സംസ്ഥാനത്ത് സ്വകാര്യ-വിദേശ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകുന്ന ‘കേരള നോളജ് വാലി’ ബിൽ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവ ഏകോപിപ്പിച്ച് പ്രത്യേക സോണുകളായി ‘കേരള നോളജ് വാലി’ യാഥാർത്ഥ്യമാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ. നിക്ഷേപകർക്കായി ഏകജാലക സംവിധാനം, പത്ത് വർഷത്തേക്ക് സ്റ്റാമ്പ് ഡ്യൂട്ടി-നികുതി ഇളവുകൾ, ഭൂമി ലഭ്യമാക്കാനുള്ള വ്യവസ്ഥകൾ എന്നിവയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

തിരുവനന്തപുരം: സ്വകാര്യ-വിദേശ സർവകലാശാലകൾക്ക് സംസ്ഥാനത്ത് പ്രവർത്തനാനുമതി നൽകുന്ന സ്വകാര്യ സർവ്വകലാശാലാ ബിൽ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.
സംസ്ഥാനത്തിൻെറ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് കേരള സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) ‘കേരള നോളജ് വാലി (സൗകര്യമൊരുക്കലും വികസനവും) ബിൽ എന്ന് നാമകരണം ചെയ്തിരിക്കുന്ന നിയമനിർമ്മാണം.
വിദേശ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേരളത്തിൽ ക്യാമ്പസുകൾ തുടങ്ങാൻ അനുമതി നൽകുന്ന സുപ്രധാന വ്യവസ്ഥകളുമായാണ് സർക്കാർ ബിൽ തയ്യാറാക്കിയിരിക്കുന്നത്.
വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രത്യേക സോണുകളായി ‘കേരള നോളജ് വാലി’ യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്വകാര്യ-വിദേശ സർവകലാശാലകൾക്ക് ഈ പ്രത്യേക സോണുകൾക്കുള്ളിൽ ക്യാമ്പസുകളോ പഠന കേന്ദ്രങ്ങളോ സ്ഥാപിക്കാനാകും.
മുഖ്യമന്ത്രി വി.ഡി.സതീശൻെറ മുൻകൈയ്യിൽ തയാറാകുന്ന യുഡിഎഫ് സർക്കാരിൻെറ സുപ്രധാന നിയമനിർമ്മാണമാണിത്. മുഖ്യമന്ത്രി അവതരിപ്പിച്ച ആദ്യ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് നോളജ് വാലി.
വിദേശ സർവകലാശാലകൾക്കൊപ്പം മറ്റ് വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ത്യൻ സർവകലാശാലകളുമായി ചേർന്നുള്ള സംയുക്ത സംരംഭങ്ങൾക്കും പ്രവർത്തിക്കാൻ അനുമതി നൽകും.
യുജിസി മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വിദേശ സർവകലാശാലകൾ സ്ഥാപിക്കാൻ ഒരു സഹകരണ സംഘം രജിസ്റ്റർ ചെയ്യണം.
ഈ സൊസൈറ്റിയായിരിക്കും സർവകലാശാലയുടെ സ്പോൺസറിങ് ബോഡിയായി പ്രവർത്തിക്കുക.വിദേശ വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവർക്ക് വിസ, വർക്ക് പെർമിറ്റ്, താമസാനുമതി എന്നിവയ്ക്കുള്ള രേഖകൾ തയ്യാറാക്കുന്നതിന് സർക്കാർ ആവശ്യമായ സഹായങ്ങൾ നൽകും.
സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനായി 20 ഏക്കർ വരെയുള്ള സർക്കാർ പുറമ്പോക്ക് ഭൂമി കമ്പോള വില ഈടാക്കി പതിച്ചു നൽകും. കമ്പോള വിലയ്ക്ക് ഭൂമി പാട്ടത്തിന് നൽകുന്നതും പരിഗണക്കും.
സർവകലാശാല സ്ഥാപിക്കുന്നതിനുള്ള 100 ഏക്കർ വരെയുള്ള ഭൂമിക്ക് ആദ്യ പത്ത് വർഷത്തേക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലും പൂർണ്ണ ഇളവ് ലഭിക്കും.
നോളജ് വാലി ഏരിയയ്ക്കുള്ളിൽ ഭൂമി-കെട്ടിട കൈമാറ്റത്തിനും പാട്ടത്തിനും ആദ്യ 10 വർഷത്തേക്ക് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇളവുകൾക്ക് പുറമെ കെട്ടിട-വസ്തു നികുതി ഇളവും അനുവദിക്കും.
പദ്ധതികൾക്കായി സർക്കാർ ഭൂമി പാട്ടത്തിന് നൽകുന്നതിനൊപ്പം സ്വകാര്യ ഭൂമി ‘ലാൻഡ് പൂളിങ്’ വഴി ഏറ്റെടുക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. നിക്ഷേപകർക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക സംവിധാനം ഏർപ്പെടുത്തുകയും ഭൂവിനിയോഗ അനുമതികൾ വേഗത്തിലാക്കുകയും ചെയ്യും.
നോളജ് വാലിയുടെ നടത്തിപ്പിനും ഏകോപനത്തിനുമായി പ്രത്യേക അതോറിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി ചെയർപേഴ്സണാകുന്ന അതോറിറ്റിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി, വ്യവസായ-ഐടി മന്ത്രി, കായിക മന്ത്രി എന്നിവർ വൈസ് ചെയർപേഴ്സൺമാരായിരിക്കും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനൊപ്പം വ്യവസായ-ഗവേഷണ മേഖലകളിൽ വൻതോതിലുള്ള നിക്ഷേപം ആകർഷിക്കാനും പുതിയ നിയമനിർമ്മാണത്തിലൂടെ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.




