അയർലൻറ്റിൽ പ്രൊബേഷന്‍ കാലത്ത് പുറത്താക്കല്‍; നിയമപോരാട്ടത്തിനൊരുങ്ങി എച്ച്എസ്ഇ മുന്‍ മേധാവി, പ്രതിരോധത്തില്‍ ബോര്‍ഡ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യരംഗത്തെ പിടിച്ചുലച്ച എച്ച്എസ്ഇ നേതൃപ്രതിസന്ധി നിയമപോരാട്ടത്തിലേക്കു നീങ്ങുന്നു. ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ആന്‍ ഒ’കോണര്‍ നടപടിയെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കിയതോടെ എച്ച്എസ്ഇ ബോര്‍ഡും പ്രതിരോധത്തിലായി. അതേസമയം, പുറത്താക്കലില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടിനും ആരോഗ്യമന്ത്രി ജെന്നിഫര്‍ കാരള്‍ മക്നീലും വ്യക്തമാക്കി.
പ്രതിവര്‍ഷം നാലുലക്ഷം യൂറോ ശമ്പളമുള്ള പദവിയില്‍ ചുമതലയേറ്റ് എട്ടുമാസം പിന്നിടുമ്പോഴാണ് ഒ’കോണര്‍ പുറത്താക്കപ്പെട്ടത്. അഞ്ചുവര്‍ഷത്തെ കരാറില്‍ നിയമിക്കപ്പെട്ട അവര്‍ 12 മാസത്തെ പ്രൊബേഷന്‍ കാലയളവിലായിരുന്നു.
തന്നെ പുറത്താക്കിയ നടപടി തികച്ചും അന്യായമാണെന്നും തന്റെ ഔദ്യോഗിക പദവിയും പ്രഫഷനല്‍ അഭിമാനവും സംരക്ഷിക്കാന്‍ ലഭ്യമായ എല്ലാ നിയമമാര്‍ഗങ്ങളും തേടുമെന്നും ഒ’കോണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആശുപത്രികളിലെ ജീവനക്കാരുടെ ക്ഷാമവും രോഗികളുടെ സുരക്ഷയും സംബന്ധിച്ച വിവാദത്തിനിടെ എച്ച്എസ്ഇ മേധാവിയെ പുറത്താക്കിയതിന്റെ യഥാര്‍ഥ കാരണമെന്തെന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ നേതൃത്വവും തൊഴിലാളി സംഘടനകളും ഉയര്‍ത്തുന്നത്.
എട്ടുമാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയെന്ന് ബോര്‍ഡ്
ഒറ്റ സംഭവത്തിന്റെയോ വിവാദത്തിന്റെയോ അടിസ്ഥാനത്തിലല്ല ആന്‍ ഒ’കോണറെ പുറത്താക്കിയതെന്നാണ് എച്ച്എസ്ഇ ബോര്‍ഡിന്റെ വിശദീകരണം.
2026 മാര്‍ച്ച് 23ന് ചുമതലയേറ്റപ്പോള്‍ത്തന്നെ ഒ’കോണറുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ നിശ്ചയിച്ചിരുന്നു. ജൂണിലും ഒക്ടോബറിലും ഔദ്യോഗിക വിലയിരുത്തലുകള്‍ നടത്തി. വിവിധ സമിതികളും ബോര്‍ഡും അവരുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിച്ചിരുന്നുവെന്നും എച്ച്എസ്ഇ വ്യക്തമാക്കി.
നവംബര്‍ 19ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ചീഫ് എക്സിക്യൂട്ടീവിനെ സ്ഥാനത്തുനിന്നു നീക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. നവംബര്‍ 23ന് പുറത്താക്കല്‍ പരസ്യമായി പ്രഖ്യാപിച്ചു.
സാമ്പത്തിക നടത്തിപ്പ്, ചെലവുനിയന്ത്രണം, അടിയന്തര ആശുപത്രി സേവനങ്ങള്‍, ചികിത്സയ്ക്കുള്ള കാത്തിരിപ്പുപട്ടിക, സംഘടനാപരമായ പരിഷ്കാരങ്ങള്‍, ജീവനക്കാരുടെ മാനേജ്മെന്റ്, ആശയവിനിമയം, ഭരണനിര്‍വഹണം തുടങ്ങിയ മേഖലകളാണ് ബോര്‍ഡ് വിലയിരുത്തിയത്.
