
ലിവ്-ഇൻ പങ്കാളി ഉൾപ്പെടെ രണ്ട് യുവതികളെ കൊലപ്പെടുത്തിയ കേസിൽ റഷ്യൻ വിനോദസഞ്ചാരിയായ അലെക്‌സി ലിയോനൊവിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ വടക്കൻ ഗോവയിലെ അരംബോളിൽ നിന്നാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. പ്രതിയുടെ ലിവ്-ഇൻ പങ്കാളിയായ എലെന കസാത്തനോവയെ ഇവർ താമസിച്ചിരുന്ന വാടകമുറിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് നടുക്കുന്ന കൊലപാതക വിവരങ്ങൾ പുറംലോകമറിഞ്ഞത്.
താമസസ്ഥലത്തെ വീട്ടുടമസ്ഥനാണ് എലെനയുടെ മൃതദേഹം ആദ്യം കണ്ടത്. കൈകൾ പിന്നിലേക്ക് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. പോലീസിന്റെ ചോദ്യം ചെയ്യലിൽ എലെന വനീവ എന്ന മറ്റൊരു യുവതിയെക്കൂടി താൻ കൊലപ്പെടുത്തിയതായി അലെക്‌സി സമ്മതിച്ചു. മോർജിമിൽ വെച്ച് നടത്തിയ രണ്ടാമത്തെ കൊലപാതകത്തിന് ശേഷം മൃതദേഹം ഇയാൾ ഒളിപ്പിക്കുകയായിരുന്നു. പ്രതി തന്നെ കാണിച്ചുകൊടുത്ത സ്ഥലത്തുനിന്നും പോലീസ് രണ്ടാമത്തെ മൃതദേഹവും കണ്ടെടുത്തു. 2024 മുതൽ ഗോവയിൽ താമസിച്ചുവരികയായിരുന്നു അലെക്‌സിയും കൊല്ലപ്പെട്ട എലെന കസാത്തനോവയും. രണ്ട് യുവതികളെയും കൊലപ്പെടുത്തിയതിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post ഗോവയിൽ റഷ്യൻ വിനോദസഞ്ചാരിയുടെ ക്രൂരത; ലിവ്-ഇൻ പങ്കാളി ഉൾപ്പെടെ രണ്ട് യുവതികളെ കൊലപ്പെടുത്തി, പ്രതി പിടിയിൽ appeared first on Express Kerala.



