
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനെ ഗോൾരഹിത സമനിലയിൽ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ് . നോട്ടിംഗ്ഹാമിന്റെ തട്ടകത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഒൻപതാക്കി ഉയർത്താനുള്ള സുവർണ്ണാവസരമാണ് ഇതോടെ ആഴ്‌സണലിന് നഷ്ടമായത്. ലീഗിൽ ആഴ്‌സണൽ തുടർച്ചയായി വഴങ്ങുന്ന രണ്ടാം സമനിലയാണിത്. നിലവിൽ 22 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി ആഴ്‌സണൽ ഒന്നാമതും 43 പോയിന്റുമായി സിറ്റി രണ്ടാമതുമാണ്.
മറ്റൊരു മത്സരത്തിൽ കരുത്തരായ ലിവർപൂളിനെയും ബേൺലി സമനിലയിൽ കുരുക്കി. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. 42-ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സിലൂടെ ലിവർപൂൾ മുന്നിലെത്തിയെങ്കിലും 65-ാം മിനിറ്റിൽ മാർകസ് എഡ്വേർഡ്‌സിലൂടെ ബേൺലി തിരിച്ചടിച്ചു. പ്രീമിയർ ലീഗിൽ ലിവർപൂൾ വഴങ്ങുന്ന തുടർച്ചയായ നാലാം സമനിലയാണിത്. വമ്പൻ ടീമുകൾ പോയിന്റ് നഷ്ടപ്പെടുത്തിയത് ലീഗ് ടേബിളിലെ പോരാട്ടം കൂടുതൽ പ്രവചനാതീതമാക്കിയിരിക്കുകയാണ്.
The post പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് സമനിലക്കുരുക്ക്; ആഴ്‌സണലിനെ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ് appeared first on Express Kerala.