2004ലെ ആരോഗ്യനിയമം നല്കുന്ന അധികാരം വിനിയോഗിച്ചാണ് നടപടിയെന്നും തീരുമാനത്തിന്റെ കാരണങ്ങള്‍ ഒ’കോണറെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ അവ പൊതുജനങ്ങള്‍ക്കു മുന്നില്‍ വിശദീകരിച്ചിട്ടില്ല.
പ്രൊബേഷന്‍ കാലത്തെ പിരിച്ചുവിടല്‍; നിയമപോരാട്ടത്തിന് സാധ്യതയുണ്ടോ?
പ്രൊബേഷന്‍ കാലയളവില്‍ ഒരു ജീവനക്കാരനെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരമുണ്ടെങ്കിലും തൊഴില്ക്കരാറിലെ വ്യവസ്ഥകളും ബാധകമായ നിയമനടപടികളും പാലിച്ചിട്ടുണ്ടോയെന്നത് നിര്‍ണായകമാണ്.
അയര്‍ലണ്ടിലെ പൊതുമേഖലയില്‍ പ്രൊബേഷന്‍ കാലാവധി പരമാവധി 12 മാസം വരെയാകാം. ഈ കാലയളവില്‍ ജീവനക്കാരന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും പോരായ്മകളുണ്ടെങ്കില്‍ അറിയിക്കുകയും ചെയ്യുന്നത് നല്ല തൊഴില്‍രീതിയുടെ ഭാഗമാണ്.
പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നോ, അവ പരിഹരിക്കാന്‍ മതിയായ അവസരം നല്‍കിയിരുന്നോ, പിരിച്ചുവിടലിനു മുന്‍പ് സ്വന്തം ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങളാകും ഒ’കോണറുടെ നിയമപോരാട്ടത്തില്‍ നിര്‍ണായകമാവുക.
ഒരു സാധാരണ തൊഴില്തര്ക്കത്തിനപ്പുറം പൊതുമേഖലാ സ്ഥാപനത്തിന്റെ അധികാരവും ഉത്തരവാദിത്തവും ഉള്‍പ്പെടുന്ന വിഷയമായതിനാല്‍ ഈ കേസിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.
അന്യായ പിരിച്ചുവിടല്‍ നിയമം ബാധകമാകുമോ?
പ്രൊബേഷന്‍ കാലയളവില്‍ പുറത്താക്കപ്പെട്ടതിനാല്‍ സാധാരണ രീതിയിലുള്ള അന്യായ പിരിച്ചുവിടല്‍ പരാതി നല്‍കുന്നതിന് പരിമിതികളുണ്ടെന്നാണ് തൊഴില്‍നിയമ വിദഗ്ധന്‍ കെവിന് കാലന്റെ വിലയിരുത്തല്‍.
എന്നാല്‍ അതുകൊണ്ടുമാത്രം നിയമപോരാട്ടത്തിനുള്ള എല്ലാ വാതിലുകളും അടയുന്നില്ല. കരാര്‍ ലംഘനം, നിയമപരമായ അധികാരത്തിന്റെ ദുരുപയോഗം, വിവേചനം, സംരക്ഷിത വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ പേരിലുള്ള പ്രതികാരനടപടി തുടങ്ങിയവയ്ക്ക് തെളിവുണ്ടെങ്കില്‍ മറ്റു നിയമമാര്‍ഗങ്ങള്‍ തേടാനാകും.
ജോലിക്കിടയിലെ ക്രമക്കേടുകളോ പൊതുതാല്പര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ നിയമാനുസൃതമായി പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ നടപടി നേരിടുന്ന ജീവനക്കാര്‍ക്ക് പ്രത്യേക നിയമപരിരക്ഷയുണ്ട്. എന്നാല്‍ ഒ’കോണറുടെ കാര്യത്തില്‍ അത്തരമൊരു സാഹചര്യം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ല.
ഹൈക്കോടതിയെ സമീപിക്കാം
പിരിച്ചുവിടലിന്റെ നിയമസാധുത ചോദ്യം ചെയ്യുന്നതിനോ നടപടി തടയുന്നതിനുള്ള ഇടക്കാല ഉത്തരവ് നേടുന്നതിനോ ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതയും നിലനില്ക്കുന്നു.
