മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; വിനോദസഞ്ചാര മേഖലയ്ക്കും നിയന്ത്രണം | Mission Chakkakomban

ഇടുക്കി: മിഷൻ ചക്കക്കൊമ്പന്റെ ഭാഗമായി ചിന്നക്കനാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു (Mission Chakkakomban). നിരോധനാജ്ഞ നിലവിൽ വരുന്ന 1, 2, 9, 10, 11, 12 വാർഡുകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
വിനോദസഞ്ചാര മേഖലയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടെന്റ് ക്യാമ്പിങ്, ക്യാമ്പ് ഫയർ എന്നിവ നിരോധിച്ചു. ഒറ്റയാനെ പിടികൂടുന്നതിനുള്ള ദൗത്യനിർവഹണത്തിനായി വനംവകുപ്പ് നാളെ നിശ്ചയിച്ചിട്ടുണ്ട്.
അർധരാത്രി മുതൽ നിരോധനാജ്ഞ
ഇന്ന് രാത്രി 12 മണി മുതൽ ചിന്നക്കനാലിൽ നിരോധനാജ്ഞ നിലവിൽ വരും. ആളുകൾ കൂട്ടംകൂടുന്നതിനും പൊതുഗതാഗതത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തടാകക്കരയിൽ തുടരുന്ന ഒറ്റയാന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വെറ്ററിനറി റിപ്പോർട്ട്.
ഇന്നലെ തടാകം നീന്തിക്കടന്ന് തുരുത്തിലെത്തിയ ഒറ്റയാൻ ഇന്ന് പുലർച്ചെ 80 ഏക്കറിലേക്ക് മടങ്ങിയെത്തി. ഇവിടെനിന്ന് 301ലെ പുൽമേടുകളിലേക്ക് അധികം ദൂരമില്ലെന്നാണ് വിവരം.
മയക്കുവെടിവയ്ക്കാൻ ഒന്നിലധികം സ്ഥലങ്ങൾ കണ്ടെത്തി
ദൗത്യത്തിനായി വനംവകുപ്പ് സംഘം പൂർണ സജ്ജമാണ്. സിമന്റ് പാലത്തെ കുങ്കി ക്യാമ്പിൽ നടത്തിയ മോക് ഡ്രില്ലോടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ഒറ്റയാനെ മയക്കുവെടിവയ്ക്കുന്നതിനായി ഒന്നിലധികം സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Story Summary:
Educational institutions in six wards of Chinnakanal will remain closed tomorrow as part of Mission Chakkakomban. Restrictions have also been imposed on tourism activities, including tent camping and campfires. A prohibitory order will come into effect from midnight, while the Forest Department is preparing to carry out the mission to capture the lone tusker. Veterinary reports indicate that the elephant is in satisfactory health.




