
കോൺഗ്രസ്സിൽ ഇപ്പോൾ മുഖ്യമന്ത്രിസ്ഥാന മോഹികളെ കൊണ്ട് വലിയ തല്ലാണ് നടക്കുന്നത്. ഈ പോക്ക് പോയാൽ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പരസ്പരം തല്ലി തീരുന്ന സാഹചര്യമാണുള്ളത്.
മുഖ്യമന്ത്രി സ്ഥാനമോഹികൾ ഇപ്പോൾ മൂന്നിൽ നിന്നും ഏഴായി ഉയർന്നിട്ടുണ്ട്. ആദ്യ പേരുകാരൻ ഇതിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റേത് തന്നെയാണ്. പ്രതിപക്ഷ നേതാവാണ് പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആകേണ്ടത് എന്നാണ് അദ്ദേഹം കരുതുന്നത്.
രണ്ടാമത്തെയാൾ, രമേശ് ചെന്നിത്തലയാണ് കെ.പി.സി.സി അദ്ധ്യക്ഷനായും പ്രതിപക്ഷ നേതാവായും… മന്ത്രിയായും, എല്ലാം
പ്രവർത്തിച്ച പാരമ്പര്യവും, ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്നവരേക്കാൾ പാർട്ടിയിൽ സീനിയർ ആണ് എന്നതുമാണ് ചെന്നിത്തല മുന്നോട്ട് വയ്ക്കുന്ന വാദം.
മൂന്നാമത്തെയാൾ, കെ.സി വേണുഗോപാലാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ, പ്രസിഡൻ്റു കഴിഞ്ഞാൽ, രണ്ടാമത്തെ വലിയ പദവിയായ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്നത് തന്നെയാണ് തൻ്റെ മെറിറ്റായി കെ.സി വേണുഗോപാൽ കരുതുന്നത്.
അടുത്തയാൾ കൊടിക്കുന്നിൽ സുരേഷാണ്. ഏറ്റവും കൂടുതൽകാലം പാർലമെൻ്റ് അംഗമായ ആൾ എന്നതും, അടിസ്ഥാന വർഗ്ഗത്തിൽ നിന്നും വരുന്ന നേതാവാണ് എന്നതുമാണ്, തൻ്റെ യോഗ്യതയായി മുഖ്യമന്ത്രി പദത്തിനായി കൊടുക്കുന്നിൽ കാണുന്നത്.
അഞ്ചാമത്തെ നേതാവ് നമ്മുടെ ശശി തരൂരാണ്. വിശ്വ പൗരനായ തരൂരിന് ഇല്ലാത്ത യോഗ്യതകൾ ഇല്ലല്ലോ ? യു.എൻ മുൻ അണ്ടർ സെക്രട്ടറി, മുൻ കേന്ദ്രമന്ത്രി… തുടങ്ങി…കോൺഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച വർക്കിങ് കമ്മറ്റി അംഗം എന്ന ബഹുമതി വരെ തരൂരിനുണ്ട്. കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിനും കെ.പി.സി.സി നേതൃത്വത്തിനും താൽപര്യമില്ല എന്നതാണ്, തരൂർ നേരിടുന്ന വെല്ലുവിളി. മോദി ഭക്തനായ അദ്ദേഹം, കോൺഗ്രസ്സ് തഴഞ്ഞാൽ, ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനും സാധ്യത ഏറെയാണ്.
ലിസ്റ്റിൽ സുധാകരനും സണ്ണി ജോസഫും
ഇനി പറയാനുള്ളത് ആറാമത്തെയും ഏഴാമത്തെയും ആളുകളെ കുറിച്ചാണ്. അത് കെ സുധാകരനും, കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫുമാണ്. ഇവരുടെ മുഖ്യമന്ത്രി പദമോഹം അടുത്തയിടെ തുടങ്ങിയതാണ്. സതീശനും ചെന്നിത്തലയും കെസിയും ഉൾപ്പെടെ മറ്റ് മുഖ്യമന്ത്രി സ്ഥാന മോഹികൾ എല്ലാം തമ്മിലടിക്കുമ്പോൾ, ഇതിനിടയിലൂടെ എങ്ങനെയെങ്കിലും നുഴഞ്ഞു കയറി മുഖ്യനാകാൻ പറ്റുമോ എന്നതാണ് ഇവർ നോക്കുന്നത്. അതു കൊണ്ടാണ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന ആഗ്രഹം സണ്ണി ജോസഫ് പോലും ഇപ്പോൾ പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത്.