എന്നാല്‍ പ്രൊബേഷന്‍ കാലത്തെ പിരിച്ചുവിടലിനെതിരെ അനുകൂലമായ ഇടക്കാല ഉത്തരവ് നേടുന്നത് എളുപ്പമല്ല. കേസില്‍ ശക്തമായ നിയമപരമായ വാദങ്ങളുണ്ടെന്നും സാമ്പത്തിക നഷ്ടപരിഹാരം മാത്രം മതിയായ പരിഹാരമാകില്ലെന്നും കോടതിയെ ബോധ്യപ്പെടുത്തേണ്ടിവരും.
ആരോഗ്യനിയമപ്രകാരം എച്ച്എസ്ഇ ബോര്‍ഡിന് ലഭിച്ചിട്ടുള്ള അധികാരം നിയമാനുസൃതമായും നീതിപൂര്വമായുമാണോ വിനിയോഗിച്ചതെന്നതും കോടതിയുടെ പരിശോധനയ്ക്കു വിധേയമാകാമെന്ന് തൊഴില്‍നിയമ വിദഗ്ധ ആന്‍ ഒ’കോണല്‍ ചൂണ്ടിക്കാട്ടുന്നു.
നഷ്ടപരിഹാരമോ ഒത്തുതീര്‍പ്പോ?
നിയമപോരാട്ടം നീണ്ടുപോകുന്നതിനുപകരം പരസ്പര ധാരണയിലൂടെ തര്‍ക്കം പരിഹരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
പിരിച്ചുവിടല്‍ നിയമാനുസൃതമാണെങ്കില്‍ തൊഴില്ക്കരാറിലെ നോട്ടിസ് വ്യവസ്ഥകള്‍ അനുസരിച്ചുള്ള തുക മാത്രമാകാം എച്ച്എസ്ഇ നല്‍കേണ്ടിവരിക. എന്നാല്‍ നടപടികളില്‍ നിയമപരമായ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ സ്ഥിതി വ്യത്യസ്തമാകും.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ തൊഴില്‍ദാതാവിന്റെ മേധാവിയുമായി ബന്ധപ്പെട്ട തര്‍ക്കമായതിനാല്‍ ഒത്തുതീര്‍പ്പിലെ സാമ്പത്തിക വ്യവസ്ഥകളും പിന്നീട് പൊതുചര്ച്ചയാകാന് സാധ്യതയുണ്ട്.
പിരിച്ചുവിടലിനെതിരെ സ്വതന്ത്രവും ഫലപ്രദവുമായ അപ്പീല്‍ നല്കാന് ഒ’കോണറിന് അവസരം ലഭിക്കുമോയെന്ന ചോദ്യവും നിയമവിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.
പുറത്താക്കിയത് സര്‍ക്കാരല്ലെന്ന് ആരോഗ്യമന്ത്രി
എച്ച്എസ്ഇ മേധാവിയെ പുറത്താക്കിയതില്‍ സര്‍ക്കാരിനോ ആരോഗ്യവകുപ്പിനോ പങ്കില്ലെന്ന് ആരോഗ്യമന്ത്രി ജെന്നിഫര്‍ കാരള്‍ മക്നീല്‍ വ്യക്തമാക്കി.
പാര്‍ലമെന്റിന്റെ ബജറ്റ് മേല്‍നോട്ട സമിതിക്കു മുന്നില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ചീഫ് എക്സിക്യൂട്ടീവിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയതായി എച്ച്എസ്ഇ ബോര്‍ഡ് ചെയര്മാന് കഴിഞ്ഞ സെപ്റ്റംബറില്‍ അറിയിച്ചിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയെയും ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസിനെയും അറിയിച്ചിരുന്നുവെന്നും മന്ത്രി വെളിപ്പെടുത്തി.
എന്നാല്‍ ഒ’കോണറുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ബോര്‍ഡ് അംഗങ്ങളോട് അഭിപ്രായം പറയുകയോ വിലയിരുത്തല്‍ നടപടികളില്‍ ഇടപെടുകയോ ചെയ്തിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.
എച്ച്എസ്ഇയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ബോര്‍ഡിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയെയും പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം
എച്ച്എസ്ഇ മേധാവിയെ പുറത്താക്കിയതിനെച്ചൊല്ലി ചൊവ്വാഴ്ച ഡെയ്ലില്‍ ശക്തമായ വാഗ്വാദമാണ് നടന്നത്.
