Skip to content
November 27, 2026
⌕

ശബരി റെയിൽ പദ്ധതി ട്രാക്കിലേക്കോ!. സർക്കാരിൻ്റെ പുതിയ നീക്കങ്ങളെ ആശ്വാസത്തോടെ കണ്ട് ഭൂവുടമകൾ. പദ്ധതി നിലച്ചത് പാതയ്ക്കായി കല്ലിട്ട ഭൂ ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു

November 27, 2026
Share this post to

കോട്ടയം: കാൽനൂറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്നിരുന്ന അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതിക്ക് വീണ്ടും ജീവൻ വെക്കുന്നതോടെ പ്രതീക്ഷയിലായിരിക്കുകയാണ് പദ്ധതി പ്രദേശത്തെ ജനങ്ങൾ.

ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സർവ്വേക്കല്ലുകൾ സ്ഥാപിച്ചതോടെ  സ്വന്തം ഭൂമി വിൽക്കാനോ പണയം വെക്കാനോ കഴിയാതെ ദുരിതത്തിലായിരുന്ന നൂറുകണക്കിന് കുടുംബങ്ങൾക്കാണ് ഇത് വലിയ ആശ്വാസമാകുന്നത്.

പദ്ധതിക്കായി ഭൂമി വിട്ടുനൽകാൻ സന്നദ്ധരായവർക്ക് നഷ്ടപരിഹാരം ലഭിക്കാതെ വന്നതും, ഭൂമിയിലുള്ള ക്രയവിക്രയ അവകാശങ്ങൾ മരവിപ്പിച്ചതും പ്രദേശവാസികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.

മക്കളുടെ വിവാഹം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് പോലും ഭൂമി പണയപ്പെടുത്തി വായ്പയെടുക്കാൻ പോലും ഇവർക്ക് സാധിച്ചിരുന്നില്ല.


നിർദിഷ്ട അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത കടന്നുപോകുന്ന എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിയുടെ അതിർത്തി നിർണയിച്ച് സർവേ നടത്താനാണ് പുതിയ തീരുമാനം.  


ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ വ്യാഴാഴ്ച അസാധാരണ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.  ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ, താലൂക്കുകളിലെ 18 വില്ലേജുകളിലാണ് സർവേ നടക്കുക.

സർവേ നടപടികളുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ അതിർത്തി നിർണയിക്കുന്ന നടപടികളാണ് ഇനി നടക്കുക. 


പദ്ധതിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങൾ വന്നതോടെ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാകുമെന്നും അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാകുമെന്നുമാണ് ഭൂവുടമകളുടെ പ്രതീക്ഷ. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തിന്റെ സമഗ്രമായ വികസനത്തിനൊപ്പം തങ്ങളുടെ വർഷങ്ങൾ നീണ്ട സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരമാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.


ശബരി പദ്ധതിക്ക് 3810 കോടി രൂപയാണ് ഇപ്പോഴുള്ള എസ്റ്റിമേറ്റ്. നിർമാണത്തിലെ തടസ്സങ്ങളും പ്രശ്‌നങ്ങളും മൂലം 2019 ലാണ് റെയിൽവേ ശബരി റെയിൽപ്പാത മരവിപ്പിച്ചത്. മരവിപ്പിച്ച നടപടി കഴിഞ്ഞവർഷം റദ്ദാക്കിയ റെയിൽവേ, തുടർനടപടികൾ എടുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നിർമാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന റെയിൽവേയുടെ ദീർഘകാല ആവശ്യം കഴിഞ്ഞ സർക്കാർ അംഗീകരിച്ചിരുന്നു. പുതിയ സർക്കാർ വന്നതിനുശേഷം ഇക്കാര്യങ്ങൾ വീണ്ടും അവലോകനം ചെയ്തുവരുകയായിരുന്നു. സർക്കാർ നിർദേശപ്രകാരം ശബരിപാതയുടെ നിലവിലുള്ള സ്ഥിതിയെക്കുറിച്ച് വിവിധ കളക്ടർമാർ റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു.

Get more updates from Pudukad News on Google