
മനുഷ്യനെ വഹിച്ചുകൊണ്ടുള്ള നാസയുടെ ചരിത്രപ്രധാനമായ ആർട്ടിമിസ് 2 ദൗത്യം ഈ ഫെബ്രുവരിയിൽ നടക്കും. 1972-ലെ അപ്പോളോ 17-ന് ശേഷം ആദ്യമായാണ് മനുഷ്യൻ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്ര തിരിക്കുന്നത്. നാസയുടെ ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വൈസ്‌മാൻ, കനേഡിയൻ സ്‌പേസ് ഏജൻസിയുടെ ജെറെമി ഹാൻസൻ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ഈ ദൗത്യത്തിലുള്ളത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ യാത്രയിൽ, സംഘം ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് മടങ്ങും. 2022-ൽ വിജയകരമായി പൂർത്തിയാക്കിയ ആർട്ടിമിസ് 1 എന്ന ആളില്ലാ ദൗത്യത്തിന്റെ തുടർച്ചയായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ചന്ദ്രോപരിതലത്തിൽ മനുഷ്യനെ വീണ്ടും ഇറക്കുന്നതിനുള്ള നാസയുടെ വമ്പൻ പദ്ധതിയിലെ ഏറ്റവും നിർണ്ണായകമായ ഘട്ടമാണ് ആർട്ടിമിസ് 2. ഈ ദൗത്യം വിജയകരമാകുന്നതോടെ 2027-ഓടെയോ 2028-ഓടെയോ നടക്കാനിരിക്കുന്ന ആർട്ടിമിസ് 3 ദൗത്യത്തിലൂടെ മനുഷ്യന് വീണ്ടും ചന്ദ്രനിൽ കാലുകുത്താൻ സാധിക്കും. നിലവിലെ ദൗത്യം ചന്ദ്രനിൽ ഇറങ്ങുന്നില്ലെങ്കിലും, പേടകത്തിന്റെ സുരക്ഷയും സാങ്കേതിക വിദ്യകളും പരീക്ഷിക്കുന്നതിലൂടെ ഭാവിയിലെ ദീർഘകാല ചാന്ദ്ര പര്യവേഷണങ്ങൾക്കും ചൊവ്വാ ദൗത്യങ്ങൾക്കും ഇത് അടിത്തറപാകും.
The post അഞ്ച് പതിറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ചരിത്രം കുറിക്കാൻ ‘ആർട്ടിമിസ് 2’ ഫെബ്രുവരിയിൽ! appeared first on Express Kerala.