ഒ’കോണറെ പുറത്താക്കിയത് സര്‍ക്കാരാണെന്ന ആരോപണം പ്രധാനമന്ത്രി മിഹോള്‍ മാര്ട്ടിന് നിഷേധിച്ചു. ആരോഗ്യസേവനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിന് ആവശ്യമെങ്കില്‍ ചീഫ് എക്സിക്യൂട്ടീവിനെ നീക്കാന്‍ ബോര്‍ഡിന് നിയമപരമായ അധികാരമുണ്ടെന്നും അതിന് സര്‍ക്കാരിന്റെയോ മന്ത്രിയുടെയോ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആന്‍ ഒ’കോണര്‍ മികച്ച ഔദ്യോഗിക സേവനചരിത്രമുള്ള വ്യക്തിയാണെന്നും വ്യക്തിപരമായി അവര്‍ക്ക് ഏറെ പ്രയാസകരമായ സാഹചര്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, സര്‍ക്കാരിന്റെ അറിവോ പങ്കാളിത്തമോ ഇല്ലാതെയാണ് എച്ച്എസ്ഇ മേധാവിയെ പുറത്താക്കിയതെന്ന വിശദീകരണം വിശ്വസിക്കാനാവില്ലെന്ന് സിന് ഫെയ്ന് നേതാവ് മേരി ലൂ മക്ഡൊണാള്‍ഡ് പ്രതികരിച്ചു.
കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ പ്രതിസന്ധിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലമെന്നും രോഗികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് ആരോഗ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അവര്‍ പറഞ്ഞു.
രോഗികളുടെ സുരക്ഷയേക്കാള്‍ പ്രധാനം പണമോ?
രോഗികളുടെ സുരക്ഷയെക്കാള്‍ ചെലവുചുരുക്കലിന് മുന്‍ഗണന നല്കുന്ന സമീപനത്തിന്റെ പ്രതിഫലനമാണ് എച്ച്എസ്ഇ മേധാവിയുടെ പുറത്താക്കലെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ഇവാന ബാസിക് ആരോപിച്ചു.
ആരോഗ്യരംഗത്ത് വലിയ പുരോഗതിയുണ്ടായെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെ അതേ സ്ഥാപനത്തിന്റെ മേധാവിയെ പുറത്താക്കുന്നത് വിരോധാഭാസമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ബജറ്റ് അധികചെലവാണ് പുറത്താക്കലിന് കാരണമെങ്കില്‍ മുന്‍കാലങ്ങളിലെ എച്ച്എസ്ഇ മേധാവികളെയും പുറത്താക്കേണ്ടിവരുമായിരുന്നുവെന്നും ബാസിക് പരിഹസിച്ചു.
എന്നാല്‍ രോഗികളുടെ സുരക്ഷയെക്കാള്‍ ചെലവുനിയന്ത്രണത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രി മറുപടി നല്കി.
എച്ച്എസ്ഇ മേധാവിയെ പുറത്താക്കിയതിന്റെ യഥാര്‍ഥ കാരണം അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്സ് ഉപനേതാവ് സിയാന് ഒ’കലഹനും ആവശ്യപ്പെട്ടു.
മേധാവി മാത്രമല്ല, ബോര്‍ഡും പോകണമെന്ന് സിപ്റ്റു
ആന്‍ ഒ’കോണറെ പുറത്താക്കിയതിനു പിന്നാലെ എച്ച്എസ്ഇ ബോര്‍ഡ് ഒന്നടങ്കം രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രമുഖ തൊഴിലാളി സംഘടനയായ സിപ്റ്റു രംഗത്തെത്തി. ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്സ് അസോസിയേഷനും നേരത്തേ സമാനമായ ആവശ്യമുന്നയിച്ചിരുന്നു.
എച്ച്എസ്ഇ ബോര്‍ഡിന്റെ നടപടികള്‍ ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്ന് സിപ്റ്റു ഹെല്‍ത്ത് ഡിവിഷണല്‍ ഓര്‍ഗനൈസര്‍ കെവിന് ഫിഗിസ് അഭിപ്രായപ്പെട്ടു.
ആരോഗ്യരംഗത്തെ പ്രതിസന്ധിക്കിടെ ഒരു രാഷ്ട്രീയക്കാരനും ജോലി നഷ്ടപ്പെട്ടിട്ടില്ല. ആരോഗ്യസേവനങ്ങളുടെയും ജീവനക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലെ ബജറ്റ് പര്യാപ്തമല്ലെന്നതാണ് അടിസ്ഥാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍, സൈക്യാട്രിക് നഴ്സുമാര്‍, റേഡിയോഗ്രാഫര്‍മാര്‍, റേഡിയേഷന് തെറാപ്പിസ്റ്റുകള്‍, ആശുപത്രി സഹായികള്‍, ശുചീകരണ-കാറ്ററിങ് ജീവനക്കാര്‍ തുടങ്ങിയവരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് സിപ്റ്റു.
