കുള്ളില്‍ ഒതുക്കാന്‍ ബിജെപിക്ക് സാധിക്കുമോ?
2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റുകളില്‍ 376 സീറ്റുകളിലും ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്; സഖ്യകക്ഷികള്‍ക്ക് നല്‍കിയത് വെറും 27 സീറ്റുകള്‍ മാത്രം. അതില്‍ 255 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇത്തവണ ബിജെപി ഏകദേശം 350 സീറ്റുകളില്‍ മത്സരിക്കാനും, ബാക്കിയുള്ള സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കായി വിട്ടുനല്‍കാനുമാണ് ആലോചിക്കുന്നത്.
പക്ഷേ, നാല് പ്രാദേശിക കക്ഷികളുടെയും ഉയര്‍ന്ന ആവശ്യങ്ങള്‍ ഈ 50 സീറ്റുകള്‍ക്കുള്ളില്‍ ഒതുങ്ങുമോ എന്നതാണ് വലിയ ചോദ്യം. 2022-ല്‍ എസ്പി സഖ്യത്തിന്റെ ഭാഗമായി പടിഞ്ഞാറന്‍ യുപിയില്‍ 33 സീറ്റുകളില്‍ മത്സരിച്ച ആര്‍എല്‍ഡി എട്ടു സീറ്റുകളില്‍ വിജയിച്ചിരുന്നു. 2014 മുതല്‍ ബിജെപി ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന മണ്ഡലങ്ങളിലാണ് ആര്‍എല്‍ഡി നേരിട്ട് പോരാടിയത്.
മറുവശത്ത്, കിഴക്കന്‍ യുപിയില്‍ 19 സീറ്റുകളില്‍ മത്സരിച്ച എസ്ബിഎസ്പി ആറു സീറ്റുകള്‍ നേടി. സ്വന്തമായി ശക്തമായ ജാതി-സമുദായ വോട്ട് ബാങ്കുകളുള്ളതിനാല്‍, ഇരുപാര്‍ട്ടികളും ഇത്തവണ ബിജെപിയോട് കടുത്ത വിലപേശല്‍ നടത്തുമെന്ന് ഉറപ്പാണ്.
സങ്കീര്‍ണമായ സീറ്റ് ചര്‍ച്ചകള്‍ക്കായി നാല് മുതിര്‍ന്ന നേതാക്കളെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആര്‍എല്‍ഡി അധ്യക്ഷന്‍ ജയന്ത് ചൗധരിയുമായി ചര്‍ച്ച നടത്തും. ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് അപ്നാ ദള്‍ (എസ്) നേതാവ് അനുപ്രിയ പട്ടേലുമായും സംസ്ഥാന ബിജെപി അധ്യക്ഷന്‍ പങ്കജ് ചൗധരി നിഷാദ് പാര്‍ട്ടി തലവന്‍ സഞ്ജയ് നിഷാദുമായും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എസ്ബിഎസ്പി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭറുമായി ചര്‍ച്ച നടത്തും.
സഖ്യകക്ഷികള്‍ ഇതിനോടകം തന്നെ വലിയ സീറ്റ് വിഹിതത്തിനായി സമ്മര്‍ദം തുടങ്ങിക്കഴിഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം നിഷാദ് പാര്‍ട്ടി ആവശ്യപ്പെടുന്നത് 36 സീറ്റുകളാണ്. ആര്‍എല്‍ഡി മുപ്പതും അപ്നാ ദള്‍ (എസ്), എസ്ബിഎസ്പി എന്നീ പാര്‍ട്ടികള്‍ ഇരുപത്തിയഞ്ച് സീറ്റ് വീതം ആവശ്യപ്പെട്ടിട്ടുണ്ട്. അതായത്, സഖ്യകക്ഷികളുടെ ആകെ ആവശ്യം 116 സീറ്റുകളാണ്. ബിജെപി മാറ്റിവെക്കാന്‍ ഉദ്ദേശിക്കുന്നത് 50 സീറ്റുകളും.
