‘കണക്കു പറയേണ്ടത് കണക്കു പറഞ്ഞുതന്നെ തീർക്കും’; ജഡ്ജിക്കെതിരെ പരിഹാസം, പാർട്ടി വിമർശകർക്ക് മുന്നറിയിപ്പ്; ധനരാജ് വധക്കേസ് വിധിയിൽ രൂക്ഷ പ്രതികരണവുമായി ടി.ഐ. മധുസൂദനൻ

കണ്ണൂർ: ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ ജഡ്ജിക്കെതിരെയും പാർട്ടി വിമർശകർക്കെതിരെയും കടുത്ത ഭാഷയിലുള്ള വിമർശനങ്ങളും മുന്നറിയിപ്പുകളുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ രംഗത്ത്.
പാർട്ടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുമെന്നും കണക്കു പറയേണ്ടത് കണക്കു പറഞ്ഞു തന്നെ തീർക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി.
ധനരാജ് വധക്കേസ് വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമാണ് ടി.ഐ. മധുസൂദനൻ ഉന്നയിച്ചത്. “ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാത്തത് ഭാഗ്യം” എന്ന് അദ്ദേഹം പരിഹസിച്ചു.
ജഡ്ജി തണുപ്പിൽ ഇരുന്ന് കവിതകൾ ഉദ്ധരിക്കുകയാണെന്നും ജുഡീഷ്യറിയും നിർവഹിക്കുന്നത് ഭരണകൂട താൽപര്യമാണെന്നും അദ്ദേഹം ആരോപിച്ചു.
ടി.സി.വി. നന്ദകുമാറിനെ ശിക്ഷിച്ചതും ഇതേ ജഡ്ജിയാണെന്ന് ചൂണ്ടിക്കാട്ടിയ മധുസൂദനൻ, ശിക്ഷ നൽകി ഇടതുപക്ഷ പോരാട്ടവീര്യത്തെ ഇല്ലാതാക്കാനും ഇടതുപക്ഷ രാഷ്ട്രീയത്തെ ചവിട്ടിത്താഴ്ത്താനുമാണ് ശ്രമം നടക്കുന്നതെന്നും കുറ്റപ്പെടുത്തി.
ഡിവൈഎഫ്ഐ പ്രവർത്തകരുടെ ബോംബേറിൽ പോലീസ് വാഹനത്തിന് പോറൽ പോലും പറ്റിയില്ലെന്നും ഒരാൾക്കും രക്തം പോലും പൊടിഞ്ഞിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം, നന്ദകുമാർ എന്ത് തെറ്റാണ് ചെയ്തതെന്നും ചോദിച്ചു.
പാർട്ടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്നവർ നന്നായി ആലോചിച്ചു എഴുതിയാൽ മതിയെന്ന് മധുസൂദനൻ മുന്നറിയിപ്പ് നൽകി. വി. കുഞ്ഞികൃഷ്ണൻ എംഎൽഎയെ ‘രാഷ്ട്രീയ നപുംസകം’ എന്ന് അധിക്ഷേപിച്ച അദ്ദേഹം, ഇടതുപക്ഷത്തെ വിറ്റ് എംഎൽഎ ആകുക എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞികൃഷ്ണൻ പ്രവർത്തിച്ചതെന്നും ആരോപിച്ചു.
ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് തുക നൽകാത്ത വ്യക്തി ഇന്ന് വലിയ ആളായി നിൽക്കുകയാണെന്നും മധുസൂദനൻ പരിഹസിച്ചു.അതേസമയം, ധനരാജ് വധക്കേസിൽ പ്രോസിക്യൂഷനെയും പോലീസ് അന്വേഷണത്തെയും നിശിതമായി വിമർശിക്കുന്ന വിവരങ്ങളാണ് വിധിപ്പകർപ്പിലുള്ളത്. അന്വേഷണത്തിൽ അടിമുടി പിഴവുണ്ടായതായി കോടതി നിരീക്ഷിച്ചു.
കേസ് യാന്ത്രികമായി അന്വേഷിച്ചതിനാൽ നിരവധി വീഴ്ചകളുണ്ടായി. പോലീസ് ഒന്നാം സാക്ഷിയുടെ മൊഴിക്ക് പിന്നാലെ മാത്രം പോയതോടെ പ്രധാനപ്പെട്ട പല വിവരങ്ങളും പരിഗണിക്കാതെ വിട്ടു.
ചില വ്യക്തികളെ പ്രതികളാക്കാൻ നടന്ന ശ്രമം കേസിന് വിനയായെന്നും കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കൂട്ടി.ഗൂഢാലോചന കുറ്റം ഒഴിവായതിനും പ്രധാന കാരണം സാക്ഷിമൊഴിയിലെ വൈരുദ്ധ്യങ്ങളാണെന്നാണ് ഉത്തരവിലെ നിരീക്ഷണം. ഗൂഢാലോചന നടത്തുന്നത് കേട്ടെന്ന് മൊഴി നൽകിയത് ധനരാജിന്റെ അടുത്ത സുഹൃത്താണ്.
കൊലപാതകത്തിന് രണ്ട് മാസം മുന്നേ ഗൂഢാലോചന നടന്നെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ, രണ്ട് മാസം മുന്നേ അറിഞ്ഞ കാര്യം ഉറ്റ സുഹൃത്തായ ധനരാജിനെയോ പോലീസിനെയോ ഇയാൾ അറിയിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.മൊഴി രേഖപ്പെടുത്തുന്നതിലും അസാധാരണമായ കാലതാമസമുണ്ടായി.
പ്രതികൾ തമ്മിൽ കൊലപാതകം നടത്താനുള്ള ധാരണയോ ഒത്തുതീർപ്പോ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഒരേ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവർ ഒരുമിച്ച് കൂടുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
നിയമപരമായ തെളിവുകൾക്ക് പകരം രാഷ്ട്രീയ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ കേസ് വാദിച്ചത്. അത് നിയമപരമായി നിലനിൽക്കില്ലെന്നും, സാക്ഷിമൊഴികൾ മാത്രം അടിസ്ഥാനമാക്കി ഗൂഢാലോചന തെളിയിക്കുന്നത് അപകടകരമാണെന്നും കോടതി വിധിപ്പകർപ്പിൽ നിരീക്ഷിച്ചു.




