
ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബുർജ് ഖലീഫ-ദുബായ് മാൾ മെട്രോ സ്റ്റേഷൻ അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വൻ വർധനവ് കണക്കിലെടുത്ത് സ്റ്റേഷന്റെ യാത്രാശേഷി 65 ശതമാനമായി വർധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) പ്രമുഖ നിർമ്മാണ കമ്പനിയായ എമാർ പ്രോപ്പർട്ടീസും തമ്മിൽ ദുബായ് അന്താരാഷ്ട്ര പ്രൊജക്റ്റ് മാനേജ്‌മെന്റ് ഫോറത്തിൽ വെച്ച് കരാർ ഒപ്പിട്ടു. നവീകരണം പൂർത്തിയാകുന്നതോടെ സ്റ്റേഷന്റെ വിസ്തീർണം നിലവിലുള്ള 6700 ചതുരശ്ര മീറ്ററിൽ നിന്നും 8500 ചതുരശ്ര മീറ്ററായി ഉയരും.
Also Read: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
യാത്രക്കാർക്ക് കൂടുതൽ സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി സ്റ്റേഷൻ പ്രവേശന കവാടം, പ്ലാറ്റ്‌ഫോമുകൾ, നടപ്പാതകൾ, വാണിജ്യ മേഖലകൾ എന്നിവ അടിമുടി പരിഷ്കരിക്കും. പുതിയ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും സജ്ജമാക്കുന്നതോടെ മണിക്കൂറിൽ 7250 ആയിരുന്ന യാത്രാശേഷി 12,320 ആയി വർധിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിദിനം 2,20,000 യാത്രക്കാരെ ഉൾക്കൊള്ളാൻ ഈ സ്റ്റേഷന് സാധിക്കും. പൊതു അവധി ദിവസങ്ങളിലും പുതുവർഷാഘോഷ വേളകളിലും ഡൗൺടൗൺ ദുബായിൽ അനുഭവപ്പെടുന്ന കനത്ത തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കാൻ ഈ വിപുലീകരണത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദുബായിലെ സാമ്പത്തിക-വിനോദസഞ്ചാര മേഖലകൾക്ക് ഈ വികസനം വലിയ കരുത്തേകുമെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഏഴര ശതമാനം വളർച്ച 2040 വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ് മാൾ സന്ദർശകരിൽ ഭൂരിഭാഗവും മെട്രോയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, ഈ വിപുലീകരണം നഗരത്തിന്റെ സുസ്ഥിര വളർച്ചയ്ക്ക് അനിവാര്യമാണെന്ന് എമാർ സ്ഥാപകൻ മുഹമ്മദ് അലബ്ബാർ വ്യക്തമാക്കി. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കുന്ന ഈ പദ്ധതി ബുർജ് ഖലീഫയിലേക്കും ദുബായ് മാളിലേക്കുമുള്ള പ്രവേശനം കൂടുതൽ ലളിതമാക്കും.
The post ദുബായ് മെട്രോയുടെ മുഖച്ഛായ മാറുന്നു; ബുർജ് ഖലീഫ-ദുബായ് മാൾ സ്റ്റേഷൻ ഇനി കൂടുതൽ വികസിപ്പിക്കും appeared first on Express Kerala.