ഇവിടെ മുന്‍കാല തിരഞ്ഞെടുപ്പ് പ്രകടനം ഒരു പ്രധാന ഘടകമാണ്. പഴയ സഖ്യകക്ഷികള്‍ക്ക് മികച്ച വിജയശതമാനം അവകാശപ്പെടാനുണ്ട്. 2022-ല്‍ 17 സീറ്റുകളില്‍ മത്സരിച്ച അപ്നാ ദള്‍ (എസ്) 12 എണ്ണത്തില്‍ വിജയിച്ച് ഏകദേശം 70 ശതമാനം വിജയശതമാനം നേടി.
10 സീറ്റുകളില്‍ മത്സരിച്ച നിഷാദ് പാര്‍ട്ടി ആറെണ്ണത്തില്‍ വിജയിച്ച് 60 ശതമാനം വിജയശതമാനം നേടി. കൂടാതെ ബിജെപി ചിഹ്നത്തില്‍ മത്സരിച്ച നിഷാദ് പാര്‍ട്ടിയുടെ ആറു സ്ഥാനാര്‍ഥികളില്‍ അഞ്ചു പേരും വിജയിച്ചു.
എന്നാല്‍ പുതിയ സഖ്യകക്ഷികളായ ആര്‍എല്‍ഡിയുടെയും എസ്ബിഎസ്പിയുടെയും പ്രകടനം അത്ര മികച്ചതായിരുന്നില്ല. 33-ല്‍ എട്ടു സീറ്റുകള്‍ മാത്രം നേടിയ ആര്‍എല്‍ഡിയുടെ വിജയശതമാനം ഏകദേശം 24 ശതമാനമായിരുന്നു. 19-ല്‍ ആറു സീറ്റുകള്‍ നേടിയ ഓം പ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ്പിക്ക് ഏകദേശം 31 ശതമാനമായിരുന്നു വിജയം.
ഈ രണ്ട് പാര്‍ട്ടികളും കുറഞ്ഞ സീറ്റുകളില്‍ തൃപ്തിപ്പെടേണ്ടതാണ്. എന്നാല്‍ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഈ ചര്‍ച്ചകളില്‍ നിര്‍ണായകമാകും.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിരിച്ചടിയും, പത്തു വര്‍ഷത്തെ ഭരണവിരുദ്ധ വികാരവും, സംസ്ഥാനത്തെ ജാതി സമവാക്യങ്ങളും സഖ്യകക്ഷികള്‍ക്ക് നന്നായി അറിയാം. ബിജെപിയുടെ ഈ ദൗര്‍ബല്യങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാനാണ് ഇവരുടെ ശ്രമം.
ബിജെപിയുടെ തലവേദന വര്‍ധിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യം, നാല് സഖ്യകക്ഷികളില്‍ മൂന്നെണ്ണത്തിന്റെയും ശക്തികേന്ദ്രം കിഴക്കന്‍ ഉത്തര്‍പ്രദേശ് അഥവാ പൂര്‍വാഞ്ചല്‍ ആണെന്നതാണ്. ഒരേ മേഖലയിലെ സീറ്റുകള്‍ക്കായി മൂന്ന് പാര്‍ട്ടികളും അവകാശവാദം ഉന്നയിക്കുന്നത് സീറ്റ് വിഭജനം കൂടുതല്‍ സങ്കീര്‍ണമാക്കും.
2016-ല്‍ സഞ്ജയ് നിഷാദ് സ്ഥാപിച്ച നിഷാദ് പാര്‍ട്ടി ഒബിസി വിഭാഗങ്ങളായ നിഷാദ്, കേവത്, ബിന്ദ്, ബേല്‍ദാര്‍, മല്ല, സാഹ്നി, കശ്യപ്, ഗോണ്ടി സമുദായങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഗംഗ, യമുന നദീതടങ്ങളിലെ ഗൊരഖ്പുര്‍, ബസ്തി, അയോധ്യ, അസംഗഢ്, പ്രയാഗ്രാജ്, വാരണാസി ജില്ലകളിലാണ് ഇവരുടെ ശക്തി.
