
നിലമ്പൂര്‍: പ്രയാസങ്ങള്‍ അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് കൈതാങ്ങാകുന്ന ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള എം.എല്‍.എ ആര്‍ദ്രം പദ്ധതിക്ക് നിലമ്പൂരില്‍ തുടക്കമായി. 16 പേര്‍ക്ക് ഇലക്ട്രിക് വീല്‍ചെയറുകളും വീട് പണി പൂര്‍ത്തീകരിക്കാതെ പ്രയാസമനുഭവിക്കുന്ന 8 കുടുംബങ്ങള്‍ക്ക് പണി പൂര്‍ത്തീകരിക്കുന്നതിനായി 50,000 രൂപ വീതവും വിതരണം ചെയ്ത് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചലനശേഷിയില്ലാതെ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒറ്റപ്പെട്ടവരുടെ ദുരിതം തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നേരിട്ടറിഞ്ഞിരുന്നതായി ഷൗക്കത്ത് പറഞ്ഞു.
വീടുപണി പൂര്‍ത്തിയാക്കാനാവാത്തവരുടെ പ്രയാസങ്ങളും വേദനിപ്പിക്കുന്നതായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ഇവര്‍ക്ക് സഹായമെത്തിക്കുന്നതിന് ഏറെ സാങ്കേതിക നൂലാമാലകളും സമയവും വേണ്ടിവരും. ഇതിന് പരിഹാരമായാണ് സുമനസുകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമാകാന്‍ എം.എല്‍.എ ആര്‍ദ്രം പദ്ധതിക്ക് തുടക്കമിട്ടത്. ഒരു രൂപ പോലും ആരില്‍ നിന്നും പണമായി സംഭാവന വാങ്ങാതെ അര്‍ഹതപ്പെട്ട പാവപ്പെട്ടവര്‍ക്ക് നേരിട്ട് ഉപകരണങ്ങളും സഹായവും എത്തിക്കുന്നതാണ് പദ്ധതി. ജാതി, മത രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരുടെ പിന്തുണയോടെയും സഹായത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉറ്റവര്‍ എടുത്തും വാഹനങ്ങളിലുമെത്തിച്ചവര്‍ നിറഞ്ഞ ചിരിയോടെ ഇലക്ട്രിക് വീല്‍ ചെയറില്‍ സ്വയം മടങ്ങിയത് മനം നിറയുന്ന കാഴ്ചയായിരുന്നു.
Also Read: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസ്; വിധി പകർപ്പ് പുറത്ത്
കിംസ് ഹെല്‍ത്ത് കെയര്‍ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 10 വീല്‍ ചെയറുകളും ഐ.ഡി.എഫ്.സി 6 വീല്‍ ചെയറുകളും നല്‍കി. 75,000 രൂപ വീതം വിലവരുന്നതാണ് ഓരോ വീല്‍ ചെയറും. വീട് പണി പൂര്‍ത്തീകരിക്കാതെ പ്രയാസമനുഭവിക്കുന്ന 8 കുടുംബങ്ങള്‍ക്ക് പണി പൂര്‍ത്തീകരിക്കുന്നതിനായി 50,000 രൂപ വീതം മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമെണ്ട്സിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നാണ് അനുവദിച്ചത്. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ആധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍.എ കരീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി മാമ്പ്ര, നഗരസഭ വൈസ് ചെയര്‍മാന്‍ കൂമഞ്ചേരി ഷൗക്കത്തലി, പാലോളി മെഹബൂബ്, എ.ഗോപിനാഥ്, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് സോണല്‍ മേധാവി ടി.ക അഷ്മര്‍, പാലക്കാട് ഷോറൂം മേധാവി എ.ടി അബ്ദുല്‍നാസര്‍, നിലമ്പൂര്‍ ഷോറൂം മേധാവി എം.ജുനൈസ്, ഐ.ഡി.എഫ്.സി പ്രതിനിധി സമീന എബി തോമസ്, ഉബൈദ് കാക്കീരി, യു.നരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
The post കാരുണ്യത്തിന്റെ കൈതാങ്ങായി എം.എല്‍.എ; ആര്‍ദ്രം പദ്ധതിക്ക് നിലമ്പൂരില്‍ തുടക്കമായി appeared first on Express Kerala.



