Skip to content
November 27, 2026
⌕

ഷാനന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പുതിയ സര്‍വീസ് മാര്‍ച്ച് 28 മുതല്‍

November 26, 2026
Share this post to

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള രാജ്യാന്തര യാത്രക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കി ഷാനന്‍ വിമാനത്താവളത്തില്‍ നിന്ന് നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 28 മുതല്‍ ദിവസേന സര്‍വീസ് നടത്തുമെന്ന് കെ എല്‍ എം റോയല്‍ ഡച്ച് എയര്‍ലൈന്‍സും ഷാനന്‍ എയര്‍പോര്‍ട്ട് ഗ്രൂപ്പും അറിയിച്ചു.

ആംസ്റ്റര്‍ഡാം വിമാനത്താവളം വഴി ലോകത്തെ 160ലേറെ ഡസ്റ്റിനേഷനുകളിലേക്ക് തുടര്‍യാത്ര നടത്താന്‍ പുതിയ സര്‍വീസ് വഴി തുറക്കും. ഡച്ച് വിമാനക്കമ്പനിയായ കെ എല്‍ എം ആദ്യമായാണ് ഷാനന്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് ആരംഭിക്കുന്നത്. പ്രാദേശിക ഗതാഗത ശക്തിപ്പെടുത്തുന്ന സുപ്രധാന ചുവടുവയ്പായാണ് പുതിയ സര്‍വീസിനെ വിലയിരുത്തുന്നത്.

യൂറോപ്പിലെ പ്രധാന നഗരങ്ങളായ ബ്രസല്‍സ്, കോപ്പന്‍ഹേഗന്‍, ജനീവ, മിലാന്‍, മ്യൂണിക്, ഓസ്ലോ, പ്രാഗ്, സ്റ്റോക്ക്ഹോം എന്നിവിടങ്ങളിലേക്ക് ആംസ്റ്റര്‍ഡാം വഴി യാത്ര എളുപ്പമാകും.ഘാനയിലെ അക്ര, അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സ്, സിംഗപ്പൂര്‍, വടക്കേ അമേരിക്കയിലെ വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘദൂര യാത്രകള്‍ക്കും പുതിയ സര്‍വീസ് കൂടുതല്‍ സൗകര്യമൊരുക്കും.

17 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ സര്‍വീസുകളാണ് ഷാനന്‍ വിമാനത്താവളം 2026ല്‍ നടത്തിയത്. 40 റൂട്ടുകളിലായിരുന്നു സര്‍വീസ്. ആംസ്റ്റര്‍ഡാം സര്‍വീസ് കൂടി ആരംഭിക്കുന്നതോടെ 2027ല്‍ റൂട്ടുകളുടെ എണ്ണം 44 ആയി ഉയരും.കെ എല്‍ എം സിറ്റിഹോപ്പറിന്റെ എംബ്രയര്‍ ഇ175, ഇ190 വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക.

യാഥാര്‍ത്ഥ്യമാകുന്നത് ദീര്‍ഘകാല ആവശ്യം

പ്രാദേശിക വ്യവസായ സ്ഥാപനങ്ങളും ടൂറിസം മേഖലയിലെ പങ്കാളികളും ദീര്‍ഘകാലമായി ആവശ്യപ്പെട്ടിരുന്നതാണ് ആംസ്റ്റര്‍ഡാം സര്‍വീസെന്ന് ഷാനന്‍ എയര്‍പോര്‍ട്ട് സി ഇ ഒ റേ ഒഡ്രിസ്‌കോള്‍ അറിയിച്ചു.

യൂറോപ്പിലെ പ്രമുഖ വിമാനക്കമ്പനികളിലൊന്നായ കെ എല്‍ എമ്മുമായി സഹകരിച്ച് ഈ ആവശ്യം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. പുതിയ സര്‍വീസ് മിഡ്വെസ്റ്റ് മേഖലയിലെ സാമ്പത്തിക വളര്‍ച്ചയിലേയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം അറിയിച്ചു.

അയര്‍ലണ്ടില്‍ നിന്നുള്ള മൂന്നാമത്തെ സര്‍വീസ് കേന്ദ്രമായി ഷാനനെ തിരഞ്ഞെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എയര്‍ ഫ്രാന്‍സ്-കെ എല്‍ എം യു കെ, അയര്‍ലണ്ട് ജനറല്‍ മാനേജര്‍ ജെറോം സലേമി വ്യക്തമാക്കി.പുതിയ സര്‍വീസ് മേഖലയുടെ സാമ്പത്തിക, വിനോദസഞ്ചാര, സാംസ്‌കാരിക വളര്‍ച്ചയ്ക്കും പ്രാദേശിക സമൂഹത്തിനും ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ റൂട്ട് നിലവില്‍ വരുന്നതോടെ രാജ്യാന്തര യാത്രകള്‍ക്കായി ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവരുന്ന ഷാനനും പരിസരപ്രദേശങ്ങളിലുമുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും യാത്രാ തിരഞ്ഞെടുപ്പുകളും ലഭിക്കും.

Get more updates from Pudukad News on Google