യൂറോപ്യന്‍ യൂണിയന്‍ യോഗങ്ങളില്‍ ബ്രിട്ടന് നിരീക്ഷക പദവി; കരാറില്‍ നിന്നും പിന്മാറാനും അവസരം

ബ്രസല്‍സ്: ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ഒപ്പുവെച്ച കരാറുകളുടെ പൂര്‍ണരൂപം ഇരുപക്ഷവും പുറത്തുവിട്ടു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് കരാറുകള്‍ പ്രസിദ്ധീകരിച്ചത്. ഇവ നടപ്പാക്കുന്നതിനുള്ള നിയമനിര്‍മാണ നടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
വ്യവസ്ഥകള്‍ പുറത്തുവന്നതോടെ ബ്രെക്സിറ്റ് പുനഃക്രമീകരണ കരാര്‍ എന്തു നേട്ടമുണ്ടാക്കും. അതിന്റെ ചെലവ് എത്രയായിരിക്കും. ഭാവിയില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായി.
ഭക്ഷ്യവ്യാപാരം സംബന്ധിച്ച കരാറില്‍ നിന്ന് പിന്മാറുന്നതിന് 10 വര്‍ഷത്തെ വ്യവസ്ഥയാണ് ഉള്‍പ്പെടുത്തിയത്. കരാറില്‍ നിന്ന് ഏതെങ്കിലും കക്ഷി പിന്മാറിയാല്‍ അതിര്‍ത്തി പരിശോധനാ സംവിധാനങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള ന്യായവും ആനുപാതികവുമായ ചെലവ് വഹിക്കേണ്ടിവരും. നിലവിലുള്ള അതിര്‍ത്തി പരിശോധനാ സംവിധാനങ്ങളില്‍ വലിയൊരു ഭാഗം ഒഴിവാക്കാനാണ് പുതിയ കരാറിലെ പദ്ധതി.
പ്രതിപക്ഷ നേതാവ് കെമി ബേഡനോക്ക് അധികാരത്തിലെത്തിയാല്‍ കരാര്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. റിഫോം യുകെ നേതാവ് നൈജല്‍ ഫാരേജ് ചെലവ് നല്‍കാന്‍ വിസമ്മതിക്കുമെന്ന സൂചനയും നല്‍കി.
യൂറോപ്യന്‍ യൂണിയന്‍ യോഗങ്ങളില്‍ ബ്രിട്ടന് നിരീക്ഷക പദവി
പുതിയ കരാറനുസരിച്ച് യൂറോപ്യന്‍ യൂണിയന്റെ പ്രസക്തമായ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും ബ്രിട്ടന് ചില പങ്കാളിത്തമുണ്ടാകും. എന്നാല്‍ നിയമങ്ങളില്‍ വോട്ടുചെയ്യാനുള്ള അവകാശം ലഭിക്കില്ല.യൂറോപ്യന്‍ കമ്മിഷന്റെ യോഗങ്ങളിലും വിദഗ്ധ സമിതികളിലും നിരീക്ഷകനായി പങ്കെടുക്കാന്‍ ബ്രിട്ടനെ ക്ഷണിക്കും. അടിയന്തര ഭക്ഷ്യസുരക്ഷാ ആസൂത്രണത്തിലും പങ്കാളിയാകാം. എന്നാല്‍ തീരുമാനമെടുക്കാനുള്ള വോട്ടവകാശം ഉണ്ടായിരിക്കില്ല.
യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളുമായി ബ്രിട്ടീഷ് നിയമങ്ങള്‍ പൊരുത്തപ്പെടുത്താന്‍ മന്ത്രിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. പാര്‍ലമെന്റിന്റെ വിശദമായ പരിശോധന കൂടാതെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ അനുവദിക്കുന്ന ഹെന്റി എട്ടാമന്‍ അധികാരങ്ങള്‍ എന്നറിയപ്പെടുന്ന പ്രത്യേക അധികാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ബ്രക്സിറ്റ് ചര്‍ച്ച വീണ്ടും സജീവമാകുമ്പോള്‍
യൂറോപ്യന്‍ യൂണിയനുമായുള്ള പുതിയ കരാറുകള്‍ പ്രായോഗികമായ നടപടികളാണെന്നും ബ്രിട്ടന്റെ നിലപാടില്‍ വലിയ മാറ്റത്തിനുള്ള മുന്നോടിയല്ലെന്നും പ്രധാനമന്ത്രി നേരത്തെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.
യൂറോപ്യന്‍ യൂണിയനില്‍ വീണ്ടും ചേരുന്ന കാര്യം ജനഹിതപരിശോധനയില്ലാതെ പരിഗണിക്കാനാവില്ലെന്ന് ആന്‍ഡി ബേണ്‍ഹാം വ്യക്തമാക്കി. ബ്രെക്സിറ്റ് ചര്‍ച്ച വീണ്ടും തുറക്കരുതെന്ന് ചില മുന്‍ പ്രധാനമന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അവര്‍ പഴയകാല ചിന്താഗതിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നായിരുന്നു ബേണ്‍ഹാമിന്റെ പ്രതികരണം.