2002ല്‍ ഓം പ്രകാശ് രാജ്ഭര്‍ രൂപീകരിച്ച സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിക്ക് പൂര്‍വാഞ്ചലിലെ രാജ്ഭര്‍ സമുദായത്തിനും മറ്റ് യാദവേതര ഒബിസി വിഭാഗങ്ങള്‍ക്കുമിടയിലാണ് സ്വാധീനം. യുപി വോട്ടര്‍മാരുടെ ഏകദേശം നാലു ശതമാനം വരുന്ന രാജ്ഭര്‍ സമുദായത്തിന് ഗാസിപുര്‍, ഘോസി, ബല്ലിയ, ജൗന്‍പുര്‍ ജില്ലകളില്‍ നിര്‍ണായക സ്വാധീനമുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ രാജ്ഭര്‍ ആവശ്യപ്പെടുന്ന 36 മണ്ഡലങ്ങളുടെ പട്ടിക എന്ന പേരില്‍ അഖിലേഷ് യാദവ് അടുത്തിടെ ഒരു പോസ്റ്റ് പങ്കുവെച്ച് സഖ്യത്തെ പരിഹസിച്ചിരുന്നു.
കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ നയിക്കുന്ന അപ്നാ ദള്‍ (എസ്) പാര്‍ട്ടിക്ക് വിന്ധ്യ മേഖലയിലും മിര്‍സാപുരിലുമായി കുര്‍മി ഉള്‍പ്പെടെയുള്ള ഒബിസി വോട്ടര്‍മാര്‍ക്കിടയിലാണ് ശക്തമായ അടിത്തറയുള്ളത്. ചുരുക്കത്തില്‍, ഒരേ ഭൂമിശാസ്ത്രപരമായ മേഖലയില്‍ സ്വാധീനമുള്ള മൂന്ന് പ്രാദേശിക കക്ഷികളെ ഒരേസമയം തൃപ്തിപ്പെടുത്തുക എന്ന കഠിനമായ ദൗത്യമാണ് ബിജെപിക്ക് മുന്നിലുള്ളത്.
ഇതിനെല്ലാം പുറമെ, മറ്റൊരു എന്‍ഡിഎ സഖ്യകക്ഷിയായ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) കൂടി ഉത്തര്‍പ്രദേശില്‍ സമ്മര്‍ദം ശക്തമാക്കുകയാണ്. ബിജെപിയുമായി സീറ്റ് ധാരണയായില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയാണ് പാസ്വാന്‍ നല്‍കുന്നത്.
ബിഹാറിലെ ദളിത് വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള എല്‍ജെപി, ഉത്തര്‍പ്രദേശിലും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
നാഗാലാന്‍ഡിലെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് പാസ്വാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. നാഗാലാന്‍ഡില്‍ എല്‍ജെപി സഖ്യമില്ലാതെയാണ് മത്സരിച്ചത്. തനിക്ക് അവിടെ രണ്ട് എംഎല്‍എമാരുണ്ട്. യുപിയില്‍ സഖ്യം സാധ്യമായില്ലെങ്കില്‍, ലോക് ജനശക്തി പാര്‍ട്ടി 403 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
അതുകൊണ്ടുതന്നെ, ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ വെല്ലുവിളി വെറും സീറ്റുകളുടെ എണ്ണം പങ്കുവെക്കുന്നതിനപ്പുറമാണ്. സഖ്യകക്ഷികളുടെ രാഷ്ട്രീയ മോഹങ്ങളെ സന്തുലിതമാക്കുക, പരസ്പരം മത്സരിക്കുന്ന ജാതി സമവാക്യങ്ങളെ കൈകാര്യം ചെയ്യുക, അതൃപ്തരായ പങ്കാളികള്‍ തിരഞ്ഞെടുപ്പ് എതിരാളികളായി മാറുന്നത് തടയുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
കോണ്‍ഗ്രസ്-എസ്പി സീറ്റ് വിഭജന ചര്‍ച്ചകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നതെങ്കിലും, സ്വന്തം മുന്നണിയെ ഒന്നിപ്പിച്ചു നിര്‍ത്തുക എന്നതായിരിക്കും ബിജെപി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണം.