ജീവനക്കാരുടെ ആത്മവീര്യം തകര്‍ന്നെന്ന് ഫോര്‍സ
ആരോഗ്യരംഗത്തെ ക്ലിനിക്കല്‍, ഭരണവിഭാഗം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഫോര്‍സ ട്രേഡ് യൂണിയനും പുറത്താക്കലില്‍ വിശദീകരണം ആവശ്യപ്പെട്ടു.
എച്ച്എസ്ഇ മേധാവിയെ പുറത്താക്കിയതിലെ സുതാര്യതയില്ലായ്മ ജീവനക്കാരിലും രോഗികളിലും നിരാശയുണ്ടാക്കുന്നതാണെന്ന് ഫോര്‍സ ജനറല്‍ സെക്രട്ടറി കെവിന് കാലിനന് അഭിപ്രായപ്പെട്ടു.
പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കുന്ന സംഭവവികാസങ്ങളാണുണ്ടാകുന്നത്. എച്ച്എസ്ഇയും ബോര്‍ഡും ആരോഗ്യവകുപ്പും ചേര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വ്യക്തത നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വര്‍ധിച്ചുവരുന്ന ജനസംഖ്യയും ചികിത്സാച്ചെലവും നേരിടുന്നതിനിടെ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവിന്റെ ഭരണസംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ജീവനക്കാരുടെ ആത്മവീര്യം ഏറ്റവും താഴ്ന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
കോര്‍ക്കിലേക്ക് നേരിട്ടെത്തി പ്രധാനമന്ത്രി
വിവാദങ്ങളുടെ കേന്ദ്രബിന്ദുവായ കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രധാനമന്ത്രി മിഹോള്‍ മാര്ട്ടിന് സന്ദര്‍ശനം നടത്തി. ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ജെന്നിഫര്‍ കിയേര്ണിയുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം മണിക്കൂറുകളോളം ചര്‍ച്ച നടത്തി.
ജീവനക്കാരുടെ ക്ഷാമവും രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും പ്രധാനമന്ത്രി ശ്രദ്ധാപൂര്‍വം കേട്ടെങ്കിലും വ്യക്തമായ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ലെന്നാണ് വിവരം.
ആശുപത്രിയില്‍ ആയിരത്തോളം ജീവനക്കാരുടെ കുറവുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ ശൈത്യകാലത്ത് രോഗികള്‍ക്ക് സുരക്ഷിതമായ ചികിത്സ ഉറപ്പാക്കുന്നത് ദുഷ്കരമാകുമെന്നും ജെന്നിഫര്‍ കിയേര്‍ണി കഴിഞ്ഞ ഓഗസ്റ്റില്‍ എച്ച്എസ്ഇക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഈ കത്ത് പുറത്തുവന്നതും എച്ച്എസ്ഇ സൗത്ത് വെസ്റ്റ് റീജനല്‍ മേധാവി ആന്‍ഡി ഫിലിപ്സിന്റെ വിവാദപരമായ ഇടപെടലുമാണ് ദേശീയതലത്തില്‍ വലിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കിയത്.
2,900 കോടി യൂറോയുടെ ബജറ്റ്; എന്നിട്ടും ജീവനക്കാരുടെ ക്ഷാമം
29 ബില്യണ്‍ യൂറോയുടെ ബജറ്റുമായി പ്രവര്‍ത്തിക്കുന്ന എച്ച്എസ്ഇക്ക് കഴിഞ്ഞയാഴ്ച 780 മില്യണ്‍ യൂറോയുടെ അധിക സാമ്പത്തിക സഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ആരോഗ്യരംഗത്തെ തുടര്‍ച്ചയായ ബജറ്റ് അധികചെലവിനെക്കുറിച്ച് ഭരണമുന്നണിക്കുള്ളിലും ആശങ്ക ശക്തമാണ്. അതേസമയം, ആശുപത്രികളില്‍ സുരക്ഷിതമായ സേവനം ഉറപ്പാക്കാന്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ പരാതി.