യൂറോപ്പിനെക്കുറിച്ച് നിരന്തരം ചര്‍ച്ചയുണ്ടാക്കാന്‍ ലേബര്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.കരാറിന്റെ നേട്ടങ്ങള്‍ ബേണ്‍ഹാം പെരുപ്പിച്ചുകാട്ടുകയാണെന്നും ബ്രിട്ടനെ 2015ലെ സാഹചര്യത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും കെമി ബേഡനോക്ക് വിമര്‍ശിച്ചു.
ഭക്ഷ്യവ്യാപാരം, കാര്‍ബണ്‍ നികുതി, യുവജന പദ്ധതി
ബ്രിട്ടനില്‍ നിന്നുള്ള ഭക്ഷ്യകയറ്റുമതി, കാര്‍ബണ്‍ പുറന്തള്ളല്‍ വ്യാപാര പദ്ധതി, യുവജനങ്ങള്‍ക്ക് പരസ്പരം രാജ്യങ്ങളില്‍ താമസിച്ച് അനുഭവസമ്പത്ത് നേടാനുള്ള പദ്ധതി എന്നിവയാണ് കരാറിന്റെ പ്രധാന ഭാഗങ്ങള്‍.
ഇതില്‍ ഭക്ഷ്യവ്യാപാരവും കാര്‍ബണ്‍ പുറന്തള്ളല്‍ വ്യാപാരവും സംബന്ധിച്ച രണ്ടു കരാറുകളുടെ നിയമരേഖകളാണ് വ്യാഴാഴ്ച പുറത്തുവിട്ടത്. കരാര്‍ നടപ്പാക്കുന്നതിനുള്ള ചെലവുചുരുക്കല്‍ ബില്ലും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിലും വ്യവസായങ്ങളിലും കരാര്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്ന പുതിയ റിപ്പോര്‍ട്ടും പുറത്തിറക്കിയിട്ടുണ്ട്.
ഭക്ഷ്യകയറ്റുമതിക്കാര്‍ക്ക് കരാറിലൂടെ വലിയ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള സങ്കീര്‍ണമായ രേഖാപരിശോധനകളും അതിര്‍ത്തി പരിശോധനകളും ഒഴിവാക്കുന്നതോടെ വ്യാപാരച്ചെലവ് കുറയും. പ്രധാന കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 16 ശതമാനം വര്‍ധനയുണ്ടാകുമെന്ന് സര്‍ക്കാര്‍ നടത്തിയ ആഭ്യന്തര വിലയിരുത്തല്‍ പ്രവചിക്കുന്നു.
ഉല്‍പാദകര്‍ക്കും വ്യാപാരികള്‍ക്കും ചെലവ് കുറയുന്നതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്കും ലഭിക്കുമെന്നാണ് വ്യവസായ മേഖലയുടെയും സര്‍ക്കാരിന്റെയും പ്രതീക്ഷ. എന്നാല്‍ കടകളിലെ വിലയില്‍ ഇതിന്റെ വ്യക്തമായ പ്രതിഫലനം ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. മിഡില്‍ ഈസ്റ്റ് യുദ്ധത്തെ ത്തുടര്‍ന്നുണ്ടായ ഊര്‍ജവില വര്‍ധന ഉള്‍പ്പെടെ ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങള്‍ ഇതിനെ ബാധിക്കാമെന്ന് വ്യവസായരംഗത്തെ ചിലര്‍ വിലയിരുത്തുന്നു.
കാര്‍ബണ്‍ വ്യാപാരത്തിലും സഹകരണം
ബ്രിട്ടന്റെയും യൂറോപ്യന്‍ യൂണിയന്റെയും കാര്‍ബണ്‍ പുറന്തള്ളല്‍ പദ്ധതികള്‍ പരസ്പരം ബന്ധിപ്പിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്. ഇതോടെ ബ്രിട്ടനിലെ വ്യോമയാന, സമുദ്രഗതാഗത മേഖലകളില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ സംവിധാനത്തിന്റെ പരിധിയില്‍ വരും.
ഭക്ഷ്യ-പാനീയ വ്യാപാരികള്‍ക്കുള്ള രേഖാപരമായ നടപടികള്‍ ഒഴിവാക്കാനും കാര്‍ബണ്‍ നികുതിയുമായി ബന്ധപ്പെട്ട ചെലവുകളില്‍ നിന്ന് കോടിക്കണക്കിന് പൗണ്ട് മൂല്യമുള്ള ബ്രിട്ടീഷ് കയറ്റുമതിയെ സംരക്ഷിക്കാനും കരാര്‍ സഹായിക്കുമെന്ന് യൂറോപ്യന്‍ കാര്യ മന്ത്രി ഹാമിഷ് ഫാല്‍ക്കണര്‍ അഭിപ്രായപ്പെട്ടു.
രണ്ട് പ്രധാന വ്യാപാര കരാറുകള്‍ നടപ്പാക്കാന്‍ ചെലവുചുരുക്കല്‍ ബില്‍ സഹായിക്കും. ഭക്ഷ്യ-പാനീയ വ്യാപാരികള്‍ക്കുള്ള കടലാസ് ജോലികള്‍ ഒഴിവാക്കാനും ഏറ്റവും വലിയ വ്യാപാര പങ്കാളിയുമായുള്ള ഇടപാടുകള്‍ ചെലവുകുറഞ്ഞതും എളുപ്പമുള്ളതുമാക്കാനും ഇതിലൂടെ കഴിയുമെന്നുംഅദ്ദേഹം വ്യക്തമാക്കി.