യു.ഡി.എഫിന് എങ്ങാൻ നിയമസഭയിൽ ഭൂരിപക്ഷം ലഭിച്ചാൽ, ഈ ഏഴുപേരും ചേർന്ന് ഉണ്ടാക്കാൻ പോകുന്ന തർക്കവും പാരവയ്പും അടിപിടിയിൽ കലാശിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
ഈ പറഞ്ഞ ഏഴുപേരല്ലാതെ, വേറെയും ചില പേരുകൾ ഉയർന്നു വരാൻ സാധ്യതയുണ്ട്. കാരണം, എം.പിമാർ ആരും മത്സരിക്കരുത് എന്ന അഭിപ്രായം ആദ്യം പറഞ്ഞത് ബെന്നി ബെഹന്നാൻ എം.പിയാണ്. താൻ മത്സരിക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ടു തന്നെയാണ്, ഇത്തരം ഒരു ആവശ്യം അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്. അത് കെ.സി വേണുഗോപാലിൻ്റെ വഴിമുടക്കാനാണ് എന്നാണ് എനിക്ക് തോന്നുന്നത്. എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഇപ്പോൾ ഒരേ പാതയിലാണ് നീങ്ങുന്നത്. കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ നമ്മൾ കണ്ടതും അതു തന്നെയാണ്. ദീപ്തി മേരി വർഗ്ഗീസിന് മേയറാകാൻ പറ്റാതിരുന്നത്, കെ.സി ഗ്രൂപ്പുകാരി ആണ് എന്ന ഒറ്റ കാരണം കൊണ്ടാണ്. സഭയുടെ ഇടപെടലെല്ലാം, ഇതിനു വേണ്ടി തന്നെ മനപൂർവ്വം, എ- ഐ ഗ്രൂപ്പുകൾ കൊണ്ടു വന്നിട്ടുള്ളതാണ്.
ഇതെല്ലാം കൃത്യമായി അറിയാവുന്ന കെ.സി വേണുഗോപാലിന്, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലന്ന് ഉറപ്പായാൽ, അദ്ദേഹം മറ്റ് ചില താപ്പാനകളെ രംഗത്തിറക്കാൻ സാധ്യതയുണ്ട്. അതിൽ ഒന്ന് വി.എം സുധീരനാണ്. രണ്ടാമത്തെയാൾ മുല്ലപ്പള്ളി രാമചന്ദ്രനാണ്, മൂന്നാമത്തെയാൾ പി.ജെ കുര്യനാണ്. ഇവർ കൂടി മത്സരിച്ച് ജയിക്കുകയും യു.ഡി.എഫിന് ഭരണം ലഭിക്കുകയും ചെയ്താൽ ചെന്നിത്തലയും വിഡി സതീശനുമാണ് പ്രതിരോധത്തിലായി പോവുക.
വി.എം സുധീരൻ ഉയർന്നു വരുമോ ?
മുല്ലപ്പള്ളിയും പി.ജെ കുര്യനും മത്സരിച്ചാലും ഇല്ലെങ്കിലും, വി.എം സുധീരൻ മത്സരിക്കാനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലന്ന നിലപാടിൽ സുധീരൻ ഉറച്ച് നിൽക്കുന്നുണ്ടെങ്കിലും, രാഹുൽ ഗാന്ധി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ തീർച്ചയായും സുധീരൻ മത്സരിക്കുക തന്നെ ചെയ്യും. കെ.സി വേണുഗോപാലനുമായും വി.ഡി സതീശനുമായും വളരെ അടുത്ത ബന്ധം പുലർത്തുന്ന വി.എം സുധീരൻ്റെ പേര് , അധികാരം ലഭിച്ചാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻ്റ് മുന്നോട്ട് വച്ചാൽ, രമേശ് ചെന്നിത്തലയ്ക്ക് പോലും അതിനെ എതിർക്കാൻ പറ്റാത്ത ഒരു സാഹചര്യമാണുണ്ടാകുക.
കെസിയുടെ കാര്യം പരുങ്ങലിൽ
പണ്ട് കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവയ്പ്പിച്ച്, ഡൽഹിയിൽ നിന്നും പറന്നിറങ്ങി എ.കെ ആൻ്റണി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത് പോലുള്ള ഒരു സാഹചര്യം, എന്തു തന്നെ ആയാലും ഇത്തവണ നടക്കാൻ പോകുന്നില്ല.
എ.കെ ആൻ്റണിയല്ല കെ.സി വേണുഗോപാൽ എന്നത് നാം മനസ്സിലാക്കണം. അന്നത്തെ സാഹചര്യവുമല്ല ഇന്നുള്ളത്. ആൻ്റണി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്, മുസ്ലീംലീഗിൻ്റെ കോട്ടയായ തിരുരങ്ങാടിയിലാണ്. കെ.സി യ്ക്ക് വേണ്ടി ലീഗ് ഇനി മണ്ഡലം വിട്ട് കൊടുക്കാൻ ലീഗ് തയ്യാറാകില്ല. ഇനി, കോൺഗ്രസ്സിൻ്റെ ഏതെങ്കിലും ഉറച്ച സീറ്റിൽ നിന്ന് മത്സരിച്ച് ജയിക്കാമെന്ന കണക്ക് കൂട്ടലിൽ മുന്നോട്ട് പോയാൽ, അവിടെ സകല ഗ്രൂപ്പുകളും ചേർന്ന് കാല് വാരി കെ.സിയെ തോൽപ്പിക്കുകയും ചെയ്യും. അത്തരം ഒരു സാഹചര്യം കെ.സിക്ക് ഉണ്ടാവാതിരിക്കട്ടെ എന്നു മാത്രം തൽക്കാലും നമുക്ക് ആഗ്രഹിക്കാം. അത്രമാത്രമേ തൽക്കാലം പറയാനൊള്ളൂ…
EXPRESS VIEW
വീഡിയോ കാണാം…
The post കോൺഗ്രസ്സിൽ മുഖ്യമന്ത്രി സ്ഥാന മോഹികൾ ഏഴ് ? തർക്കമുണ്ടായാൽ ഹൈക്കമാണ്ടിൻ്റെ മനസ്സിൽ ആ പേരും… appeared first on Express Kerala.



