അസറുദ്ദീന്റെ സെഞ്ച്വറി; ഹിമാചലിനെ 67 റൺസിന് തകർത്ത് കേരളം സൂപ്പർ ലീഗിൽ | Kerala cricket

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ ഹിമാചൽ പ്രദേശിനെ 67 റൺസിന് തകർത്ത് കേരളം സൂപ്പർ ലീഗിലേക്ക് മുന്നേറി (Kerala cricket). ആദ്യം ബാറ്റ് ചെയ്ത കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 268 റൺസെന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചലിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സെഞ്ച്വറി നേടിയ മുഹമ്മദ് അസറുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്.
സ്കോർ: കേരളം – 20 ഓവറിൽ 268/4; ഹിമാചൽ പ്രദേശ് – 20 ഓവറിൽ 201/6.
അസറുദ്ദീന് സെഞ്ച്വറി; കേരളത്തിന് കൂറ്റൻ സ്കോർ
ഈ സീസണിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലാണ് കേരളം മത്സരത്തിൽ സ്വന്തമാക്കിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും മുഹമ്മദ് അസറുദ്ദീനും രോഹൻ കുന്നുമ്മലും ചേർന്ന് മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത്. ആദ്യ ഓവർ മുതൽ ആക്രമിച്ചുകളിച്ച ഇരുവരും 4.1 ഓവറിൽ സ്കോർ 50 കടത്തി.
ഹർഷിത് സണ്ടാൽ എറിഞ്ഞ അഞ്ചാം ഓവറിൽ തുടർച്ചയായി നാല് ഫോറും ഒരു സിക്സും നേടി അസറുദ്ദീൻ തിളങ്ങി. എന്നാൽ തൊട്ടടുത്ത ഓവറിൽ രോഹൻ കുന്നുമ്മൽ പുറത്തായി. 16 പന്തിൽ നാല് ഫോറും രണ്ട് സിക്സുമടക്കം 35 റൺസായിരുന്നു രോഹന്റെ സമ്പാദ്യം.
തുടർന്നെത്തിയ സഞ്ജു സാംസണും അസറുദ്ദീനും ചേർന്ന് സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 40 പന്തിൽ 77 റൺസ് കൂട്ടിച്ചേർത്തു. 21 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 44 റൺസെടുത്ത സഞ്ജു 13-ാം ഓവറിൽ മടങ്ങി. വിഷ്ണു വിനോദ് 11 പന്തിൽ ഒരു ഫോറും രണ്ട് സിക്സുമടക്കം 22 റൺസും നേടി.
മറുവശത്ത് തകർത്തടിച്ച അസറുദ്ദീൻ 27 പന്തിൽ അർധസെഞ്ച്വറിയും 56 പന്തിൽ സെഞ്ച്വറിയും പൂർത്തിയാക്കി. 19-ാം ഓവറിലെ രണ്ടാം പന്തിൽ പുറത്താകുമ്പോൾ 57 പന്തിൽ എട്ട് ഫോറും ആറ് സിക്സുമടക്കം 101 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
അവസാന ഓവറുകളിൽ അബ്ദുൾ ബാസിദും സൽമാൻ നിസാറും ചേർന്ന് സ്കോർ കുതിപ്പിച്ചു. ഓവറിലെ ശേഷിച്ച നാല് പന്തുകളും അതിർത്തി കടത്തിയ ബാസിദ് അഞ്ച് പന്തിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം 24 റൺസുമായി പുറത്താകാതെ നിന്നു. സൽമാൻ നിസാർ 15 പന്തിൽ ഒരു ഫോറും രണ്ട് സിക്സുമടക്കം 26 റൺസുമായി പുറത്താകാതെ നിന്നു. ഹിമാചലിനായി മൃദുൽ സറോച്ച് രണ്ട് വിക്കറ്റ് വീഴ്ത്തി.
ഹിമാചലിന് മറുപടി നൽകാനായില്ല
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചലിന് ആദ്യ ഓവറിൽ തന്നെ ആയുഷ് ജംവാളിന്റെ വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത താരത്തെ എം.ഡി. നിധീഷിന്റെ പന്തിൽ സഞ്ജു സാംസൺ പിടികൂടി. കെ.എം. ആസിഫ് എറിഞ്ഞ അടുത്ത ഓവറിൽ മൂന്ന് റൺസെടുത്ത വൈഭവ് ശർമയും പുറത്തായി.
തുടർന്ന് ക്യാപ്റ്റൻ പുഖ്രാജ് മന്നും ഏകാന്ത് സെന്നും ചേർന്ന് മൂന്നാം വിക്കറ്റിൽ 31 പന്തിൽ 50 റൺസ് കൂട്ടിച്ചേർത്തു. 16 പന്തിൽ 29 റൺസെടുത്ത പുഖ്രാജിനെ പുറത്താക്കി വൈശാഖ് ചന്ദ്രൻ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത ഓവറിൽ നേഹൽ വധേരയെ അബ്ദുൾ ബാസിദും മടക്കി.
പിന്നീട് ഏകാന്ത് സെൻ, മൃദുൽ സറോച്ച്, വൈഭവ് കട്ല, ആര്യമാൻ സിങ് എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും കേരളം ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിലേക്ക് എത്താൻ ഹിമാചലിനായില്ല. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെന്ന നിലയിൽ അവരുടെ ഇന്നിങ്സ് അവസാനിച്ചു.
വൈഭവ് കട്ല 57 റൺസും ഏകാന്ത് സെൻ 39 റൺസും ആര്യമാൻ സിങ് 30 റൺസും മൃദുൽ സറോച്ച് 29 റൺസും നേടി. കേരളത്തിനായി വൈശാഖ് ചന്ദ്രൻ രണ്ട് വിക്കറ്റ് വീഴ്ത്തി. എം.ഡി. നിധീഷ്, കെ.എം. ആസിഫ്, കാർത്തിക് ബി. നായർ, അബ്ദുൾ ബാസിദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
Story Summary :
Kerala defeated Himachal Pradesh by 67 runs to advance to the Super League stage of the Syed Mushtaq Ali Trophy. Kerala posted a massive 268/4 in 20 overs, powered by Mohammed Azharuddeen’s 101 off 57 balls. Himachal Pradesh managed 201/6 in reply. Vaishakh Chandran took two wickets for Kerala, while Azharuddeen was named Player of the Match.




