Skip to content
November 28, 2026
⌕

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ 23 മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിച്ചു. ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘവും ലൈഫ് ഗാർഡുകളുമാണ് രക്ഷകരായത്. അപകടത്തിൽപ്പെട്ടത് ‘സെയ്ന്റ് മൈക്കിൾ’, ‘ബെഥേൽ’ എന്നീ ബോട്ടുകൾ

November 27, 2026
Share this post to

വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ രണ്ട് ബോട്ടുകളിലെ 23 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘവും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെയുമായാണ് രണ്ട് ബോട്ടുകളും അപകടത്തിൽപ്പെട്ടത്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കൊല്ലം ശക്തികുളങ്ങര സ്വദേശി ജോർജ് സെറിലിന്റെ ഉടമസ്ഥതയിലുള്ള ‘സെയ്ന്റ് മൈക്കിൾ’ എന്ന ബോട്ടാണ് ആദ്യം അപകടത്തിൽപ്പെട്ടത്. 

വിഴിഞ്ഞം തീരത്തുനിന്ന് 18 മൈൽ അകലെവെച്ച് എൻജിൻ തകരാറിലായതോടെ ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കടലിലേക്ക് ഒഴുകിപ്പോകുകയുമായിരുന്നു. തുടർന്ന് തൊഴിലാളികൾ ഫിഷറീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടി.

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ വിഴിഞ്ഞം തീരത്തുനിന്ന് രണ്ട് മൈൽ അകലെയാണ് രണ്ടാമത്തെ അപകടമുണ്ടായത്. കൊല്ലം ശക്തികുളങ്ങര സ്വദേശി വിൽസൺ വിൻസന്റിന്റെ ഉടമസ്ഥതയിലുള്ള ‘ബെഥേൽ’ എന്ന ബോട്ടിന്റെ എൻജിൻ തകരാറിലാവുകയായിരുന്നു. 

വിവരമറിഞ്ഞ ഉടൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മനുവിന്റെ നിർദ്ദേശപ്രകാരം മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

രണ്ട് ബോട്ടുകളിലുമായി ഉണ്ടായിരുന്ന 23 തൊഴിലാളികളെയും സുരക്ഷിതമായി വിഴിഞ്ഞം തീരത്തെത്തിച്ചു. മറൈൻ എൻഫോഴ്‌സ്‌മെന്റ് എസ്.സി.പി.ഒ സുഗതൻ, സി.പി.ഒ അനന്തു, ലൈഫ് ഗാർഡുമാരായ ഇമാമുദ്ദീൻ, അലിക്കണ്ണ്, റോബിൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Get more updates from Pudukad News on Google